Wednesday, 22 January 2025

മലയാളത്തിൽ ആശംസ നേർന്ന് മലയാളികളുടെ കൈയ്യടി നേടി ഗിൽഫോർഡ് മേയർ; മാസ്മരിക കലാ പ്രകടനങ്ങളിൽ മനം നിറഞ്ഞ് യുക്മ പ്രസിഡൻറ് ; കാണികളെ വിസ്മയിപ്പിച്ച നൃത്തച്ചുവടുമായി യുക്മ ദേശീയ കലാപ്രതിഭ ; ഗിൽഫോർഡ് അയൽക്കൂട്ടം കൾച്ചറൽ അസ്സോസിയേഷന്റെ ക്രിസ്മസ് ന്യൂഈയർ ആഘോഷം പ്രൗഡോജ്ജ്വലമായി.

ലണ്ടൻ: ഗിൽഫോർഡ് അയൽക്കൂട്ടം കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്രിസ്മസ്-ന്യൂഇയർ ആഘോഷം പങ്കെടുത്ത എല്ലാവർക്കും വേറിട്ട അനുഭവമായി. ഗിൽഫോർഡ് മേയർ കൗൺസിലർ റിച്ചാർഡ് ബില്ലിംഗ്ടൺ, മേയറസ് ലിൻഡാ ബില്ലിംഗ്ടൺ, യുക്മ ദേശീയ പ്രസിഡണ്ട് മനോജ് കുമാർ പിള്ള എന്നിവർ മുഖ്യാതിഥികളായിരുന്നു


നേറ്റിവിറ്റി ഷോയോടെയാണ് മുതിർന്നവരും കുട്ടികളും പങ്കെടുത്ത കലാപരിപാടികൾക്ക് തുടക്കം കുറിച്ചത്. മോളി ക്ളീറ്റസിന്റെ കൊറിയോഗ്രാഫിയിൽ മനോഹരമായ ദൃശ്യ ഭംഗിയിൽ അവതരിപ്പിച്ച നേറ്റിവിറ്റി ഷോ വിശിഷ്ടാതിഥികൾക്കും മുഴുവൻ കാണികൾക്കും വിസ്മയകരമായ ദൃശ്യ വിരുന്നാണ് സമ്മാനിച്ചത്. സ്വാഭാവികമായ അഭിനയ ചാരുതയുടെ നേർക്കാഴ്ചയാണ് യൗസേപ്പിതാവായി രംഗത്തുവന്ന എൽദോ കുര്യാക്കോസും മാതാവായി അഭിനയിച്ച നീനു നോബിയും എലിസബത്ത് ആയി പ്രത്യക്ഷപ്പെട്ട ജിഷ ബോബിയും സത്രം സൂക്ഷിപ്പുകാരിക്ക് മിഴിവേകിയ ബിനി സജിയും കാണികൾക്ക് നൽകിയത് . നിരവധി കൊച്ചു കുട്ടികൾ അടക്കം അനുയോജ്യമായ വേഷപ്പകർച്ചയിൽ നേറ്റിവിറ്റി ഷോയിൽ പങ്കെടുത്ത മുഴുവൻ കലാ പ്രതിഭകളും കാണികളുടെ മുഴുവൻ പ്രശംസ ഏറ്റുവാങ്ങി.


