Wednesday, 22 January 2025

"യുക്മ - അലൈഡ് ആദരസന്ധ്യ 2020" - വി.പി സജീന്ദ്രന്‍ എം.എല്‍.എയ്ക്ക് നിയമനിര്‍മ്മാണ പുരസ്ക്കാരം; അഡ്വ. പോള്‍ ജോണ്‍ (ലണ്ടന്‍)ന് ബെസ്റ്റ് ഇന്റര്‍നാഷണല്‍ ലോയര്‍ പുരസ്ക്കാരം 

സജീഷ് ടോം 

(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

ദശാബ്ദി പൂര്‍ത്തിയാക്കിയ യുക്മ ലണ്ടന്‍ നഗരത്തില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ സാംസ്ക്കാരിക പരിപാടി എന്ന നിലയില്‍ ഇതിനോടകം ശ്രദ്ധ നേടിയ "ആദരസന്ധ്യ 2020" നോട് അനുബന്ധിച്ച് പുരസ്ക്കാര ജേതാക്കളായ പത്ത് പേരുടെ പേരുകള്‍ യുക്മ ദേശീയ നേതൃത്വം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.  ഫെബ്രുവരി 1 ശനിയാഴ്ച്ച നടക്കുന്ന "യുക്മ ആദരസന്ധ്യ 2020"നോട് അനുബന്ധിച്ച് പുരസ്‌ക്കാര ജേതാക്കൾക്ക്   പൊന്നാടയും പ്രശംസപത്രവും മൊമൊന്റോയും വിശിഷ്ടവ്യക്തികള്‍ സമ്മാനിക്കുന്നതാണ്. നിയമനിര്‍മ്മാണ പുരസ്ക്കാരം നേടിയ വി.പി സജീന്ദ്രന്‍ എം.എല്‍.എ, ബെസ്റ്റ് ഇന്റര്‍നാഷണല്‍ ലോയര്‍  അഡ്വ. പോള്‍ ജോണ്‍ (ലണ്ടന്‍) എന്നിവരെ പരിചയപ്പെടാം.

മികച്ച പാര്‍ലമെന്റേറിയന് യു.കെയിലെ മലയാളി സംഘടനകളുടെ ദേശീയ കൂട്ടായ്മയായ യുക്മ ഏര്‍പ്പെടുത്തിയ  നിയമനിര്‍മ്മാണ പുരസ്ക്കാരം വി പി സജീന്ദ്രന്‍ എം എല്‍ എ യ്ക്ക്.  നിയമസഭയില്‍ ബില്ലുകള്‍ക്ക്  ഏറ്റവും കൂടുതല്‍ ഭേദഗതി കൊണ്ടുവരികയും അതില്‍തന്നെ കൂടുതല്‍ ദേഭഗതികള്‍ സര്‍ക്കാര്‍ അംഗീകരിയ്ക്കുകയും ചെയ്തതിനാണ് പുരസ്ക്കാരം. 

തിരുവനന്തപുരം ഗവ.ലോ കോളജിലെ കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റ് മുതല്‍ കെ.പി.സി.സി.സെക്രട്ടറി വരെ വിവിധ സ്ഥാനങ്ങള്‍ രാഷ്ട്രീയരംഗത്ത് സജീന്ദ്രന്‍ വഹിച്ചിട്ടുണ്ട്. കേരളാ സര്‍വകലാശാലാ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, സ്റ്റുഡന്റ്സ് കൗണ്‍സില്‍ മെമ്പര്‍. മഹാത്മാഗാന്ധി സര്‍വകലാശാലാ,  കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലാ, കേരളാ മത്സ്യ ബന്ധന സമുദ്ര ഗവേഷണ സര്‍വകലാശാലാ എന്നിവടങ്ങളില്‍ സെനറ്റ് മെമ്പര്‍, കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റ് മെമ്പര്‍. തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു. നിയമസഭയിലെ വിവിധ കമ്മറ്റികളുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

13, 14 കേരളാ നിയമസഭയില്‍ നിയമ നിര്‍മ്മാണത്തിലും, വിവിധ മേഖലകളിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പഠിച്ച് സ്വകാര്യ ബില്ലുകള്‍ സഭയില്‍ അവതരിപ്പിയ്ക്കുന്നതിലും മുന്നില്‍. നിയമസഭയില്‍ ഏറ്റവും കൂടുതല്‍ നിയമ ഭേദഗതി കൊണ്ടുവരികയും അതില്‍തന്നെ ഏറ്റവും കൂടുതല്‍ നിയമ ഭേദഗതി സര്‍ക്കാര്‍ അംഗീകരിയ്ക്കുകയും ചെയ്തതിനാണ് പുരസ്ക്കാരം.

