അമേരിക്ക തോറ്റില്ല.. ഇറാൻ ജയിച്ചതുമില്ല.. മലയാളികളുടെ നെഞ്ചിടിച്ചു.. ജീവൻ പോയത് നിരപരാധികൾക്ക്.. മറ്റൊരു ലോക മഹായുദ്ധത്തിന്റെ ആരവമൊഴിഞ്ഞുവോ?മനുഷ്യരാശിയെ മുന്നോട്ട് നയിക്കുന്ന ഇന്ധനം അവന്റെ ഉന്മൂലനത്തിനും കാരണമാകുന്ന ഒരു അപൂർവ്വ സമസ്യ.
മനുഷ്യരാശിയെത്തന്നെ തുടച്ചു നീക്കുവാൻ ശക്തിയുള്ള ആധുനിക പോർമുനകളെ ലോകം താത്കാലിമായെങ്കിലും അതിജീവിച്ചിരിക്കുന്നു. ഗൾഫിൽ കഴിയുന്ന ഓരോ മലയാളിയുടെയും നെഞ്ചിടിപ്പിന്റെ വേഗം കൂട്ടുന്നതായിരുന്നു കഴിഞ്ഞു പോയ ദിനങ്ങളിലെ അപ്രതീക്ഷിത സംഭവ വികാസങ്ങൾ... ഇവിടെ അമേരിക്ക തോറ്റില്ല.. ഇറാൻ ജയിച്ചതുമില്ല.. സൈനിക ശക്തിയിലും കൃത്യതയാർന്ന ഓപ്പറേഷന്റെ കാര്യത്തിലും അമേരിക്കയെ വെല്ലാൻ ലോകത്തിൽ ഇന്നുവരെ ആരുമില്ലായിരുന്നു. ലോക പോലീസായി മറ്റു രാജ്യങ്ങളെ നിയന്ത്രിക്കുന്നതിൽ അമേരിക്ക ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടുമില്ല. അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്കു വന്ന മിക്കവാറും പ്രസിഡന്റുമാർക്ക് അന്താരാഷ്ട്ര തലത്തിലുള്ള ഏതെങ്കിലും സൈനിക ഇടപെടലുമായി അഭേദ്യമായ ബന്ധമുണ്ട്. നിലവിലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇക്കാര്യത്തിൽ അല്പം വ്യത്യസ്തനാവുകയാണ്.
ഉത്തര കൊറിയയുടെ അണ്വായുധ ഭീഷണി ലോകം നേരിട്ട അവസരത്തിൽ തികച്ചും സമയോചിതവും സംയമനപരവുമായ നയതന്ത്ര നീക്കങ്ങൾ നടത്തി മേഖലയിൽ സമാധാനം കൊണ്ടുവരാൻ പ്രസിഡൻറ് ട്രംപ് ശ്രമം നടത്തി. ഉത്തര കൊറിയൻ ഏകാധിപതിയായ കിം ജോംഗ് ഉന്നുമായി നേരിൽക്കണ്ട് സൗഹൃദം സ്ഥാപിച്ച് സംഘർഷങ്ങൾ ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് ഉത്തര കൊറിയ വിട്ടുനിൽക്കുന്നതിന് പ്രേരണയാകാൻ അദ്ദേഹത്തിന് കഴിഞ്ഞു. ലോകം ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഒരു അപ്രതീക്ഷിത സമാധാന നീക്കമായിരുന്നു അത്.
ഇറാനുമായി കാലങ്ങളായി നല്ല ബന്ധമല്ല അമേരിക്ക പുലർത്തി വന്നിരുന്നത്. ഇറാനെതിരെ ഉപരോധം ഏർപ്പെടുത്തുകയും അവരെ നിരീക്ഷിക്കുന്നതിനായി മിഡിൽ ഈസ്റ്റിൽ കിട്ടാവുന്നത്ര താവളങ്ങൾ അമേരിക്ക ഒരുക്കുകയും ചെയ്തു. പലപ്പോഴും ഇറാനുമായുള്ള നയതന്ത്ര ബന്ധങ്ങൾ വിഛേദിക്കുന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. ഇറാനും അമേരിക്കയുടെ നീക്കങ്ങളെ പ്രതിരോധിക്കുന്ന പ്രവർത്തനങ്ങൾ തുടർന്നു പോന്നു. അമേരിക്കൻ പൗരന്മാരെ ഇറാൻ ലക്ഷ്യമിടുന്നെന്ന് വാഷിംഗ്ടൺ കുറ്റപ്പെടുത്തിയിരുന്നു.
