യോർക്ക് സിറ്റി സെന്ററിൽ കാറുകൾക്ക് നിരോധനം വരുന്നു. 2030 ൽ സിറ്റി കാർബൺ ന്യൂട്രൽ ആകും.
യോർക്ക് സിറ്റി സെന്റർ കാർ രഹിത മേഖലയാക്കാൻ സിറ്റി ഓഫ് യോർക്ക് കൗൺസിൽ തീരുമാനിച്ചു. 2023 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. പ്രൈവറ്റ് കാറുകൾക്കാണ് നിരോധനം ഏർപ്പെടുത്തുന്നത്. അത്യാവശ്യമല്ലാത്ത കാർ യാത്രകൾ സിറ്റി സെൻററിൽ ഒഴിവാക്കണം എന്നതാണ് കൗൺസിലിന്റെ നയം. ലേബർ പാർട്ടി കൗൺസിലർ ജോണി ക്രോഷോ മുന്നോട്ടുവച്ച നിർദ്ദേശം ഭൂരിഭാഗം കൗൺസിലർമാരും അംഗീകരിക്കുകയായിരുന്നു. ലിബറൽ ഡെമോക്രാറ്റ് - ഗ്രീൻ പാർട്ടി സഖ്യമാണ് യോർക്ക് സിറ്റി കൗൺസിൽ ഭരിക്കുന്നത്.
ഡിസ് ഏബിൾഡ് റെസിഡന്റ്സിനെ കാർ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2030 ഓടെ സിറ്റി കാർബൺ ന്യൂട്രൽ ആക്കാനാണ് കൗൺസിൽ തീരുമാനം. സിറ്റിയിലെ എയർ ക്വാളിറ്റി വർദ്ധിപ്പിക്കാനും ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനും കാർ നിരോധനം കൊണ്ട് കഴിയും. പബ്ളിക് ട്രാൻസ്പോർട്ട് വേഗത്തിലാക്കാനും സൈക്കിളിസ്റ്റുകൾക്ക് സുരക്ഷിതമായ യാത്ര ചെയ്യാനും ഇതുമൂലം സാധിക്കും. കാർ നിരോധനത്തെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.