Thursday, 21 November 2024

വീടു വാങ്ങാനിരിക്കുന്നവർക്കും മോർട്ട്ഗേജ് ഉള്ളവർക്കും ശുഭവാർത്ത. പലിശ നിരക്ക് കുറച്ചേക്കുമെന്ന് സൂചിപ്പിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ. അനൗൺസ്മെന്റ് വന്നയുടൻ പൗണ്ട് വില ഇടിഞ്ഞു.

രാജ്യത്തെ സാമ്പത്തിക നില വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ പലിശ നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ സൂചിപ്പിച്ചു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പോളിസി മേക്കേഴ്സ് ബ്രിട്ടന്റെ സാമ്പത്തിക ഭദ്രത സംരക്ഷിക്കുന്നതിനാവശ്യമായ നപടികൾ എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട അനൗൺസ്മെന്റ് വന്നയുടൻ പൗണ്ട് വില ഇടിഞ്ഞു. സെൻട്രൽ ബാങ്കിന്റെ കഴിഞ്ഞ രണ്ട് മീറ്റിംഗുകളിലും പോളിസിയുമായി ബന്ധപ്പെട്ട വോട്ടിംഗിൽ എല്ലാ ഡയറക്ടർമാരും പലിശ നിരക്ക് 0.75 ൽ നിന്ന് 0.50 ആയി കുറയ്ക്കണമെന്ന നിർദ്ദേശത്തെ അനുകൂലിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സ്ഥാനമൊഴിയുന്ന ഗവർണർ മാർക്ക് കാർണി പരാമർശം നടത്തിയത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി സാമ്പത്തികമായി മാന്ദ്യം അനുഭവപ്പെടുന്നുണ്ടെന്നും നാണ്യപ്പെരുപ്പം ഗവൺമെന്റ് ടാർജറ്റിലും താഴെയാണെന്നും മാർക്ക് കാർണി പറഞ്ഞു. ഒക്ടോബർ മുതലുള്ള മൂന്നു മാസങ്ങളിൽ സാമ്പത്തിക വളർച്ചാ നിരക്ക് പൂജ്യം ആയിരുന്നു. 2009 നു ശേഷം ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്. അനതിവിദൂര ഭാവിയിൽ പലിശ നിരക്ക് താഴുമെന്നതിന്റെ ഏറ്റവും ശക്തമായ സന്ദേശമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നല്കിയിരിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ദർ കരുതുന്നു. 

 

Other News