തുടർന്ന് നടന്ന സമ്മേളനത്തിൽ ജി എ സി എ പ്രസിഡണ്ട് നിക്സൺ ആന്റണി അധ്യക്ഷത വഹിച്ചു. തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി ഗിൽഫോർഡ് അയൽക്കൂട്ടം കൾച്ചറൽ അസോസിയേഷന്റെ ക്രിസ്മസ് ന്യൂഈയർ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം യുക്മ പ്രസിഡണ്ട് മനോജ് കുമാർ പിള്ള നിർവ്വഹിച്ചു. ലാളിത്വത്തിന്റെയും വിനയത്തിന്റെയും മാതൃകയായി കാലിത്തൊഴുത്തിൽ ഭൂജാതനായ യേശുക്രിസ്തുവിന്റെ സ്നേഹവും ലാളിത്യവും വിനയവും എല്ലാവരുടെയും പ്രവർത്തനങ്ങളിൽ പ്രതിഫലിക്കട്ടെയെന്ന് തന്റെ ആശംസാപ്രസംഗത്തിൽ മനോജ് കുമാർ പിള്ള സൂചിപ്പിച്ചു. വിശിഷ്ടാതിഥിയായി എത്തിയ ഗിൽഫോർഡ് മേയർ കൗൺസിലർ റിച്ചാർഡ് ബില്ലിങ്ങ്ടൺ തന്റെ ആശംസ പ്രസംഗത്തിനിടയിൽ അദ്ദേഹത്തിന് ഏറെ ആകർഷകമായി തോന്നിയ നേറ്റിവിറ്റി ഷോയിലെ ആട്ടിടയമ്മാരോടൊപ്പം കുഞ്ഞാടായി മികച്ച അഭിനയ മികവ് പ്രകടിപ്പിച്ച കുഞ്ഞു ബേസിലിനെ സ്റ്റേജിലേക്ക് വിളിച്ച് അരുമയോടെ അരികിൽ ചേർത്ത് മലയാളം അറിയാമോ എന്ന് ചോദിച്ചു. അറിയാമെന്ന് തലയാട്ടിയ ബേസിലിനോടും കാണികളോടുമായി മലയാളത്തിൽ ക്രിസ്മസ്സിന്റെയും പുതുവത്സരത്തിന്റെയും മംഗളാശംസകൾ നേർന്ന് സദസ്സിന്റെ മുഴുവൻ കൈയ്യടി നേടി. ആഘോഷപരിപാടികൾ ആരംഭിക്കുന്നതിനു മുൻപായി ഹാളിലെത്തിയ മേയറുമായി ജി എ സി എ യുടെ എക്സിക്യൂട്ടീവ് മെമ്പറും കേരള ഗവൺമെന്റീന്റെ മലയാളം മിഷൻ യുകെ ചാപ്റ്റർ ജോയിന്റ് സെക്രട്ടറിയുമായ സി എ ജോസഫ് നടത്തിയ സംഭാഷണത്തിനിടയിൽ കേരളത്തെക്കുറിച്ചും മലയാള ഭാഷയെക്കുറിച്ചും പരാമർശിക്കുകയുണ്ടായി. മലയാളത്തിൽ ആശംസ നേരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച മേയറിന് സി എ ജോസഫ് പറഞ്ഞുകൊടുത്ത ആശംസാ വാചകമാണ് സന്തോഷത്തോടെ മേയർ സദസ്സിന് നേർന്ന് മുഴുവൻ ആളുകളുടെയും കരഘോഷം ഏറ്റുവാങ്ങിയത് . രണ്ടു വർഷത്തിലേറെയായി അയൽക്കൂട്ടം എന്ന കൂട്ടായ്മ ഗിൽഫോർഡിൽ പ്രവർത്തിച്ചിരുന്നുവെങ്കിലും അടുത്തനാളിൽ സാമൂഹ്യ സംഘടനയായി രൂപീകരിച്ച ആൾക്കൂട്ടം കൾച്ചറൽ അസോസിയേഷന്റെ ഔപചാരികമായ ഉദ്ഘാടനവും മേയർ റിച്ചാർഡ് ബില്ലിങ്ങ്ടൺ നിർവ്വഹിച്ചു. ഗിൽഫോർഡ് അയൽക്കൂട്ടം കൾച്ചറൽ അസ്സോസിയേഷൻ സാമൂഹിക പ്രതിബദ്ധതയോടെ നടത്തുന്ന സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്കും ചാരിറ്റി പ്രവർത്തനങ്ങൾക്കും സാംസ്കാരിക പരിപാടികൾക്കും തന്റെ പിന്തുണ ഉറപ്പ് നൽകിയാണ് മേയർ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. ഗിൽഫോർഡിലെ പ്രാദേശീയ സമൂഹവുമായി ഒത്തുചേർന്ന് ഗിൽഫോർഡ് കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തുന്ന സാമൂഹിക സേവന പ്രവർത്തനങ്ങൾക്കും ചാരിറ്റി പ്രവർത്തനങ്ങൾക്കും ജി എ സി എ യുടെ അംഗങ്ങൾ വോളന്റിയേർസ് ആയി പ്രവർത്തിക്കുവാൻ സന്നദ്ധരാണെന്നും പ്രസിഡൻറ് നിക്‌സൺ ആന്റണി തന്റെ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.


