"ഹാരിയും മേഗനും റോയൽ ഫാമിലിയുടെ ഭാഗമായി നിൽക്കുന്നതിനാണ് മുൻഗണന നല്കുന്നതെങ്കിലും അവരുടെ സ്വതന്ത്ര ജീവിതത്തിനുള്ള ആഗ്രഹത്തെ മാനിക്കുന്നു". ഡ്യൂക്ക് ആൻഡ് ഡച്ചസ് ഓഫ് സസക്സിന്റെ തീരുമാനത്തിന് ക്വീനിന്റെ അംഗീകാരം.
ഡ്യൂക്ക് ആൻഡ് ഡച്ചസ് ഓഫ് സസക്സസ് റോയൽ ഡ്യൂട്ടികളിൽ നിന്ന് ഭാഗികമായി അകന്നു നിൽക്കാനുള്ള തീരുമാനമെടുത്തതിന്റെ പശ്ചാത്തലത്തിൽ നടന്ന റോയൽ സമ്മിറ്റിൽ ഹാരിയുടെയും മേഗന്റെയും തീരുമാനം ക്വീൻ അംഗീകരിച്ചു. സാൻട്രിങ്ങാം എസ്റ്റേറ്റിൽ ക്വീൻ വിളിച്ച മീറ്റിംഗിൽ ഏറ്റവും സീനിയറായ റോയലുകളായ പ്രിൻസ് ഓഫ് വെയിൽസ്, ഡ്യൂക്ക് ഓഫ് കേംബ്രിഡ്ജ്, ഡ്യൂക്ക് ഓഫ് സസക്സ് എന്നിവർ പങ്കെടുത്തു. "ഹാരിയും മേഗനും റോയൽ ഫാമിലിയുടെ ഭാഗമായി നിൽക്കുന്നതിനാണ് മുൻഗണന നല്കുന്നതെങ്കിലും അവരുടെ സ്വതന്ത്ര ജീവിതത്തിനുള്ള ആഗ്രഹത്തെ മാനിക്കുന്നു". ഡ്യൂക്ക് ആൻഡ് ഡച്ചസ് ഓഫ് സസക്സിന്റെ തീരുമാനത്തിന് ക്വീനിന്റെ അംഗീകാരം നല്കിക്കൊണ്ട് മീറ്റിംഗിനു ശേഷം പുറത്തിറക്കിയ സ്റ്റേറ്റ്മെന്റിൽ ക്വീൻ പറഞ്ഞു.
രാജകുടുംബത്തെ അമ്പരപ്പിച്ച പ്രഖ്യാപനമാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രിൻസ് ഹാരിയും മേഗനും നടത്തിയത്. ക്വീനിനോടുള്ള വിധേയത്വം തുടരുമെങ്കിലും റോയൽ ഡ്യൂട്ടികൾ പാർട്ട് ടൈം ആക്കുമെന്നായിരുന്നു അറിയിച്ചത്. കൂടാതെ സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കുമെന്നും തങ്ങളുടെ സമയം ബ്രിട്ടണിലും നോർത്ത് അമേരിക്കയിലുമായി ചിലവഴിക്കുമെന്നുമാണ് ഇരുവരും പറഞ്ഞത്.
"ഹാരിയും മേഗനും പബ്ളിക് ഫണ്ടിനെ ആശ്രയിച്ച് അവരുടെ മുന്നോട്ടുള്ള ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ സ്വതന്ത്രമായി ജീവിക്കാനുള്ള ഈ യുവ കുടുംബത്തിന്റെ ആഗ്രഹത്തെ മാനിക്കുന്നു. റോയൽ ഫാമിലിയുടെ ഭാഗമായിത്തന്നെ അവർ തുടരും. അവർക്ക് യുകെയിലും ക്യാനഡയിലുമായി സമയം ചെലവഴിക്കാനായി ഒരു ട്രാൻസിഷൻ പീരിയഡിനും അനുവാദം നല്കിയിട്ടുണ്ട്". ക്വീൻ തന്റെ സ്റ്റേറ്റ്മെൻറിൽ തുടർന്നു.