Tuesday, 28 January 2025

"യുക്മ - അലൈഡ് ആദരസന്ധ്യ 2020" പുരസ്ക്കാര ജേതാക്കളെ പരിചയപ്പെടുത്തുന്ന പംക്തി തുടരുന്നു. പ്രവാസിരത്ന പുരസ്ക്കാരം - ജോളി തടത്തില്‍ (ജര്‍മ്മനി), കലാഭൂഷണം പുരസ്ക്കാരം - ദീപ നായര്‍ (നോട്ടിങ്ഹാം - യു കെ)   

സജീഷ് ടോം 

(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

ഫെബ്രുവരി ഒന്ന് ശനിയാഴ്ച ലണ്ടൻ നഗരത്തിൽ യുക്മ ഒരുക്കുന്ന "യുക്മ - അലൈഡ് ആദരസന്ധ്യ 2020" ചരിത്ര സംഭവമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽനിന്നുള്ള പത്ത് ബഹുമുഖപ്രതിഭകൾ ചടങ്ങിൽ ആദരിക്കപ്പെടും.

പ്രവാസിരത്ന പുരസ്ക്കാരം - ജോളി തടത്തില്‍ (ജര്‍മ്മനി) 

പ്രവാസി മലയാളികള്‍ക്കിടയിലെ പ്രവര്‍ത്തന മികവിനുള്ള പ്രവാസിരത്ന പുരസ്ക്കാരം  നേടിയത് ജോളി തടത്തില്‍ (ജര്‍മ്മനി) ആണ്. ബിസ്സിനസ്സ്, സ്പോര്‍ട്ട്സ്, ബാങ്കിങ്, സംഘടനാ പ്രവര്‍ത്തനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ സമസ്ത മേഖലകളിലെ പ്രവര്‍ത്തന മികവാണ് അദ്ദേഹത്തെ പുരസ്ക്കാര നേട്ടത്തിന് അര്‍ഹനാക്കിയത്.      

ജര്‍മ്മന്‍ മലയാളികളിലെ മുന്‍നിര ബിസ്സിനസ്സുകാരനാണ് ജോളി തടത്തില്‍. കഴിഞ്ഞ 25 വര്‍ഷമായി ഹൗസ് കണ്‍സപ്റ്റ് തടത്തില്‍ എന്ന പേരില്‍ അദ്ദേഹം നടത്തി വരുന്ന പ്രായമായവര്‍ക്കുള്ള കെയര്‍ഹോമുകള്‍ ഏകദേശം 350 ൽ അധികം കുടുംബങ്ങള്‍ക്ക് ഒരേ സമയം സേവനം നല്‍കുന്നു. 10 സ്ഥാപനങ്ങളാണ് ഈ പേരില്‍ അദ്ദേഹത്തിനുള്ളത്. 

മൂവാറ്റുപുഴ നിര്‍മ്മല കോളേജില്‍ നിന്നും ബോട്ടണി ബി.എസ്.സി, പാലാ സെന്റ് തോമസ് കോളേജില്‍ നിന്നും എം.എസ്.സി, കേരള സര്‍വകലാശാലയില്‍ നിന്നും സോഷ്യോളജിയില്‍ പി.ജി എന്നിവ പൂര്‍ത്തിയാക്കി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്സില്‍ നിന്നും ഉപരിപഠനം നടത്തി ഫെഡറല്‍ ബാങ്കില്‍ ജോലി നോക്കി വരവെയാണ് 1981ല്‍ ജര്‍മ്മനിയിലേയ്ക്ക്  അദ്ദേഹം കുടിയേറുന്നത്.  

പൊതുരംഗത്തും മലയാളി സംഘടനാ രംഗത്തും സജീവമായിരുന്ന ജോളി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍, പ്രസിഡന്റ്, ഗ്ലോബല്‍ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയ പദവികളില്‍ വ്യക്തമായ ലക്ഷ്യബോധത്തോടുകൂടിയ പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുള്ള വ്യക്തിയെന്നതിലുപരി ഒരു തികഞ്ഞ സംഘാടകനുമാണ്. 

പ്രഥമ ലോകകേരളസഭയില്‍ സര്‍ക്കാരിന്റെ പ്രത്യേക ക്ഷണിതാവായി ജര്‍മനിയില്‍ നിന്നും ജോളി തടത്തില്‍ പങ്കെടുത്തു. വോളിബോള്‍ താരം എന്ന നിലയില്‍ ചെറുപ്പം മുതലേ കായിക മേഖലയില്‍ ഏറെ സജീവമായ അദ്ദേഹം ജര്‍മ്മനിയിലെ വോളിബോള്‍ ട്രയിനര്‍, റഫറി എന്നീ ലൈസന്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 

ഷ്വെല്‍മ് കൗണ്‍സിലിലേയ്ക്ക് ജര്‍മ്മനിയിലെ ദേശീയ പാര്‍ട്ടിയായ ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടി (എഫ്.ഡി.പി) സ്ഥാനാര്‍ത്ഥിയായി 2014ല്‍ മത്സരിച്ച് വിജയിച്ചിട്ടുണ്ട്.

കലാഭൂഷണം പുരസ്ക്കാരം - ദീപ നായര്‍ (നോട്ടിങ്ഹാം - യു കെ)   

കലാരംഗത്തെ നേട്ടങ്ങള്‍ക്കും യുക്മയ്ക്ക് നാളിതുവരെ  നല്‍കിയിട്ടുള്ള സേവനങ്ങളെയും പരിഗണിച്ചാണ് ദീപ നായര്‍ (നോട്ടിങ്ഹാം)ന് കലാഭൂഷണം പുരസ്ക്കാരം സമ്മാനിക്കുന്നത്.  യു.കെയിലെ പ്രമുഖ ഭരതനാട്യം  നര്‍ത്തകി എന്നതിനൊപ്പം തന്നെ കലാരംഗത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സംഘടിപ്പിക്കുന്നതിനും മുന്‍നിരയില്‍ തന്നെയാണ് ദീപയുള്ളത്. 