വിശിഷ്ടാതിഥികളെ ജി എ സി എ യുടെ ആദരവ് പ്രകടിപ്പിക്കുന്നതിനായി പൊന്നാട അണിയിച്ച് വേദിയിൽ ആദരിച്ചു. മേയർ റിച്ചാർഡ് ബില്ലിംഗ്ടനെ സി എ ജോസഫ് പൊന്നാട അണിയിച്ച് ആദരിച്ചപ്പോൾ യുക്മ ദേശീയ പ്രസിഡണ്ട് മനോജ് കുമാർ പിള്ളയെ നിക്‌സൺ ആന്റണിയും യുക്മ ദേശീയ കലാ പ്രതിഭ ടോണി അലോഷ്യസിനെ ജി എ സി എ വൈസ് പ്രസിഡന്റും കൾച്ചറൽ കോർഡിനേറ്ററുമായ മോളി ക്ലീറ്റസും പൊന്നാട അണിയിച്ച് ആദരിച്ചു. ജി എ സി എ യുടെ സ്നേഹോപഹാരം പ്രസിഡൻറ് നിക്‌സൺ ആൻറണിയും സെക്രട്ടറി സനു ബേബിയും ചേർന്ന് ജി എ സി എ എക്സികുട്ടീവ് മെമ്പറും യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയുമായ സി എ ജോസഫിനും നൽകി ആദരിച്ചു. വിശിഷ്ടാതിഥികളോടൊപ്പം ജി എ സി എ യുടെ ഭാരവാഹികളും മുഴുവൻ നിർവ്വാഹക സമിതി അംഗങ്ങളും ഉദ്ഘാടനവേളയിൽ വേദിയിൽ സന്നിഹിതരായിരുന്നു .


വിശിഷ്ടാതിഥികൾക്കും കലാപരിപാടികൾ അവതരിപ്പിക്കാൻ എത്തിയ എല്ലാ പ്രതിഭകൾക്കും ആഘോഷപരിപാടികളിൽ പങ്കെടുക്കാനെത്തിയ മുഴുവനാളുകൾക്കും സി എ ജോസഫ് സ്വാഗതം ആശംസിച്ചു. 'അയൽക്കൂട്ടം'എന്ന വാക്കിന്റെ അർത്ഥവും അയൽക്കൂട്ടം കൾച്ചറൽ അസ്സോസിയേഷൻ എന്ന സംഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും ഹൃസ്വമായി സി എ ജോസഫ് തന്റെ സ്വാഗതപ്രസംഗത്തിൽ വിശദീകരിച്ചു. ജി എ സി എ യുടെ കൾച്ചറൽ കോർഡിനേറ്റർ ഫാൻസി നിക്സൺ വിശിഷ്ടാതിഥികൾക്കും സദസ്സിനും കൃതജ്ഞത പ്രകാശിപ്പിച്ചു.

ആഘോഷപരിപാടികളിൽ പങ്കെടുക്കുവാനെത്തിയ മുഴുവൻ ആളുകൾക്കുമായി വ്യത്യസ്തമായ വിഭവങ്ങൾ ഉൾപ്പെടുത്തി ഒരുക്കിയ ക്രിസ്മസ് ലഞ്ചിന് ശേഷം ഒരു നിമിഷം പോലും ഇടവേളയില്ലാതെ ഗിൽഫോർഡിൽ ഇന്നുവരെ ദർശിക്കാത്ത വർണാഭമായ വൈവിധ്യമാർന്ന കലാപരിപാടികൾ വേദിയിൽ അരങ്ങേറിയപ്പോൾ അപൂർവ ദൃശ്യാനുഭവമാണ് സദസ്സിന് സമ്മാനിച്ചത്.

