Wednesday, 22 January 2025

യുകെയിലേയ്ക്ക് വരാനിരിക്കുന്ന ഹെൽത്ത് പ്രഫഷണലുകൾക്ക് തിരിച്ചടിയായി ഇമിഗ്രേഷൻ ഹെൽത്ത് സർച്ചാർജ് വർദ്ധന. ഓരോ കുടുംബാംഗങ്ങൾക്കും വർഷം 400 പൗണ്ടായിരുന്നത് അടുത്ത വർഷം മുതൽ £625 ആക്കാൻ നീക്കം.

എൻഎച്ച്എസിലേയ്ക്ക് 50,000 പുതിയ നഴ്സുമാരെ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ റിക്രൂട്ട് ചെയ്യുമെന്ന വാഗ്ദാനവുമായി അധികാരത്തിലേറിയ ബോറിസ് ജോൺസൺ വിദേശ നഴ്സുമാർക്കും മറ്റു ഹെൽത്ത് പ്രഫഷണലുകൾക്കും ഏർപ്പെടുത്തിയിരിക്കുന്ന ഹെൽത്ത് സർച്ചാർജ് കുത്തനേ ഉയർത്താൻ പദ്ധതിയിടുന്നു. നിലവിൽ 400 പൗണ്ടായിരുന്നത് 625 പൗണ്ടായി ഉയർത്താനാണ് തീരുമാനമെന്നറിയുന്നു. യുകെയിലെ എൻഎച്ച് എസ് സർവീസ് ഉപയോഗിക്കുന്നതിന് ഈടാക്കുന്ന ഫീസാണിത്. ഇത് ഓരോ വർഷവും നൽകണം. അതായത് ഇന്ത്യയിൽ നിന്ന് ഒരു നഴ്സ് ഇവിടെ എത്തിയാൽ കൂടെ പാർട്ണറും രണ്ടു കുട്ടികളുമുണ്ടെങ്കിൽ 2500 പൗണ്ട് ഒരു വർഷം ഹെൽത്ത് സർച്ചാർജ് അടയ്ക്കണം.

കൂടുതൽ നഴ്സുമാരെ എൻഎച്ച്എസിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്നതിനൊപ്പം 6,000 ജനറൽ പ്രാക്ടീഷണർ ഡോക്ടമാരെയും അധികമായി എൻഎച്ച്എസിൽ എത്തിക്കുമെന്നാണ് ബോറിസിന്റെ വാഗ്ദാനം. ഇത്രയും നഴ്സുമാരെയും ഡോക്ടർമാരെയും ബ്രിട്ടണിൽ നിന്ന് ലഭിക്കുന്ന സാഹചര്യമില്ലാത്തതിനാൽ ഇന്ത്യാ, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിൽ നിന്ന് പ്രഫഷണലുകളെ കണ്ടെത്തേണ്ടതായുണ്ട്. ബ്രിട്ടണിൽ ജോലിയ്ക്കായി ശ്രമിക്കുന്ന വിദേശ നഴ്സുമാർക്കും ഡോക്ടർമാർക്കും കനത്ത സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്നതാണ് ഈ നീക്കമെന്ന് ദി കിംഗ്സ് ഫണ്ട് പറയുന്നു. ബ്രിട്ടണിലേയ്ക്ക് വരാൻ താത്പര്യമുള്ളവരെ പിന്തിരിപ്പിക്കുന്നതിനെ ഇത് സഹായിക്കൂ എന്ന് അവർ മുന്നറിയിപ്പ് നല്കി.

2015ൽ ആണ് കൺസർവേറ്റീവ് ഗവൺമെൻറ് ഹെൽത്ത് സർച്ചാർജ് ഏർപ്പെടുത്തിയത്. ആദ്യമിത് 200 പൗണ്ടായിരുന്നു. 2019 ൽ അത് 400 പൗണ്ടായി ഉയർത്തുകയായിരുന്നു. ബ്രിട്ടണിലെ ബാൻഡ് 5 നഴ്സിന്റെ ബേസിക് സാലറി വർഷം 24,000 ത്തോളം പൗണ്ടാണ്. അതിൽ നിന്ന് ഇത്രയും ഭീമമായ തുക ഹെൽത്ത് സർച്ചാർജ് നല്കേണ്ടി വന്നാൽ വൻ സാമ്പത്തിക ഞെരുക്കം അനുഭവിക്കേണ്ടതായും വരും. മൂന്നു വർഷത്തേയ്ക്കാണ് വിസയെങ്കിൽ അത്രയും കാലയളവിലെ സർച്ചാർജ് മുഴുവൻ ഒറ്റത്തവണ അടയ്ക്കുകയും വേണം. ഇതിനു പുറമേ വിസയ്ക്കുള്ള ഫീസ് ഓരോരുത്തർക്കും വെവ്വേറെ കൊടുക്കണം. യുകെയിലേയ്ക്ക് വരാൻ തയ്യാറെടുക്കുന്നവർക്ക് തെറ്റായ സന്ദേശം നല്കുന്ന നടപടിയാണ് സർച്ചാർജ് 625 പൗണ്ടാക്കിയ നടപടിയെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ചെയർ ചാന്ദ് നാഗ്പാൽ പറഞ്ഞു.

 Close

Other News