ബ്രിട്ടണും നോർത്തേൺ അയർലണ്ടിനുമിടയിൽ ബോർഡർ ചെക്കിംഗ് ഉണ്ടാവുമെന്ന് യൂറോപ്യൻ യൂണിയൻ. ബോറിസ് ജോൺസൺ പറഞ്ഞത് ശരിയല്ലെന്ന് വിശദീകരണം.
യൂറോപ്യൻ യൂണിയനുമായിട്ടുള്ള ട്രേഡിംഗുമായി ബന്ധപ്പെട്ട് ബ്രിട്ടണും നോർത്തേൺ അയർലണ്ടിനുമിടയിൽ ബോർഡർ ചെക്ക്സ് ആൻഡ് കൺട്രോൾസ് ഉണ്ടാവുമെന്ന് യൂറോപ്യൻ യൂണിയൻ വെളിപ്പെടുത്തി. ബ്രെക്സിറ്റിൽ ഇയുവിന്റെ ചീഫ് നെഗോഷിയേറ്റർ ആയ മൈക്കിൾ ബർണിയർ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇത് ബോറിസ് ജോൺസൺ ഇലക്ഷൻ സമയത്ത് പറഞ്ഞതിന് കടക വിരുദ്ധമാണ്. ഐറിഷ് സീയിൽ ചെക്കിംഗ് ഉണ്ടാവില്ലെന്നാണ് ബോറിസിന്റെ വാദം. പല തവണ ബോറിസ് ഇക്കാര്യം ആവർത്തിച്ചിരുന്നു. ഇക്കാര്യത്തിൽ താൻ ഒപ്പുവച്ചിരിക്കുന്ന ബ്രെക്സിറ്റ് ഡീലിന്റെ കാര്യത്തിൽ ബോറിസ് ജോൺസണ് തെറ്റിദ്ധാരണയുണ്ടായതാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു എന്നാണ് ഇയു വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
യൂറോപ്യൻ പാർലമെന്റിന്റെ സിറ്റിംഗിൽ ആണ് മൈക്കിൾ ബാർണിയർ ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ നിലപാട് ഇക്കാര്യത്തിൽ ബോറിസ് ജോൺസൺ തിങ്കളാഴ്ചയും ആവർത്തിച്ചിരുന്നു. ജനുവരി 31ന് ബ്രിട്ടൺ ഔദ്യോഗികമായി യൂറോപ്യൻ യൂണിയൻ വിടും. പിന്നീടുള്ള 11 മാസം കൊണ്ട് കസ്റ്റംസ് യൂണിയൻ അടക്കമുള്ള എല്ലാ കരാറുകളും ചർച്ച ചെയ്ത് അംഗീകരിച്ച് നിയമമാക്കേണ്ടതുണ്ട്.