Friday, 10 January 2025

സ്കൂൾ ട്രിപ്പിനിടെ പത്തു വയസുകാരനെ എം വൺ സർവീസസിൽ വച്ച് കാണാതായി. രാത്രിയിൽ ഒൻപതു മണിക്കൂർ നീണ്ട അന്വേഷണത്തിൽ പങ്കെടുത്തത് പോലീസും ആയിരത്തോളം പേരും.

എം വൺ മോട്ടോർവേയിലെ ന്യൂ പോർട്ട് പാഗ്നൽ സർവീസസിൽ വച്ചു കാണാതായ പത്തു വയസുള്ള ആൺകുട്ടിയെ കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരം കാണാതായ കുട്ടിയെ രാത്രിയിൽ ഒൻപതു മണിക്കൂർ നേരം നീണ്ട തെരച്ചിലിനൊടുവിൽ ശനിയാഴ്ച രാവിലെ 4.15ന് നോർത്ത് ബൗണ്ട് കാര്യേജ് വേയിൽ റോഡ് വർക്ക്സിന് സമീപം കണ്ടെത്തുകയായിരുന്നു. പോലീസിനൊപ്പം ആയിരത്തോളം പേരാണ് സ്കൂൾ ട്രിപ്പിനിടെ കാണാതായ ആദിൽ ഉമർ റഹിമിനെത്തേടി ഇറങ്ങിയത്.

സ്കൂളിൽ നിന്ന് ലണ്ടനിലേയ്ക്ക് ട്രിപ്പ് പോയ ടീമിലായിരുന്നു ആദിൽ ഉമർ റഹിം. ട്രിപ്പിനു ശേഷം തിരിച്ച് നോട്ടിങ്ങാമിനു പോവുന്നതിനിടെ കോച്ച് സർവീസസിൽ നിറുത്തിയപ്പോഴാണ് ആദിൽ അപ്രത്യക്ഷനായത്. കുട്ടിയെ കണ്ടെത്താൻ പോലീസ് ഹെലികോപ്ടർ വിന്യസിച്ചിരുന്നു. കൂടാതെ പോലീസ് ഗ്രൗണ്ട് ഫോഴ്സും ഫയർ സർവീസ് സ്റ്റാഫും പൊതുജനങ്ങളും തെരച്ചിലിന് ഇറങ്ങി. തന്റെ മകനെ കണ്ടെത്താൻ സഹായിച്ച എല്ലാവർക്കും ആദിലിന്റെ പിതാവ് നന്ദി പറഞ്ഞു. പോലിസിനൊപ്പം കുട്ടിയ്ക്കായുള്ള തെരച്ചിലിൽ പങ്കെടുത്ത ലോക്കൽ കമ്മ്യൂണിറ്റിയിലെ എല്ലാവർക്കും തെംസ് വാലി പോലീസും കൃതജ്ഞത രേഖപ്പെടുത്തി.
 

Other News