ഫുൾ ഇംഗ്ലീഷ് ബ്രെയ്ക്ക് ഫാസ്റ്റ് എന്നാൽ "ഹാർട്ട് അറ്റാക്ക് ഓൺ എ പ്ളേറ്റ്" എന്ന് ബ്രിട്ടണിലെ യുവതലമുറ. ഇതിന്റെ കാലറി ലെവൽ 800 മുതൽ 1500 വരെ.
ആരോഗ്യ കാര്യങ്ങളിൽ അതീവ ശ്രദ്ധാലുക്കളായ ബ്രിട്ടണിലെ യുവതലമുറ പാരമ്പര്യ ബ്രെയ്ക്ക് ഫാസ്റ്റ് രീതികൾക്കു നേരെ മുഖം തിരിക്കുന്നു. ഫുൾ ഇംഗ്ലീഷ് ബ്രെയ്ക്ക് ഫാസ്റ്റ് എന്നാൽ "ഹാർട്ട് അറ്റാക്ക് ഓൺ എ പ്ളേറ്റ്" എന്നാണ് ഇവർ വിശേഷിപ്പിക്കുന്നത്. രണ്ടു ബേക്കൺ, രണ്ടു സോസേജുകൾ, രണ്ട് മുട്ട, ഫ്രൈഡ് ബ്രെഡ് എന്നിവയടങ്ങുന്ന ബ്രെയ്ക്ക് ഫാസ്റ്റ് 807 കാലറിയുടേതാണ്. 18 നും 30 നും ഇടയിൽ പ്രായമുള്ള അഞ്ചിൽ ഒരാൾ ഇത് ഒരിക്കലും കഴിച്ചിട്ടില്ലാത്തവരാണ്. ഇതിൽ ടോസ്റ്റ്, ബ്ളാക്ക് പുഡ്ഡിംഗ്, ബീൻസ്, മഷ്റൂം എന്നിവ കൂടിയായാൽ കാലറി ലെവൽ 1,500 ൽ എത്തും.
ബ്രിട്ടന്റെ സംസ്കാരത്തിന്റെ ഭാഗമാണ് ഈ ബ്രെയ്ക്ക് ഫാസ്റ്റ് രീതിയെന്ന് ദി ഇംഗ്ലീഷ് ബ്രെയ്ക്ക് ഫാസ്റ്റ് സൊസൈറ്റി പറയുന്നു. എന്നാൽ യുവതലമുറയുടെ സ്വീകാര്യതയില്ലായ്മ മൂലം ഇത് ചരിത്രത്തിലേയ്ക്ക് മറയുമോ എന്നാണ് കണ്ടറിയേണ്ടത്. രണ്ടായിരത്തോളം പേരിൽ നടത്തിയ പഠനം പറയുന്നത് 30 ൽ താഴെ പ്രായമുള്ള പത്തിൽ ഏഴു പേരും സ്മോക്ക്ഡ് സാമൺ, സ്ക്രാംബിൾഡ് എഗ്ഗ്, സ്മാഷ്ഡ് അവോക്കാഡോ അല്ലെങ്കിൽ പാൻ കേക്ക് എന്നിവയ്ക്കാണ് മുൻഗണന നല്കുന്നത്. പഴയ രീതിയിലുള്ള ഫ്രൈ അപ്പുകൾ 1800 കളിൽ മുതൽ തുടരുന്ന ഭക്ഷണക്രമമാണെങ്കിലും വിശേഷാവസരങ്ങളിൽ മാത്രമാണ് വിളമ്പിയിരുന്നത്. 1950 കളിൽ മുതൽ കഠിനാദ്ധ്വാനമുള്ള ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ സ്ഥിര ബ്രെക്ക് ഫാസ്റ്റായി ഇത് മാറുകയായിരുന്നു. ജനസംഖ്യയിലെ മുതിർന്നവരിൽ പകുതിയോളം ഈ ബ്രെയ്ക്ക് ഫാസ്റ്റ് പതിവാക്കി മാറ്റി.