Tuesday, 09 July 2024

യുക്രെയിൻ വിമാനം അബദ്ധത്തിൽ വെടിവച്ചിട്ടതാണെന്നുള്ള കാര്യം ഇറാൻ ഏറ്റുപറഞ്ഞത് സ്വാഗതാർഹമായ ആദ്യ നടപടിയെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് ബ്രിട്ടൺ മുൻകൈയെടുക്കും.

176 യാത്രക്കാരുടെ മരണത്തിനിടയാക്കിക്കൊണ്ട് യുക്രെയിൻ വിമാനം അബദ്ധത്തിൽ വെടിവച്ചിട്ടത് തങ്ങളാണെന്ന കാര്യം ഇറാൻ ഏറ്റുപറഞ്ഞത് സ്വാഗതാർഹമായ നീക്കമാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഫ്ളൈറ്റ് ക്രാഷിനെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ബോറിസ് ആവശ്യപ്പെട്ടു. യുക്രെയിൻ ഇന്റർനാഷണൽ എയർലൈൻസിന്റെ PS752 ഫ്ളൈറ്റ് മിസൈൽ ഉപയോഗിച്ച് തകർത്തത് ഇറാന്റെ ഭാഗത്തു നിന്നുണ്ടായ മാനുഷിക അബദ്ധമാണെന്ന് ഇറാനിയൻ അധികൃതർ സ്ഥിരീകരിച്ചിരുന്നു. ഇതിൽ നാലു ബ്രിട്ടീഷ് പൗരന്മാർ കൊല്ലപ്പെട്ടിരുന്നു.

ടെഹ്റാനിലെ അൽഖമേനി എയർപോർട്ടിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത് മൂന്നു മിനിട്ടിനുള്ളിൽ എഞ്ചിൻ തകരാറിനെ തുടർന്ന് വിമാനം കത്തിയമർന്ന് വീഴുകയായിരുന്നു എന്നാണ് ആദ്യ വിശദീകരണം നല്കപ്പെട്ടത്. എന്നാൽ ഇറാന്റെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രത്തിനു നേരെ എത്തുന്ന ക്രൂയിസ് മിസൈലാണെന്ന് തെറ്റിദ്ധരിച്ച് ഇറാന്റെ, മിലിട്ടറി വിമാനം വെടിവച്ചിടുകയായിരുന്നു എന്ന് ഇറാൻ ക്ഷമാപണം നടത്തി. പൊറുക്കാനാവാത്ത തെറ്റാണ് ഇതെന്നാണ് ഇറാന്റെ പ്രസിഡന്റ് ഹസൻ റൂഹാനി പറഞ്ഞത്.
 

Other News