2001ല്‍ മിസ് തിരുവനന്തപുരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ദീപ തിരുവനന്തപുരം ഓള്‍ സെയിന്റ്സ് കോളേജില്‍ നിന്നും മാത്തമാറ്റിക്സ് ബി.എസ്.സി, ഐ.സി.എഫ്.എ.ഐയില്‍ നിന്നും എം.ബി.എ എന്നിവ നേടിയ ശേഷം ബ്രിട്ടണിലെ ഇംപീരിയല്‍ സൊസൈറ്റി ഓഫ് ടീച്ചേഴ്സ് ഓഫ് ഡാന്‍സിങ്ല്‍ നിന്നും ഡാന്‍സിങില്‍ ഗ്രേഡ് 5 യോഗ്യത നേടിയിട്ടുണ്ട്.

ലോകപ്രശസ്ത സംഗീത-നൃത്ത വിദഗ്ദ്ധര്‍ ഒത്തുചേരുന്ന ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ സൂര്യ ഫെസ്റ്റിവല്‍ സംഘാടകസമിതിയ്ക്കൊപ്പം 1999-2001 കാലഘട്ടത്തില്‍ വോളണ്ടിയറായും തിരുവനന്തപുരം റോട്ടറാക്ട് ക്ലബ് ജോയിന്റ് സെക്രട്ടറിയായി 2001-2002ലും ഇതേ കാലഘട്ടത്തില്‍ സൂര്യ ടി.വിയില്‍ അവതാരകയായും പ്രവര്‍ത്തിച്ചു.  

ബ്രിട്ടണിലെത്തിയ ശേഷം 2011ല്‍ നോര്‍ത്ത് വെസ്റ്റിലെ  കാള്‍ ഐല്‍ മള്‍ട്ടികള്‍ച്ചറല്‍ സെക്രട്ടറിയായി 2011-2013 കാലഘട്ടത്തില്‍ പ്രവര്‍ത്തീക്കുമ്പോള്‍ നിരവധി സാംസ്ക്കാരിക പരിപാടികള്‍ക്കും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി. പരിപാടികളെ കൂടുതല്‍ ആളുകളിലേയ്ക്ക് എത്തിക്കുന്നതിന് വേണ്ടി ബി.ബി.സി റേഡിയോ ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കുകയും  ബര്‍ണാര്‍ഡോസ് എന്ന കുട്ടികളുടെ ചാരിറ്റിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. 

ഭരതനാട്യം നര്‍ത്തകിയെന്ന നിലയില്‍ യു.കെയിലെ നിരവധി വേദികളില്‍ തിളങ്ങിയിട്ടുള്ള ദീപ നോട്ടിങ്ഹാം ലാസ്യ സ്കൂള്‍ ഓഫ് ഭരതനാട്യം, ലെസ്റ്റര്‍ നൂപുര്‍ ആര്‍ട്ട്സ്, ലീഡ്സ് സൗത്ത് ഏഷ്യന്‍ ആര്‍ട്ട് എന്നീ പ്രശസ്തമായ ഡാന്‍സ് സ്ഥാപനങ്ങള്‍ക്കൊപ്പം പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. സമര്‍പ്പണ എന്ന പേരില്‍ ബര്‍മ്മിങ്ഹാമില്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന സംഗീത-നൃത്ത പരിപാടിയില്‍ നൃത്തം അവതരിപ്പിക്കുന്നതിനും സംഘാടിപ്പിക്കുന്നതിന് പിന്നിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

വര്‍ഷങ്ങളായി യുക്മയുടെ റീജിയണല്‍-നാഷണല്‍ കലാമേളകളില്‍ വിധികര്‍ത്താവായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കലാമേളയിലെ നൃത്ത ഇനങ്ങളുടെ നിയമാവലി രൂപീകരിക്കുന്നതിനും മറ്റും സംഘാടകസമിതിയെ സഹായിച്ചിട്ടുമുണ്ട്. 2017-2018ലെ യുക്മ സ്റ്റാര്‍ സിംഗറില്‍ പ്രധാന അവതാരകയായിരുന്നു. 2018ല്‍ ഒക്സ്ഫഡില്‍ നടന്ന കേരളാ പൂരം വള്ളംകളിയില്‍  തല്‍സമയ പ്രക്ഷേപണം നല്‍കുന്നതിന് അവതാരകയാവുകയും ശശി തരൂര്‍ എംപി, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, വി.ടി ബല്‍റാം എന്നിവര്‍ ഉള്‍പ്പെടെയുള്ള ക്ഷണിതാക്കളുമായി അഭിമുഖം നടത്തുകയും ചെയ്തു. 

യുക്മയുടെ അംഗ അസോസിയേഷനുകളില്‍ പ്രമുഖസ്ഥാനം അലങ്കരിക്കുന്ന നോട്ടിങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സാംസ്ക്കാരിക പരിപാടികളിലെ നിറസാന്നിധ്യവുമായ ദീപ നായര്‍ കലാഭൂഷണം പുരസ്ക്കാര ജേതാവ് ആയതില്‍ എന്‍.എം.സി.എ അംഗങ്ങളും ആഹ്ളാദഭരിതരാണ്.      

Other News