Wednesday, 22 January 2025

ഇന്ത്യാക്കാരനെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്താക്കുമെന്ന് വാറൻറ്. സംഭവം ഹോം ഓഫീസ് ഐടി കൺസൾട്ടന്റിനെ ക്രിമിനലായി മുദ്ര കുത്തിയതുമൂലം.

യുകെയിൽ നിയമപരമായി ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്ത ഇന്ത്യാക്കാരനോട് യൂറോപ്യൻ യൂണിയൻ വിട്ടു പോകണമെന്ന് ഹോം ഓഫീസ് വാറൻറ് അയച്ചു. യുകെയിൽ നികുതി ദായകനായി നാലു വർഷം ജീവിച്ചതിനു ശേഷം 2018 ൽ ജർമ്മനിയിലേയ്ക്ക് താമസം മാറ്റിക്കഴിഞ്ഞപ്പോഴാണ് അദ്ദേഹത്തിന്റെ ബ്രിസ്റ്റോളിലെ പഴയ അഡ്രസിലേയ്ക്ക് ഉത്തരവ് എത്തുന്നത്. ചിറ്റ് കുമാർ എന്ന 37 കാരനായ ഐടി കൺസൾട്ടന്റിനാണ് ഈ ദുരനുഭവം ഉണ്ടായത്. കഴിഞ്ഞ ഒരു വർഷത്തിൽ ഒരിക്കൽ പോലും യുകെയിൽ കാലുകുത്തിയിട്ടില്ലാത്ത അദ്ദേഹത്തിനോട് യൂറോപ്യൻ യൂണിയൻ വിടണമെന്ന് കഴിഞ്ഞ മാസമാണ് നിർദ്ദേശം കൊടുത്തത്.

യുകെയിൽ അനുവദിച്ചിരിക്കുന്ന സമയപരിധി കഴിഞ്ഞും താമസിക്കുന്നു എന്നായിരുന്നു ചിറ്റ് കുമാറിൽ ആരോപിച്ച കുറ്റം. യുകെയിൽ തുടരാൻ പാടില്ലെന്നും അഡ്മിനിസ്ട്രേറ്റീവ് റിമൂവലിന്‌ വിധേയനാകേണ്ടി വരുമെന്നും ഹോം ഓഫീസിന്റെ വാറൻറിൽ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പഴയ അഡ്രസിൽ താമസിച്ചിരുന്ന സുഹൃത്ത് വഴിയാണ് ഇക്കാര്യം ചിറ്റ് കുമാർ അറിയുന്നത്. ആദ്യത്തെ ലെറ്റർ കിട്ടിയതിനെത്തുടർന്ന് ഹോം ഓഫീസിനെ പല തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അതിനു ശേഷം വന്ന കത്തിൽ ഇമിഗ്രേഷൻ ബെയിൽ നല്കുന്നതായും ഹോം ഓഫീസിൽ മാസത്തിൽ ഒരിക്കൽ ഹാജരാകണമെന്നും നിർദ്ദേശിച്ചിരുന്നു.

ഇതിനു ശേഷം ഫോണിലൂടെ ചിറ്റ് കുമാർ ഹോം ഓഫീസിലെ ഒരു സ്റ്റാഫിനോട് സംസാരിക്കുകയും തന്റെ പാസ്പോർട്ടിന്റെയും വിസയുടെയും കോപ്പികൾ അയച്ചു നല്കുകയും ചെയ്തു. ഹോം ഓഫീസിൽ നിന്ന് പിന്നീട് ഹോം സെക്രട്ടറിയുടേതായി ക്ഷമാപണക്കത്ത് ചിറ്റ് കുമാറിന് പിന്നീട് ലഭിച്ചു. തെറ്റിദ്ധാരണ മൂലം ഉണ്ടായ അസൗകര്യങ്ങളിൽ ഖേദിക്കുന്നതായും യുകെയിലേയ്ക്ക് നിയമപരമായി തിരിച്ചു വരുന്നതിൽ തടസമില്ലെന്നും ഇതിൽ വ്യക്തമാക്കിയിരുന്നു.

Other News