Sunday, 06 October 2024

മൂന്നുവർഷം നീണ്ട ബ്രെക്സിറ്റ് ഡെഡ് ലോക്ക് അവസാനിക്കുന്നു. ബ്രെക്സിറ്റ് ഡീൽ ഹൗസ് ഓഫ് കോമൺസ് അംഗീകരിച്ചു. 330 എം പിമാർ അനുകൂലിച്ചു. എതിർത്തത് 231 പേർ മാത്രം.

ബ്രെക്സിറ്റ് റഫറണ്ടത്തെ തുടർന്ന് 2016 ൽ തുടങ്ങിയ യുകെയിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിനു വിരാമമിടുന്ന ഏറ്റവും സുപ്രധാനമായ നിയമനിർമ്മാണം അതിന്റെ പ്രധാന ഘട്ടം തരണം ചെയ്തു. മൂന്നുവർഷം നീണ്ട ബ്രെക്സിറ്റ് ഡെഡ് ലോക്ക് അവസാനിക്കുന്നതിന്റെ ശുഭസൂചനയുമായി ബ്രെക്സിറ്റ് ഡീൽ ഹൗസ് ഓഫ് കോമൺസ് അംഗീകരിച്ചു. വിത്ഡ്രാവൽ എഗ്രിമെന്റ് ബില്ലിനെ 330 എംപിമാർ അനുകൂലിച്ചു. 231 പേർ എതിർത്തു. ഇനി ബിൽ ഹൗസ് ഓഫ് ലോർഡ്സിന്റെ പരിഗണനയ്ക്ക് വിടും. മാറ്റങ്ങളൊന്നുമില്ലാതെ ഹൗസ് ഓഫ് ലോർഡ്സ് അംഗീകരിച്ചാൽ ജനുവരി 22 ന് ബിൽ നിയമമായി മാറും. തുടർന്ന് ജനുവരി 31ന് യുകെ യൂറോപ്യൻ യൂണിയനിൽ നിന്ന് പിരിയും.

ഡേവിഡ് കാമറോൺ പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് യൂറോപ്യൻ യൂണിയൻ റഫറണ്ടം നടന്നത്. റഫറണ്ടത്തിന്റെ റിസൽട്ട് വന്നയുടൻ അദ്ദേഹം രാജി വയ്ക്കുകയും തെരേസ മേ പ്രധാനമന്ത്രിയാവുകയും ചെയ്തു. രണ്ടു വർഷത്തോളം നീണ്ട മാരത്തൺ ചർച്ചകൾ തെരേസ മേ യൂറോപ്യൻ നേതാക്കളുമായി നടത്തി. തെരേസ മേ പാർലമെന്റിന്റെ മുമ്പിൽ അവതരിപ്പിച്ച ബ്രെക്സിറ്റ് ഡീൽ എം.പിമാർ പലതവണ തള്ളിക്കളഞ്ഞു. പാർലമെൻറിൽ ഭൂരിപക്ഷം കൂട്ടാനായി ഇലക്ഷൻ നടത്തിയെങ്കിലും തെരേസ മേയ്ക്ക് ചുവടു പിഴച്ചു. ഉണ്ടായിരുന്ന ഭൂരിപക്ഷവും നഷ്ടപ്പെട്ട് കൂട്ടുകക്ഷി ഭരണം നയിക്കേണ്ട അവസ്ഥയിലെത്തി.

പാർലമെന്റിൽ നിരന്തര പരാജയമേറ്റു വാങ്ങിയ തെരേസ മേ അവസാനം പ്രധാനമന്ത്രി പദം രാജിവച്ചു. തുടർന്ന്  കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനത്തേയ്ക്ക് നടന്ന ഇലക്ഷനിൽ ബോറിസ് ജോൺസൺ വിജയിക്കുകയും പ്രധാനമന്ത്രി പദമേറ്റെടുക്കുകയും ചെയ്തു. പാർലമെന്റിൽ തന്റെ ബ്രെക്സിറ്റ് ഡീൽ പാസാക്കിയെടുക്കാൻ പരിശ്രമിച്ച് പരാജയപ്പെട്ട ബോറിസ് ഇടക്കാല ഇലക്ഷൻ പ്രഖ്യാപിക്കുകയായിരുന്നു.

കഴിഞ്ഞ ഡിസംബർ 12ന് നടന്ന ഇലക്ഷനിൽ 365 എം.പിമാരെ വിജയിപ്പിച്ച് ബോറിസ് ജോൺസൺ കൂടുതൽ കരുത്തനായി പ്രധാനമന്ത്രി സ്ഥാനം ഉറപ്പിച്ചു. പാർലമെന്റിൽ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ നയപരിപാടികൾ അംഗീകരിപ്പിച്ചെടുക്കാൻ ബോറിസിന് താരതമ്യേന എളുപ്പമാണ്.

Other News