Monday, 23 December 2024

അമേരിക്കൻ ട്രൂപ്പിനോട് രാജ്യം വിടാൻ ഇറാക്ക് നിർദ്ദേശിച്ചു. 2015 ലെ ന്യൂക്ലിയർ ഡീലിൽ നിന്ന് ഇറാൻ പിന്മാറി.

ഇറാന്റെ മിലിട്ടറി കമാൻഡറെ അമേരിക്ക ഡ്രോണാക്രമണത്തിൽ വധിച്ചതിനെ തുടർന്നുണ്ടായ മിഡിൽ ഈസ്റ്റിലെ സംഘർഷം രൂക്ഷമാകുന്നു. വൈറ്റ് ഹൗസിനെ ആക്രമിക്കുമെന്ന് ഇറാന്റെ പാർലമെന്റംഗമായ അബോൾഫസൽ അബൂട്ടോറാബി മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഇറാന്റെ ഭാഗത്ത് നിന്ന് പ്രത്യാക്രമണമുണ്ടായാൽ തിരിച്ചടിയ്ക്കാനായി 52 ടാർജറ്റുകൾ നിശ്ചയിച്ചു കഴിഞ്ഞതായി അമേരിക്ക പ്രസ്താവിച്ചിട്ടുണ്ട്. അമേരിക്കൻ പടക്കപ്പലുകൾ അടക്കമുള്ള 35 തന്ത്രപ്രധാനമായ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.


യു എസ് സേന ബാഗ്ദാദിൽ നടത്തിയ മിലിട്ടറി ഓപ്പറേഷനെ തുടർന്ന് അമേരിക്കൻ ട്രൂപ്പിനോട് രാജ്യം വിടാൻ ഇറാക്ക് നിർദ്ദേശിച്ചു. ഇറാക്ക് പാർലമെന്റാണ് എല്ലാ വിദേശ സൈനികരും രാജ്യം വിടണമെന്ന പ്രമേയം പാസാക്കിയത്. ഐസിസിന്റെ ആക്രമണത്തെ ചെറുക്കാൻ ഇറാക്കിൽ താവളമടിച്ചിരിക്കുന്ന വിദേശ ട്രൂപ്പുകൾ തങ്ങളുടെ പരിധിയിൽപ്പെടാത്ത സൈനികകാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്ന് ഇറാക്കി പാർലമെന്റ് അഭിപ്രായപ്പെട്ടു. നിലവിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാക്കിന്റെ വിവിധ ഭാഗങ്ങളിലുള്ള യുഎസ്, ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങളുടെ ട്രൂപ്പുകൾ ബാഗ്ദാദിലെ ബേസിലേയ്ക്ക് മടങ്ങാൻ അടിയന്തിര നിർദ്ദേശം കൊടുത്തിരിക്കുകയാണ്.

ഏറ്റവും പുതിയ സംഭവ വികാസത്തിൽ ഇറാൻ അംഗീകരിച്ച 2015 ലെ ന്യൂക്ളിയർ ഡീൽ അസാധുവായതായി ടെഹ്റാൻ പ്രഖ്യാപിച്ചു. ന്യൂക്ലിയർ മെറ്റീരിയലുകളുടെ സമ്പുഷ്ടീകരണം, റിസർച്ച്, സ്റ്റോക്ക് ചെയ്യൽ എന്നിവയിലെ നിയന്ത്രണങ്ങൾ ഇനി പാലിക്കുവാൻ ഇറാൻ ബാധ്യസ്ഥരല്ല.

Other News