മാരത്തണിന് രജിസ്റ്റർ ചെയ്യൂ, ആയുസ് വർദ്ധിപ്പിക്കൂ! മാരത്തണിനായി ആറു മാസം ട്രെയിനിംഗ് നടത്തിയാൽ നാല് വർഷം ചെറുപ്പമാകാം.
മാരത്തൺ ഓട്ടത്തിനായി നടത്തുന്ന ചിട്ടയായ വ്യായാമമുറകൾ മനുഷ്യന്റെ ആയുർദൈർഘ്യം കൂട്ടുമെന്ന് വെളിപ്പെടുത്തൽ. ലണ്ടൻ മാരത്തണിലെ ഓട്ടക്കാരിൽ നടത്തിയ പഠനത്തിൽ ഇവരുടെ ശരീരത്തിൽ ആരോഗ്യകരമായ വ്യത്യാസങ്ങൾ ഉണ്ടായതായും നാല് വർഷം ചെറുപ്പമായ തരത്തിലുള്ള മാറ്റങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു. രക്തക്കുഴലുകൾക്ക് പ്രായമേറുന്ന അവസ്ഥയ്ക്കാണ് പ്രധാനമായും വ്യത്യാസം കാണപ്പെട്ടത്. ഇതിന്റെ കൂടുതൽ പ്രയോജനം ലഭിച്ചത് പുരുഷന്മാർക്കാണ്.
ലണ്ടൻ മാരത്തണിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്ത നിരവധി പേരുടെ ആരോഗ്യ വിവരങ്ങൾ ആറുമാസത്തെ ട്രെയിനിംഗ് ആരംഭിക്കുന്നതിനു മുമ്പെ റെക്കോർഡ് ചെയ്താണ് ഈ പഠനം നടത്തിയത്. മാരത്തണിനുശേഷം മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും പരിശോധന നടത്തിയപ്പോൾ മിക്കവരുടെയും ബ്ളഡ് പ്രഷറും രക്തക്കുഴലുകളുടെ ദൃഡതയിലെ വ്യത്യാസവും ശാരീരിക ആരോഗ്യം മെച്ചപ്പെട്ടതിന്റെ സൂചന നല്കി. ശരീരത്തിലെ ഏറ്റവും വലിയ ബ്ളഡ് വെസലായ അയോട്ടയുടെ എംആർഐ സ്കാനിൽ അയോട്ടിക് ഏജ് നാലു വർഷം ചെറുപ്പമായ രീതിയിൽ റെക്കോർഡ് ചെയ്യപ്പെട്ടു.
ശരീരത്തിന് വാർദ്ധക്യം ബാധിക്കുന്നതിൽ നിന്നും സംരക്ഷണം നല്കുന്ന ഏറ്റവും എളുപ്പമായ വ്യായാമമുറയാണ് ഓട്ടം എന്ന് പഠനം നടത്തിയ യൂണിവേഴ്സിറ്റി കോളജ് ലണ്ടനിലെ വിദഗ്ദർ പറയുന്നു. ആദ്യമായി മാരത്തണിൽ പങ്കെടുക്കുന്ന ആരോഗ്യ പ്രശ്നങ്ങളില്ലാത്ത 138 പേരിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്. ഇവർ ആഴ്ചയിൽ 6 നും 13 നും ഇടയ്ക്ക് മൈൽ ദൂരം ഓടുന്നവരായിരുന്നു.