ഇന്ത്യൻ വംശജനായ റിഷി സുനാക്ക് ബോറിസിന്റെ മന്ത്രിസഭയിലെ സൂപ്പർ മിനിസ്റ്റർ ആകാൻ സാധ്യത. ബ്രിട്ടന്റെ ഭാവി പ്രധാനമന്ത്രിയെന്നും പ്രവചനം.
കഴിഞ്ഞ പാർലമെൻറ് ഇലക്ഷനിൽ ബോറിസ് ജോൺസന്റെ വലംകൈയായി നിന്ന് വിവിധ ഡിബേറ്റുകളിൽ ബോറിസിന്റെ നയങ്ങളെ വ്യക്തമായി വിശദീകരിക്കുകയും വിമർശനങ്ങളെ യഥാർത്ഥ്യങ്ങൾ നിരത്തി പ്രതിരോധിക്കുകയും ചെയ്ത റിഷി സുനാക്ക് അടുത്തു വരുന്ന മന്ത്രിസഭാ വികസനത്തിൽ പ്രധാന പോസ്റ്റിൽ അവരോധിക്കപ്പെടാൻ സാധ്യത. ട്രഷറിയുടെ ചീഫ് സെക്രട്ടറിയാണ് ഇന്ത്യൻ വംശജനായ അദ്ദേഹമിപ്പോൾ. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന മന്ത്രിസഭാ വികസനത്തിൽ ഒരു ബിസിനസ് സൂപ്പർ മിനിസ്ട്രി രൂപീകരിക്കപ്പെടുമെന്നും അതിൽ ഫുൾ ക്യാബിനറ്റ് റാങ്കോടെ റിഷിയെ പ്രൊമോട്ട് ചെയ്യണമെന്നുമാണ് കൺസർവേറ്റീവ് പാർട്ടിയുടെ ഉന്നത നേതാക്കൾ ആഗ്രഹിക്കുന്നത്.
സൗതാംപ്ടണിൽ ജനിച്ച റിഷി സുനാക്കിന്റെ മാതാപിതാക്കൾ പഞ്ചാബി വംശജരാണ്. പിതാവ് ഫാമിലി ഡോക്ടറും മാതാവ് ഫാർമസിസ്റ്റുമായിരുന്നു. ബ്രിട്ടണിലെ ഏറ്റവും പ്രശസ്തമായ പ്രൈവറ്റ് സ്കൂളുകളിൽ ഒന്നായ വിഞ്ചസ്റ്റർ സ്കൂളിലാണ് അദ്ദേഹം വിദ്യാഭ്യാസം നടത്തിയത്. ഇവിടെ നിന്നും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ചേർന്ന റിഷി ഫിലോസഫി, പൊളിറ്റിക്സ്, എക്കണോമിക്സ് എന്നിവയിൽ ഫസ്റ്റ് ക്ലാസ് ബിരുദം നേടി. തുടർന്ന് യുഎസിലെ സ്റ്റാൻസ്ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേർസും കരസ്ഥമാക്കി.
ഇന്ത്യയിലെ ഔട്ട്സോഴ്സിംഗ് ഭീമനായ ഇൻഫോസിസിന്റെ സ്ഥാപകനായ നാരായണ മൂർത്തിയുടെ മകളായ അക്ഷതയാണ് റിഷിയുടെ പത്നി. നോർത്ത് യോർക്ക് ഷയറിലെ റിച്ച്മണ്ട് സീറ്റിൽ നിന്നാണ് 2015 ൽ അദ്ദേഹം ആദ്യമായി പാർലമെൻറിലേയ്ക്ക് വിജയിക്കുന്നത്. കൺസർവേറ്റീവ് പാർട്ടിയുടെ മുൻ നേതാവായ വില്യം ഹേഗിന്റെ സീറ്റാണിത്.