Tuesday, 09 July 2024

അനസ്തീഷ്യയ്ക്കുള്ള സാധാരണ ഗ്യാസുകൾക്ക് പകരം കൂടുതൽ ഇക്കോ ഫ്രണ്ട്ലിയായവ ഉപയോഗിക്കാൻ നിർദ്ദേശം.

ആഗോള താപനത്തിന്റെ പശ്ചാത്തലത്തിൽ അനസ്തീഷ്യയ്ക്കുള്ള സാധാരണ ഗ്യാസുകൾക്ക് പകരം കൂടുതൽ ഇക്കോ ഫ്രണ്ട്ലിയായവ ഉപയോഗിക്കാൻ ശ്രമങ്ങളാരംഭിച്ചു. എൻഎച്ച്എസിന്റെ കാർബൺ ഫുട്ട് പ്രിന്റ് കുറയ്ക്കുന്നതിന്റെ ഭാഗമായി അന്തരീക്ഷത്തിന് ദോഷകരമായ ഗ്യാസുകൾ ഒഴിവാക്കുന്നത്. ഡെസ്ഫ്ളുറെൻ എന്ന സാധാരണയായി രോഗികളെ മയക്കാൻ ഉപയോഗിക്കുന്ന ഗ്യാസ് കാർബൺ ഡയോക്സൈഡിനേക്കാൾ 4,000 മടങ്ങ് ആഗോള താപനത്തിന് കാരണമാകുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡെസ്ഫ്ളുറന്റെ ഉപയോഗം ചില ഹോസ്പിറ്റലുകളിൽ നിന്ന് പൂർണമായി ഒഴിവാക്കിക്കഴിഞ്ഞു. ഇതിന് പകരം സെവോഫ്ളുറെൻ ആണ് ഉപയോഗത്തിലിപ്പോൾ.

പ്രസവ സമയത്ത് ഗർഭിണികൾക്ക് വേദനസംഹാരിയായി നല്കുന്ന ഗ്യാസ് എയർ മിക്സിലെ നൈട്രസ് ഓക് സൈഡും അന്തരീക്ഷത്തിന് ദോഷകരമാണെങ്കിലും ഇതിനെ ഒഴിവാക്കാൻ ഹോസ്പിറ്റലുകൾ താത്പര്യം കാണിക്കുന്നില്ല. ഇത് സുരക്ഷിതമായി ഉപയോഗിക്കാമെന്നതും മിഡ് വൈഫുമാർക്ക് ഡോക്ടർമാരുടെ അസാന്നിധ്യത്തിലും ഇത് കൊടുക്കാമെന്നതും അതിന് കാരണങ്ങളാണ്.

22.8 മില്യൺ ടൺ കാർബൺ ഡയോക്സൈഡിന് തുല്യമായ ഗ്യാസുകൾ എൻഎച്ച്എസ് ഓരോ വർഷവും പുറത്തു വിടുന്നുണ്ട്. ഡെസ്ഫ്ളുറെയിൻ ഉപയോഗിച്ച് എട്ട് മണിക്കൂർ നീണ്ട സർജറി നടത്തിയാൽ അന്തരീക്ഷത്തിലേയ്ക്ക് തള്ളപ്പെടുന്നത് ഒരു കാർ 4,200 മൈൽ ഓടിയാൽ പുറം തള്ളുന്ന ഗ്യാസുകൾക്ക് സമാനമായ അളവിലുള്ള വാതകങ്ങളാണ്.

Other News