ജി എ സി എ യുടെ കുട്ടികളും മുതിർന്നവരും അടങ്ങിയ കലാ പ്രതിഭകളുടെ സദസ്സിനെ ഇളക്കിമറിച്ച കലാപ്രകടനങ്ങളോടൊപ്പം കാണികളെ വിസ്മയിപ്പിച്ച നൃത്തച്ചുവടുമായി യുക്മ ദേശീയ കലാപ്രതിഭ ടോണി അലോഷ്യസും യുകെയിലെ വളർന്നുവരുന്ന അനുഗ്രഹീത ഗായികയും നർത്തകിയുമായ ആനി അലോഷ്യസും കലാവിരുന്നിനെ സമ്പന്നമാക്കുവാൻ വേദിയിലെത്തി. ഇടകലർന്ന് അവതരിപ്പിച്ച വ്യത്യസ്തമായ ഗാനങ്ങളും നൃത്തങ്ങളും എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. അബിൻ ജോർജ്ജ്, നിക്‌സൺ ആൻറണി,ആനി അലോഷ്യസ് ,സജി ജേക്കബ്ബ് , സിനി സാറ, ചിന്നു ജോർജ്, ജിൻസി ഷിജു, കൊച്ചു ഗായകൻ ബേസിൽ ഷിജു എന്നിവർ കർണ്ണാനന്ദകരമായ വിവിധ ഗാനങ്ങൾ ആലപിച്ച് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ജി എ സി എ യുടെ കൊച്ചു നർത്തകരായ കെവിൻ, ജേക്കബ്, ഗീവർ,സ്റ്റീഫൻ, ജോയൽ, ജോണി,ആദർശ് ,ആഷ്റിത് , അദ്വൈത് ദിവ്യ, എലിസബത്ത്, മാനസ് വാണി എന്നിവർ ചേർന്ന് അവതരിപ്പിച്ച ബോളിവുഡ് ഡാൻസ് ഏറെ ആകർഷണീയമായിരുന്നു. സെയ്‌റ സജി, റിയാന, എലിസബത്ത് , ദിവ്യ , മാനസ് വാണി എന്നിവരുടെ വ്യത്യസ്തങ്ങളായ ബോളിവുഡ് നൃത്തങ്ങൾ ഏവർക്കും നയനാനന്ദകരമായി. ലക്ഷ്മി ഗോപി അവതരിപ്പിച്ച ക്ലാസിക്കൽ നൃത്തം വേറിട്ട ആസ്വാദന തലങ്ങളിൽ കാണികളെ എത്തിച്ചു. കുരുന്നു നർത്തകരായ കിങ്ങിണി, ബേസിൽ, സ്കാർലെറ്റ് എന്നിവരുടെ ഗ്രൂപ്പ് ഡാൻസും ഏറെ ആകർഷണീയമായിരുന്നു. വ്യത്യസ്തങ്ങളായ ഗാനങ്ങൾക്കൊപ്പം നൃത്തച്ചുവടുമായി എത്തിയ ചിന്നു ജോർജ്ജും സന്തോഷ് പവാറും കാണികളെ വിസ്മയഭരിതരാക്കി. ബീന,ഷാർലറ്റ് , മാഗ്ത എന്നിവർ ചേർന്ന് അവതരിപ്പിച്ച ബോളിവുഡ് നൃത്തം കാണികൾക്ക് അത്യപൂർവ്വമായ ദൃശ്യാനുഭവം നൽകിയപ്പോൾ ജി എ സി എ യുടെ നാട്യ പ്രതിഭകളായ മോളി, ഫാൻസി,ജിനി,ലക്ഷ്മി, നിമിഷ, നീനു, സിനി, ശ്രീലക്ഷ്മി എന്നിവർ ചേർന്ന് അവതരിപ്പിച്ച ബോളിവുഡ് ഡാൻസ് സദസ്സ് ഒന്നടങ്കം ആരവം മുഴക്കിയാണ് സ്വീകരിച്ചത്. ജി എ സി എ യുടെ യുവ നർത്തകരായ നിക്സൺ,ഗോപി, ബിനോദ്,അജു,സന്തോഷ് ,അനൂപ് ,ജോയൽ,
ജെസ്‌വിൻ , ഓസ്റ്റിൻ, വെലാൻഗോ എന്നിവർ ചേർന്ന് അവതരിപ്പിച്ച സംഘ നൃത്തവും മോളി,ഫാൻസി,ജിഷ, ജിൻസി, ജിനി എന്നിവർ ചേർന്ന് അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസും വേദിയെയും സദസ്സിനെയും ഇളക്കി മറിച്ചു.


