Thursday, 23 January 2025

മറന്നു വച്ചത് - ജിഷാ സുരേന്ദ്രൻ പയ്യന്നൂരിന്റെ കവിത

മറന്നു വച്ചത്

 

പിറകിലേക്കൊരു യാത്ര

പോകണം സഖീ!

ബാല്യകൗമാരങ്ങൾ

മയിൽപ്പീലി പോലൊളിച്ച

നോട്ടുബുക്കിലൊരു

താളിൽ നിറയുവാൻ.

നിന്നോടു ചേർന്നൊന്നി -

രിക്കണം സഖീ.

കെട്ടഴിഞ്ഞു ചിതറുന്ന വാക്കുകൾക്ക്

മറന്നതെന്തൊക്കെയോ

ചൊല്ലുവാനുണ്ടിനിയും.

നിന്റെ പിണക്കങ്ങളിലേക്ക്

ചിതറി വീണ നെല്ലിക്കാ -

മണം വീശുന്നോരിളം

കാറ്റിനെത്തേടി,

നടന്നു മതിവരാത്തോരിടനാഴി -

യിലിരുട്ടിന്റെ കൂട്ടായ -

പ്രാവിൻ കുറുകൽ തേടി.

അക്കിണർ ക്കരയിലേക്കോ ടുമ്പോൾ

തെറിച്ചു വീഴുന്നോരാ -

ച്ചോറ്റുപാത്രത്തിൻ താള-

മിനിയും കേൾക്കുവാൻ.

മടുപ്പിന്റെ ഉച്ചമയക്കങ്ങളി-

ലേക്കൂർ ന്നു വീഴുമ്പോൾ

ചൂരൽത്താളത്തിൽ

മേശയ്ക്കൊപ്പം വിറയ്ക്കുവാൻ.

ഉത്തരമറിയാച്ചോദ്യങ്ങളിൽ

പകച്ചുപോയ നിമിഷങ്ങൾ

അതെത്ര ചെറുതായിരുന്നുവെന്നീ

ജീവിത നൂൽപ്പാലം

കടക്കുമ്പോഴത്രേ

സുഖമാർന്നോരനുഭൂതിയായ്

മഴവില്ലുപോൽ വിരിഞ്ഞു നിൽപ്പൂ

എന്നിലെ എന്നെയും

നിന്നിലെ നിന്നെയും

മറന്നു വച്ചോരി ടനാഴികൾ

ഇനിയൊരു വസന്തം

വിരിയിക്കാതെ വിടചൊല്ലി

കാലചക്രവാളത്തിലേ-

ക്കാഴ്ന്നു പോയത്രേ!

Other News