ഏതാനും ആഴ്ചകൾകൾക്ക് മുമ്പ് അമേരിക്കയുടെ ഇറാനിലെ എംബസി ഇറാനിയൻ പ്രക്ഷോഭകർ ആക്രമിക്കുകയുണ്ടായി. അതിന് ഏതാനും ദിവസങ്ങൾക്ക് ശേഷം ഗൾഫിൽ അതി നിർണായകമായ ഒരു സൈനിക നടപടിയാണ് അമേരിക്ക നടപ്പാക്കിയത്. മിഡിൽ ഈസ്റ്റിൽ വ്യക്തമായ ആസൂത്രണത്തോടെ ടെഹ്റാന്റെ പദ്ധതികൾ നടപ്പാക്കുന്ന ഇറാന്റെ ടോപ്പ് മിലിട്ടറി കമാൻഡർ ക്വാസിം സൊലൈമാനിയെ വധിക്കുക എന്നതായിരുന്നു അത്. ബാഗ്ദാദിൽ വച്ച് ആ കൃത്യം ഡ്രോൺ ആക്രമണത്തിലൂടെ നടപ്പാക്കിയ അമേരിക്ക ലോക രാജ്യങ്ങളെ ശരിക്കും ഞെട്ടിച്ചു.
ബ്രിട്ടൺ അടക്കമുള്ള ഒരു സഖ്യകക്ഷികൾക്കും ഈ ഓപ്പറേഷനെക്കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല. ആക്രമണങ്ങളിലൂടെ ശത്രുക്കളെ അത്ഭുതപ്പെടുത്തുന്നത് സാധാരണമെങ്കിലും സഖ്യകക്ഷികളെ അത്ഭുതപ്പെടുത്തുന്ന ഈ അമേരിക്കൻ നയം അഭിലഷണീയമല്ലെന്നാണ് ബ്രിട്ടണിലെ സീനിയർ കൺസർവേറ്റീവ് പാർട്ടി ലീഡർ ഇതിനോട് പ്രതികരിച്ചത്. ഇറാക്കിന്റെ കുവൈറ്റ് അധിനിവേശവും തുടർന്ന് നടന്ന അമേരിക്കയുടെ ഇറാക്കിലെ സൈനിക ഇടപെടലിനും ശേഷം മിഡിൽ ഈസ്റ്റിൽ ഉണ്ടായ ഏറ്റവും സ്ഫോടനാത്മകമായ സാഹചര്യമായിരുന്നു ജനറൽ ക്വാസിം സൊലൈമാനിയുടെ വധം.
തങ്ങളുടെ രണ്ടാമത്തെ വലിയ അധികാര കേന്ദ്രത്തിന്റെ വധം അമേരിക്കക്കെതിരെയുള്ള രോക്ഷമായി ഇറാനിൽ പടർന്നു. ഇറാൻ തിരിച്ചടിക്കുമെന്ന് അമേരിക്കയും ലോകരാജ്യങ്ങളും ഉറപ്പിച്ചിരുന്നു. എന്നാൽ ഇതിനിടക്ക് ഇറാക്കി പാർലമെന്റ് സഖ്യകക്ഷി സേനകളോട് രാജ്യം വിടാൻ ആവശ്യപ്പെട്ടത് കാര്യങ്ങളുടെ ഗതി തന്നെ മാറ്റിമറിച്ചു. ഐസിസിനെ തുരത്താനെത്തിയ സൈന്യം ഇറാക്കിന്റെ മണ്ണിൽ നിന്ന് മറ്റു സൈനിക നീക്കങ്ങൾ നടത്തുന്നത് ധാരണകളുടെ ലംഘനമാണെന്ന് ഇറാക്ക് തുറന്നടിച്ചു. ഇറാന്റെ രോക്ഷവും നേരിടേണ്ടി വരുമെന്ന് ഇറാക്കി ഭരണകൂടം നന്നായി മനസിലാക്കിയതിനാലാണ് ഇങ്ങനെ ഒരു നിലപാട് എടുത്തത്.
കരുതിയിരുന്നതു പോലെ ഇറാൻ തിരിച്ചടിച്ചു. അതും അമേരിക്കൻ മിലിട്ടറി ബേസിനുനേരെ നേരിട്ടുള്ള ആക്രമണം. ഇറാന്റെ മിസൈലുകൾ ബേസിൽ പതിച്ചതായി പെന്റഗൺ സ്ഥിരീകരിച്ചു. എന്നാൽ ലോകത്തിലെ ഏറ്റവും ശക്തമായതും പഴുതടച്ചതുമായ സൈനിക സന്നാഹങ്ങളുള്ള അമേരിക്കയ്ക്ക് ഇറാന്റെ ഒരു മിസൈലിനെപ്പോലും തടയാനായില്ല. തങ്ങൾ തിരിച്ചടിച്ചാൽ അമേരിക്ക ശക്തമായി മറുപടി നല്കുമെന്നറിയാമായിരുന്നിട്ടും നേരിട്ട് ആക്രമിക്കാൻ കാണിച്ച ഇറാന്റെ ചങ്കൂറ്റം അമേരിക്കയെ ശരിക്കും ചിന്തിപ്പിച്ചു. ഇറാൻ ഒരു യുദ്ധത്തിനു തന്നെ തയ്യാറെടുക്കുകയാണോ എന്നും സംശയമുണർന്നു. ഇറാന്റെ മിസൈലുകളെ തടയാൻ കഴിയാതിരുന്നതും സഖ്യകക്ഷികളുടെ സേനയോട് ഇറാക്ക് കടക്കൂ പുറത്ത് എന്ന് പറഞ്ഞതും അമേരിക്കയെ ത്രിശങ്കുവിലാക്കി.