വേദിയിൽ മിന്നൽപ്പിണർ സൃഷ്ടിച്ച നൃത്തങ്ങളിൽ ആകൃഷ്ടരായി ആവേശം കത്തിപ്പടർന്ന് കാണികൾ ഹാളിൽ അവതരിപ്പിച്ച സംഘനൃത്തം ഫ്‌ളാഷ് മോബിന്റെ പ്രതീതി ജനിപ്പിച്ച് കാണികൾക്ക് നയനാനന്ദകരവും അത്യപൂർവവുമായ ദൃശ്യാനുഭവവുമാണ് സമ്മാനിച്ചത്. ജി എ സി എ ട്രഷറർ ഷിജു മത്തായിയുടേയും എക്സികൂട്ടിവ് മെമ്പർ രാജീവ് ജോസഫിന്റെയും നേതൃത്വത്തിൽ ദീപാലങ്കാരങ്ങൾക്കൊപ്പം വ്യത്യസ്തമായ സമ്മാനങ്ങൾ വർണ്ണ കടലാസിൽ പൊതിഞ്ഞ് അലങ്കരിച്ച ക്രിസ്മസ് ട്രീ കുട്ടികൾക്കും മാതാപിതാക്കൾക്കും കൗതുകമായി. എല്ലാവരും ആവേശത്തോടെ ട്രീയിൽ ക്രമീകരിച്ചിരുന്ന സമ്മാനങ്ങൾ വാങ്ങി സന്തോഷത്തോടെ തുറന്ന് ആഹ്ലാദം പങ്കുവച്ചു.

ആഘോഷപരിപാടികളുടെ വിജയത്തിന് തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ച ജെസ്‌വിൻ ജോസഫും സെയ്‌റ സജിയും അവതാരകരായി തിളങ്ങിയപ്പോൾ പരിചയസമ്പത്തിന്റെ കരുത്തിൽ പരിപാടികളുടെ തുടക്കം മുതൽ അവസാനം വരെ മികവുറ്റ രീതിയിൽ സ്റ്റേജ് നിയന്ത്രിച്ച ഫാൻസി നിക്‌സനും ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

ജി എ സി എ യുടെ ക്രിസ്മസ് - ന്യൂഇയർ ആഘോഷങ്ങളുടെ ഭാഗമായി വാദ്യമേളങ്ങളോടെ സംഘടിപ്പിച്ച കരോൾ സർവീസിൽ പങ്കെടുത്തു വിജയിപ്പിച്ചവർക്കും,ക്രിസ്മസ് ന്യൂ ഇയർ ആഘോഷ പരിപാടികളിൽ പങ്കെടുക്കുകയും സഹായഹസ്തങ്ങൾ നൽകി അനുഗ്രഹിക്കുകയും ചെയ്ത മുഴുവൻ ആളുകൾക്കും, പരിപാടികളുടെ വിജയത്തിനായി സ്പോൺസർ ചെയ്ത സീകോം അക്കൗണ്ടൻസി സർവീസിനും, ഈസ്റ്റ് ഹാമിലെ തട്ടുകട റെസ്റ്റോറന്റിനും പ്രത്യേകം നന്ദിയും പറഞ്ഞുകൊണ്ടുള്ള മോളി ക്ളീറ്റസ്സിന്റെ കൃതജ്ഞതാ പ്രകാശനത്തോടെ ആഘോഷപരിപാടികൾ സമംഗളം പര്യവസാനിച്ചു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Other News