Monday, 23 December 2024

ട്രെയിൻ യാത്രയിൽ പണം ലഭിക്കാൻ സ്പ്ളിറ്റ് ടിക്കറ്റിംഗ് സംവിധാനം. മാഞ്ചസ്റ്റർ പിക്കാഡില്ലിയ്ക്കും ലണ്ടൻ യൂസ്റ്റണും ഇടയിൽ യാത്ര ചെയ്യുന്നവർക്ക് 80.10 പൗണ്ട് വരെ ലാഭിക്കാം. പുതിയ ആപ്പ് ബുക്കിംഗ് വെബ് സൈറ്റായ ട്രെയിൻ ലൈൻ ലോഞ്ച് ചെയ്തു.

ദീർഘദൂര ട്രെയിൻ യാത്രയിൽ ടിക്കറ്റ് ചാർജ് ലാഭിക്കാനുള്ള രീതിയിൽ ടിക്കറ്റുകൾ ക്രമീകരിക്കുന്ന സംവിധാനം നിലവിൽ വന്നു. ഇതിനായുള്ള പുതിയ ആപ്പ് ബുക്കിംഗ് വെബ് സൈറ്റായ ട്രെയിൻ ലൈൻ ലോഞ്ച് ചെയ്തു. സ്പ്ളിറ്റ് ടിക്കറ്റിംഗ് സൗകര്യമുപയോഗിച്ച് യാത്ര ഒന്നിലേറെ ടിക്കറ്റുകളാക്കി മാറ്റി ട്രാവൽഫെയർ കുറയ്ക്കാൻ കഴിയും. ഈ വർഷമാദ്യം ടിക്കറ്റ് നിരക്ക് 2.7 ശതമാനത്തോളം വർദ്ധിപ്പിച്ചിരുന്നു. കൂടാതെ ട്രെയിൻ കാൻസലേഷനും താമസിച്ചുള്ള യാത്രകളും യാത്രക്കാരെ ട്രെയിൻ സൗകര്യമുപേക്ഷിച്ച് എയർ, റോഡ് ട്രാവൽ തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചിരുന്നു. ഇതിനെത്തുടർന്നാണ് പുതിയ ആപ്പ് ബുക്കിംഗ് വെബ് സൈറ്റായ ട്രെയിൻ ലൈൻ ലോഞ്ച് ചെയ്തത്.

എഡിൻബറോ മുതൽ യോർക്ക് വരെയുള്ള യാത്രയ്ക്കായി ഒറ്റ ടിക്കറ്റ് എടുക്കുന്നതിനു പകരം രണ്ടു ടിക്കറ്റായി യാത്രയെ വിഭജിച്ചാൽ ടിക്കറ്റ് ഇനത്തിൽ പണം ലാഭിക്കാൻ കഴിയും. അതിനായി ചെയ്യേണ്ടത് എഡിൻബറോ മുതൽ ന്യൂകാസിൽ വരെയും അവിടെ നിന്ന് യോർക്ക് വരെയും രണ്ടു ടിക്കറ്റുകൾ എടുക്കണം. ഇങ്ങനെ ചെയ്താൽ 37.55 പൗണ്ട് ടിക്കറ്റിന് കുറച്ച് നല്കിയാൽ മതിയാവും. രണ്ടു ടിക്കറ്റായി എടുത്താലും ഒരേ ട്രെയിനിൽ അതേ സീറ്റിൽ തന്നെ മുഴുവൻ യാത്രയും ചെയ്യാം.

മാഞ്ചസ്റ്റർ പിക്കാഡില്ലിയ്ക്കും ലണ്ടൻ യൂസ്റ്റണും ഇടയിൽ യാത്ര ചെയ്യുന്നവർക്ക് 80.10 പൗണ്ട് വരെയും എഡിൻബറോ വവർലിയിൽ നിന്നും ലണ്ടൻ കിംഗ്സ് ക്രോസിലേയ്ക്ക് യാത്ര ചെയ്യുമ്പോൾ 79.85 പൗണ്ടും സ്പ്ളിറ്റ് ടിക്കറ്റിംഗിൽ കുറച്ച് നല്കിയാൽ മതിയാകും. ഈ ടിക്കറ്റുകൾ മൊബൈലിൽ സ്റ്റോർ ചെയ്യാൻ കഴിയുമെന്നതിനാൽ പ്രിന്റഡ് ടിക്കറ്റുകൾ കൈവശം കരുതേണ്ട ആവശ്യവുമില്ല.

Other News