ആനുകാലിക വിഷയങ്ങള്‍ പഠിച്ച് നിയമസഭയില്‍ ഏറ്റവും സരസമായി അവതരിപ്പിയ്ക്കുന്നതിലൂടെയും ശ്രദ്ധേയനാണ് വി.പി.സജീന്ദ്രന്‍ എം.എല്‍.എ. നിര്‍ധനരായ രോഗികള്‍ക്ക് സഹായമെത്തിയ്ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുന്ന പൊതുപ്രവര്‍ത്തകനാണ് ശ്രീ.സജീന്ദ്രന്‍. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് നിര്‍ധനരുടെ ചികിത്സയ്ക്കായി 25 കോടിയില്‍ പരം രൂപ അദ്ദേഹത്തിന്റെ നിയോജക മണ്ഡലമായ കുന്നത്തുനാട്ടില്‍ അനുവദിപ്പിച്ച് നല്‍കിയത് ഏറെ ജനശ്രദ്ധ നേടിയിരുന്നു.

ബെസ്റ്റ് ഇന്റര്‍നാഷണല്‍ ലോയര്‍ പുരസ്ക്കാരം - അഡ്വ. പോള്‍ ജോണ്‍ (ലണ്ടന്‍) 

യു.കെയിലും അന്തര്‍ദേശീയ തലത്തിലും കുടിയേറ്റ നിയമ രംഗത്തെ പ്രാഗത്ഭ്യം പരിഗണിച്ചാണ് അഡ്വ. പോള്‍ ജോണ്‍ (ലണ്ടന്‍) - ബെസ്റ്റ് ഇന്റര്‍നാഷണല്‍ ലോയര്‍ പുരസ്ക്കാരം നേടിയത്. 

യു.കെ മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ നിയമസ്ഥാപനങ്ങളിലൊന്നാണ് പോള്‍ ജോണ്‍ സോളിസിറ്റേഴ്സ്. ലണ്ടന്‍ സ്ട്രാറ്റ്ഫോഡിലും കൊച്ചിയിലും ഓഫീസുള്ള ഈ സ്ഥാപനം ഇമിഗ്രേഷന്‍ രംഗത്ത് വളരെ മികച്ച സേവനം കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി നല്‍കി വരുന്നു. കൂടാതെ ഫാമിലി, പ്രോപ്പര്‍ട്ടി എന്നീ മേഖലകളിലും ഇവരുടെ നിയമ സേവനം ലഭ്യമാണ്.

ഇമിഗ്രേഷന്‍ നിയമങ്ങളില്‍ മലയാളി സോളിസിറ്റേഴ്സിനിടയില്‍ പോള്‍ ജോണിന്റെ പ്രാഗത്ഭ്യം പ്രശാംസനീയമാണ്. പ്രമുഖ ടെലിവിഷന്‍ ചാനലായ സീ ടി.വിയില്‍ ഇമിഗ്രേഷന്‍ സംബന്ധമായ ഷോകളില്‍ അദ്ദേഹം പങ്കെടുക്കാറുണ്ട്. ഇമിഗ്രേഷന്‍ സംബന്ധമായ ബ്ലോഗുകളും മറ്റ് ഓണ്‍ലൈന്‍ ലേഖനങ്ങളും എഴുതുന്നതിലൂടെ ഏറെ ശ്രേദ്ധേയനാണ് പോൾ ജോൺ. എറണാകുളം ഗവ. ലോ കോളേജില്‍ നിന്നും നിയമത്തില്‍ ബിരുദവും കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്.  

Other News