മറ്റു ലോക രാഷ്ട്രങ്ങളൊക്കെ മേഖലയിൽ സമാധാനം നിലനിർത്താനുള്ള നീക്കങ്ങളാണ് നടത്തിയത്. ആരും ഇരുപക്ഷത്തിനും കൂടുതൽ പിന്തുണയുമായി രംഗത്തു വന്നില്ല. ഒരു സമദൂര സിദ്ധാന്തം മിക്ക ലോക രാഷ്ട്രങ്ങളും പിന്തുടർന്നു. അമേരിക്കയുടെ ആക്രമണവും ഇറാന്റെ പ്രത്യാക്രമണവും കഴിഞ്ഞ് ഉണ്ടാകുന്ന മറ്റേതൊരു സൈനിക നടപടിയും ഒരു മൂന്നാം ലോകമഹായുദ്ധത്തിന് നാന്ദി കുറിക്കുമെന്ന് ലോകം മുഴുവനും മനസിലാക്കിയിരുന്നു. ഇറാന്റെ തിരിച്ചടിക്ക് മറുപടിയായി അമേരിക്കൻ പോർവിമാനം ആക്രമിക്കുകയാണെന്ന് തെറ്റിദ്ധരിച്ച് ഇറേനിയൻ മിലിട്ടറി യുക്രെയിനിന്റെ പാസഞ്ചർ വിമാനം വെടിവച്ചിട്ടെന്നാണ് ഇപ്പോൾ സംശയിക്കപ്പെടുന്നത്. ഇതിൽ ജീവൻ നഷ്ടപ്പെട്ടത് 176 നിരപരാധികളുടേതാണ്. ക്വാസിം സൊലൈമാനിയുടെ ശവസംസ്കാരച്ചടങ്ങിനിടെ തിരക്കിൽപ്പെട്ട് നൂറിലേറെപ്പേരും മരിച്ചു. മേഖലയിൽ ഉണ്ടായ മറ്റു സൈനിക നീക്കങ്ങളിലും പ്രക്ഷോഭങ്ങളിലും മരിച്ചവർ വേറെ നിരവധിയുണ്ട്.
മിഡിൽ ഈസ്റ്റിൽ താമസിക്കുന്ന ലക്ഷക്കണക്കിന് മലയാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഭയാശങ്കകൾ സമ്മാനിക്കുന്ന ദിനങ്ങളാണ് കഴിഞ്ഞു പോയത്. പരസ്പരം ഭീകരരെന്നു വിളിക്കുന്ന അമേരിക്കയും ഇറാനും ലാഭമുണ്ടാക്കിക്കൊടുത്തത് എണ്ണക്കമ്പനികൾക്കാണ്. ഏതാനും മിസൈലുകളുടെ ചെലവിൽ എണ്ണവില കുതിച്ചുയർന്നു. കമ്പനികൾ ലാഭം ബില്യൺ കണക്കിന് ഡോളറുകളിൽ കുറിച്ചു.
മാദ്ധ്യമങ്ങൾക്ക് വാർത്തകൾ ചൂടപ്പം പോലെ വിറ്റഴിക്കാനുള്ള അവസരമായിരുന്നു വന്നു ചേർന്നത്. യുദ്ധം ഏപ്പോൾ വേണമെങ്കിലും തുടങ്ങുമെന്ന് പറയുന്നതിൽ മാധ്യമങ്ങൾ പരസ്പരം മത്സരിച്ചു. ഇറാക്ക് യുദ്ധത്തിനു ശേഷം ഇന്നേവരെ മാധ്യമത്താളുകളിൽ നിറയാൻ ചൂടു വാർത്തകൾക്ക് ഒരു ദാരിദ്യവും ഉണ്ടായിട്ടില്ല. എണ്ണയുള്ളിടത്തോളം കാലം ഗൾഫ് മേഖല എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായിരിക്കും. മനുഷ്യരാശിയെ മുന്നോട്ട് നയിക്കുന്ന ഇന്ധനം തന്നെ അവന്റെ ഉന്മൂലനത്തിനും കാരണമാകുന്ന ഒരു അപൂർവ്വ സമസ്യ. എന്നാൽ ഏറ്റവും സ്ഫോടനാത്മകമായ ഒരു സ്ഥിതി വിശേഷം ലോക നേതാക്കൾ വിവേകപൂർവ്വം കൈകാര്യം ചെയ്തുവെന്ന് പറയേണ്ടിയിരിക്കുന്നു.