ബ്രിട്ടൺ സൈനിക വിന്യാസം തുടങ്ങി. രണ്ടു യുദ്ധക്കപ്പലുകൾ ഗൾഫിലേയ്ക്ക് പുറപ്പെട്ടു. ബോറിസ് ജോൺസൺ ഹോളിഡേ വെട്ടിച്ചുരുക്കി ഇന്ന് തിരിച്ചെത്തും. ഇറാനിലേയ്ക്കും ഇറാക്കിലേയ്ക്കുമുള്ള യാത്ര ഒഴിവാക്കാൻ ബ്രീട്ടീഷ് പൗരന്മാരോട് നിർദ്ദേശിച്ചു.
യുഎസ് ഡ്രോൺ ആക്രമണത്തിൽ ഇറാന്റെ ടോപ്പ് മിലിട്ടറി കമാൻഡർ ക്വാസിം സൊലൈമാനി കൊല്ലപ്പെട്ടതിനെത്തുടർന്ന് ഉടലെടുത്ത ഗൾഫ് മേഖലയിലെ സംഘർഷം സ്ഫോടനാത്മകമായി തുടരുന്നു. ബ്രിട്ടൺ രണ്ടു വാർ ഷിപ്പുകൾ ഗൾഫിലേയ്ക്ക് അയച്ചു. എച്ച്എംഎസ് മോൺട്രോസും എച്ച്എംഎസ് ഡിഫൻഡറും ഹോർമുസ് കടലിടുക്കിലേയ്ക്ക് തിരിച്ചിട്ടുണ്ട്. ഡിഫൻസ് സെക്രട്ടറി ബെൻ വാലസാണ് സൈനിക നീക്കത്തിന് ഉത്തരവ് നല്കിയത്. ഗൾഫ് ഏരിയയിലുള്ള ബ്രിട്ടീഷ് ഷിപ്പുകളെയും പൗരന്മാരെയും സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് യുദ്ധകപ്പലുകളെ വിന്യസിച്ചിരിക്കുന്നത്.
മസ്റ്റിക്കിൽ ഹോളിഡേയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഹോളിഡേ വെട്ടിച്ചുരുക്കി ഇന്ന് ലണ്ടനിൽ തിരിച്ചെത്തും. ഇതിനിടെ അമേരിക്ക 3,000 മിലിട്ടറി ട്രൂപ്പിനെ കൂടി ഗൾഫിലേയ്ക്ക് അയച്ചിട്ടുണ്ട്. മിലിട്ടറി കമാൻഡറുടെ കൊലപാതകത്തിന് കനത്ത തിരിച്ചടി നല്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഏത് നിമിഷവും ആക്രമണം ഉണ്ടാകാമെന്ന് അമേരിക്കയും സ്ഥിരീകരിച്ചു.