Wednesday, 22 January 2025

ബ്രിട്ടന്റെ ഹൃദയ ഭൂവിൽ യുക്മ ഒരുക്കുന്ന "യുക്മ - അലൈഡ് ആദരസന്ധ്യ 2020". ലോക മലയാളി സമൂഹങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മഹത് വ്യക്തിത്വങ്ങൾ ആദരവ് ഏറ്റുവാങ്ങാൻ എത്തുന്നു. അണിഞ്ഞൊരുങ്ങി എൻഫീൽഡ് സെന്റ് ഇഗ്‌നേഷ്യസ് കോളേജ് 

സജീഷ് ടോം 

(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) 

ദശാബ്‌ദി പിന്നിട്ട യുക്മ ലണ്ടൻ നഗരത്തിൽ സംഘടിപ്പിക്കുന്ന വർണ്ണാഭമായ "ആദരസന്ധ്യ 2020"ന് ഇനി പത്തു ദിവസങ്ങൾ കൂടി മാത്രം ശേഷിച്ചിരിക്കെ, പരിപാടിയുടെ അവസാന ഘട്ട ഒരുക്കത്തിലാണ് സംഘാടകർ. ലോക മലയാളി സമൂഹത്തിൽനിന്നും തെരഞ്ഞെടുക്കപ്പെടുന്ന പത്ത് വ്യക്തിത്വങ്ങൾക്ക് യു കെ മലയാളികളുടെ ആദരവാകും "യുക്മ - അലൈഡ് ആദരസന്ധ്യ 2020".

യു കെ യിലെ പ്രബല ബിസിനസ് സംരംഭകരായ അലൈഡ് മോർട്ടഗേജ് സർവീസസ് മുഖ്യ പ്രായോജകരാകുന്ന "ആദരസന്ധ്യ 2020" നോര്‍ത്ത് ലണ്ടനിലെ എന്‍ഫീല്‍ഡിലുള്ള സെന്റ് ഇഗ്നേഷ്യസ് കാത്തലിക് കോളജില്‍ ഫെബ്രുവരി ഒന്നിന് അരങ്ങേറും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കലാപ്രതിഭകളുടെ മിന്നുന്ന പ്രകടങ്ങൾ പരിപാടിക്ക് മാറ്റുകൂട്ടും. മൂന്നാമത്തെ    തവണ യുക്മ നടത്തുന്ന  "യുക്മ യു ഗ്രാന്റ് - 2019"ന്റെ  നറുക്കെടുപ്പ് "ആദരസന്ധ്യ 2020" വേദിയിൽ വച്ച്  നടത്തുന്നതാണ്.

യുക്മ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള ചെയർമാനും ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് ചെയർമാനുമായുള്ള സമിതി ഉടൻതന്നെ പുരസ്‌ക്കാര ജേതാക്കളുടെ പേരുവിവരങ്ങൾ പ്രഖ്യാപിക്കുമെന്ന് "ആദരസന്ധ്യ 2020" ഇവന്റ് ഓർഗനൈസർ അഡ്വ.എബി സെബാസ്ററ്യൻ അറിയിച്ചു. ലോക പ്രവാസി മലയാളികൾക്കും മലയാള ഭാഷക്കും സംസ്‌കാരത്തിനും നൽകിയ സംഭാവനകളെ വിലയിരുത്തിക്കൊണ്ട് വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ള അഞ്ച് വ്യക്തികൾക്കും, യു കെ മലയാളി സമൂഹത്തിനും യുക്മയ്ക്കും നൽകിയ സംഭാവനകളെ അടിസ്ഥാനപ്പെടുത്തി അഞ്ച് യു കെ മലയാളികൾക്കുമാണ് പുരസ്‌ക്കാരങ്ങൾ നൽകുന്നത്.

എഴുനൂറിൽപ്പരം ആളുകളെ ഉള്‍ക്കൊള്ളുന്നതിനുള്ള സൗകര്യമുള്ള പ്രധാന ഹാളില്‍, മികവുറ്റ എല്‍ ഇ ഡി സ്ക്രീനിന്റെ അകമ്പടിയോടെ ആണ് പരിപാടി അരങ്ങേറുക. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ആരംഭിക്കുന്ന പ്രോഗ്രാം രാത്രി എട്ട് വരെ നീണ്ടുനിൽക്കും. "ആദരസന്ധ്യ 2020"ന് പ്രവേശനം പൂർണ്ണമായും സൗജന്യമായിരിക്കും. കൂടാതെ മുന്നൂറോളം കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗജന്യ പാർക്കിംഗ് സൗകര്യവും സെന്റ് ഇഗ്‌നേഷ്യസ് കോളേജിൽ ഉണ്ടായിരിക്കുന്നതാണ്. 

ദൂര സ്ഥലങ്ങളിൽ നിന്നെത്തുന്നവരുടെ സൗകര്യാർത്ഥം മിതമായ നിരക്കിൽ ഭക്ഷണങ്ങൾ ലഭ്യമാക്കുന്ന ഫുഡ് സ്റ്റാളുകൾ ഉച്ചക്ക് പന്ത്രണ്ടു മണിമുതൽ തുറന്ന് പ്രവർത്തിക്കുന്നതായിരിക്കും. യുക്മ കുടുംബാംഗങ്ങൾക്കും യു കെ മലയാളി കലാസ്നേഹികൾക്കും ഒത്തുചേർന്ന് ആഘോഷിക്കാൻ പറ്റുന്നവിധമാണ് "ആദരസന്ധ്യ 2020" വിഭാവനം ചെയ്തിരിക്കുന്നത്. 

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ മേൽവിലാസം:-

 St.Ignatious College,

 Turkey Street, Enfield,

 London - EN1 4NP

Other News