Sunday, 06 October 2024

ചൈനീസ് റെസ്റ്റോറന്റിനെതിരെ ലോർഡ് ജസ്റ്റീസിന്റെ പരാതി. കുക്കിംഗ് ചെയ്യുന്നതിന്റെ ശബ്ദവും മണവും വീടിനുള്ളിൽ എത്തുന്നതായി കൗൺസിലിന് റിപ്പോർട്ട് ചെയ്തു. 30 വർഷം പഴക്കമുള്ള റെസ്റ്റോറന്റ് അടച്ചുപൂട്ടൽ ഭീഷണിയിൽ.

കുക്കിംഗ് ചെയ്യുന്നതിന്റെ ശബ്ദവും മണവും വീടിനുള്ളിൽ എത്തുന്നതായി കൗൺസിലിന് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് 30 വർഷം പഴക്കമുള്ള റെസ്റ്റോറന്റ് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നു. കാർഡിഫിലെ ലാൻഡാഫ് കത്തീഡ്രലിന് സമീപമുള്ള ദി സമ്മർ പാലസ് എന്ന ചൈനീസ് റെസ്റ്റോറന്റിന് എതിരായാണ് ടോപ്പ് ജഡ്ജ് പരാതി നല്കിയത്. 30 വർഷമായി നടത്തി വരുന്ന റെസ്റ്റോറന്റിന് 5 സ്റ്റാർ ഫുഡ് ഹൈജീൻ റേറ്റിംഗ് ഉണ്ട്.

64 കാരനായ ലോർഡ് ജസ്റ്റീസ് സർ ഗാരി ഹിക്കിൻബോട്ടവും പത്നിയുമാണ് റെസ്റ്റോറന്റിനെതിരെ നടപടി ആവശ്യപ്പെട്ടത്. മൂന്നു വർഷം മുമ്പാണ് ലോർഡ് ജസ്റ്റീസ് റെസ്റ്റോറന്റിനടുത്ത് 525,000 പൗണ്ടിന്റെ വീട് വാങ്ങിയത്. വീടിനുള്ളിലേയ്ക്ക് എത്തുന്ന മണം അസഹനീയമാണെന്ന പരാതിയെത്തുടർന്ന് കൗൺസിൽ ഇടപെടുകയും എക്ട്രാക്ഷൻ ഫാൻ വേണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. റെസ്റ്റോറന്റ് ഉടമ ഫാൻ പിടിപ്പിച്ചതോടെയാണ് പ്രശ്നം വഷളായത്. ഇതിനായി റെസ്റ്റോറന്റ് പ്ളാനിംഗ് പെർമിഷൻ എടുത്തിരുന്നില്ല. കൗൺസിൽ ഇതിനെതിരെ നടപടി എടുക്കുകയും ഇതേത്തുടർന്ന് റെസ്റ്റോറന്റ് ഉടമ കാർഡിഫ് മജിസ്ട്രേറ്റ് കോടതിയിൽ എൻവയോൺമെൻറ് ഹെൽത്ത് നിയമം ലംഘിച്ചതിന് ഹാജരാകുകയും ചെയ്യണം.

എന്നാൽ സ്ഥലവാസികൾ റെസ്റ്റോറന്റിനെതിരായ നീക്കത്തിനെതിരെ അമർഷം രേഖപ്പെടുത്തിക്കഴിഞ്ഞു. റെയിൽ സ്റ്റേഷനടുത്ത് വീട് വാങ്ങിച്ചിട്ട് ട്രെയിനിന്റെ ശബ്ദം സഹിക്കാനാവുന്നില്ല എന്ന് പറയുന്നതു പോലെയാണ് ഇതെന്ന് അവർ പറയുന്നു. റെസ്റ്റോറന്റിനെ സംരക്ഷിക്കാൻ കൂട്ടായ ശ്രമങ്ങൾക്ക് ഇവർ തുടക്കമിട്ടു കഴിഞ്ഞു.

Other News