ജനുവരി 31ന് ബ്രെക്സിറ്റ് ഉറപ്പിച്ചു. ബ്രെക്സിറ്റ് ഡീൽ നിയമമായി. യൂറോപ്യൻ യൂണിയൻ വിടാനുള്ള എഗ്രിമെന്റിൽ ക്വീൻ ഒപ്പുവച്ചു.
ജനുവരി 31ന് ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിടുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായി. പാർലമെന്റ് അംഗീകരിച്ച വിത് ഡ്രാവൽ എഗ്രിമെന്റിൽ ക്വീൻ ഇന്നലെ ഒപ്പുവച്ചു. ബിൽ ഇതോടെ നിയമമായതായി കോമൺസ് ഡെപ്യൂട്ടി സ്പീക്കർ നൈജൽ ഇവാൻസ് എംപിമാരെ അറിയിച്ചു. സ്പീക്കറുടെ അറിയിപ്പ് ആഹ്ളാദാരവങ്ങളോടെയാണ് കൺസർവേറ്റീവ് എംപിമാർ സ്വീകരിച്ചത്. വാഗ്ദാനം നല്കി, വാഗ്ദാനം നടപ്പിലാക്കി എന്ന് അവർ വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്നാൽ ഖേദകരമായ മുഹൂർത്തമെന്നാണ് ബ്രെക്സിറ്റിനെ എതിർക്കുന്ന എംപിമാർ പ്രതികരിച്ചത്. 2020 ഡിസംബർ വരെ ബ്രെക്സിറ്റ് ട്രാൻസിഷൻ പീരിയഡാണ്.
ബ്രെക്സിറ്റ് റഫറണ്ടത്തെ തുടർന്ന് 2016 ൽ തുടങ്ങിയ യുകെയിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിനു വിരാമമിടുന്ന ഏറ്റവും സുപ്രധാനമായ നിയമനിർമ്മാണം ഇപ്പോൾ വിജയകരമായി പൂർത്തിയായിരിക്കുന്നത്. ഡേവിഡ് കാമറോൺ പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് യൂറോപ്യൻ യൂണിയൻ റഫറണ്ടം നടന്നത്. റഫറണ്ടത്തിന്റെ റിസൽട്ട് വന്നയുടൻ അദ്ദേഹം രാജി വയ്ക്കുകയും തെരേസ മേ പ്രധാനമന്ത്രിയാവുകയും ചെയ്തു. രണ്ടു വർഷത്തോളം നീണ്ട മാരത്തൺ ചർച്ചകൾ തെരേസ മേ യൂറോപ്യൻ നേതാക്കളുമായി നടത്തി പാർലമെന്റിന്റെ മുമ്പിൽ അവതരിപ്പിച്ച ബ്രെക്സിറ്റ് ഡീൽ എം.പിമാർ പലതവണ തള്ളിക്കളഞ്ഞു. പാർലമെൻറിൽ ഭൂരിപക്ഷം കൂട്ടാനായി ഇലക്ഷൻ നടത്തിയെങ്കിലും തെരേസ മേയ്ക്ക് ചുവടു പിഴച്ചു. ഉണ്ടായിരുന്ന ഭൂരിപക്ഷവും നഷ്ടപ്പെട്ട് കൂട്ടുകക്ഷി ഭരണം നയിക്കേണ്ട അവസ്ഥയിലെത്തി.
പാർലമെന്റിൽ നിരന്തര പരാജയമേറ്റു വാങ്ങിയ തെരേസ മേ അവസാനം പ്രധാനമന്ത്രി പദം രാജിവച്ചു. കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനത്തേയ്ക്ക് നടന്ന ഇലക്ഷനിൽ ബോറിസ് ജോൺസൺ വിജയിക്കുകയും പ്രധാനമന്ത്രി പദമേറ്റെടുക്കുകയും ചെയ്തു. പാർലമെന്റിൽ തന്റെ ബ്രെക്സിറ്റ് ഡീൽ പാസാക്കിയെടുക്കാൻ പരിശ്രമിച്ച് പരാജയപ്പെട്ട ബോറിസ് ഇടക്കാല ഇലക്ഷൻ പ്രഖ്യാപിക്കുകയായിരുന്നു. ഇലക്ഷനിൽ 80 എം.പിമാരുടെ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ബോറിസ് ജോൺസണ് പാർലമെന്റിൽ ബ്രെക്സിറ്റ് ബിൽ എളുപ്പം പാസാക്കിയെടുക്കാൻ കഴിഞ്ഞു.