മാധവന്‍ നായര്‍ : ബെസ്റ്റ് ട്രാന്‍സ്അറ്റ്ലാന്റിക് ലീഡര്‍, തമ്പി ജോസ് (ലിവര്‍പൂള്‍): "കര്‍മ്മശ്രേഷ്ഠ" പുരസ്ക്കാരം
സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
ദശാബ്ദി പൂര്‍ത്തിയാക്കിയ യുക്മ ലണ്ടന്‍ നഗരത്തില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ സാംസ്ക്കാരിക പരിപാടി എന്ന നിലയില്‍ ഇതിനോടകം ശ്രദ്ധ നേടിയ "ആദരസന്ധ്യ 2020" നോട് അനുബന്ധിച്ച് പുരസ്ക്കാര ജേതാക്കളായ പത്ത് പേരുടെ പേരുകള്‍ യുക്മ ദേശീയ നേതൃത്വം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 1 ശനിയാഴ്ച്ച നടക്കുന്ന "യുക്മ ആദരസന്ധ്യ 2020"നോട് അനുബന്ധിച്ച് പുരസ്‌ക്കാര ജേതാക്കള്‍ക്ക് പൊന്നാടയും പ്രശംസപത്രവും മൊമൊന്റോയും വിശിഷ്ടവ്യക്തികള്‍ സമ്മാനിക്കുന്നതാണ്. ബെസ്റ്റ് ട്രാന്‍സ്അറ്റ്ലാന്റിക് ലീഡര്‍ പുരസ്ക്കാരം നേടിയ മാധവന്‍ ബി. നായര്‍, "കര്‍മ്മശ്രേഷ്ഠ" പുരസ്ക്കാരത്തിന് അര്‍ഹനായ തമ്പി ജോസ് (ലിവര്‍പൂള്‍) എന്നിവരെ പരിചയപ്പെടാം.
മാധവന്‍ നായര്‍ : ബെസ്റ്റ് ട്രാന്‍സ്അറ്റ്ലാന്റിക് ലീഡര്‍
യൂറോപ്പ്-അമേരിക്ക മേഖലയിലെ ഏറ്റവും മികച്ച സംഘടനാ നേതാവായി അമേരിക്കന്‍ വന്‍കരയിലെ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മലയാളി സംഘടനാ കൂട്ടായ്മയായ ഫൊക്കാനയുടെ പ്രസിഡന്റ് മാധവന്‍ നായര്‍ തെരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് ട്രാന്‍സ്അറ്റ്ലാന്റിക് ലീഡര്‍ പുരസ്ക്കാരമാണ് അദ്ദേഹത്തിന് സമ്മാനിക്കുന്നത്.
മാധവന്‍ നായര്‍ ന്യൂജേഴ്‌സിയിലെ അറിയപ്പെടുന്ന സാംഘടനാ പ്രവര്‍ത്തകനും ബിസിനസുകാരനും കൂടിയാണ്. വ്യവസായ രംഗത്തു പ്രവര്‍ത്തിക്കുന്ന മാധവന്‍ നായര്‍ക്ക് ഓരോ വിഷയത്തിലും ഉള്ള നിലപാട് ഫൊക്കാനയ്ക്കു വേണ്ടിയും അമേരിക്കന്‍ - കേരളീയ മലയാളി സമൂഹത്തിനും വേണ്ടി ഉപയോഗപ്പെടുത്തുകയാണ്.
തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം പൂനൈ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാനേജുമെന്റില്‍ ബിരുദവും പെന്‍സല്‍വാനിയ അമേരിക്കന്‍ കോളേജില്‍ നിന്ന് ഫിനാന്‍സില്‍ ബിരുദവും നേടിയ ശേഷം 2005 ല്‍ ന്യൂ ജേഴ്‌സി ആസ്ഥാനമായി ഫിനാന്‍ഷ്യല്‍ കണ്‍സല്‍ട്ടന്റ് സ്ഥാപനം ആരംഭിച്ചു. ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രസിഡന്റും, നാമം സ്ഥാപകനും, എം ബി എന്‍ ഇന്‍ഷുറന്‍സ് ആന്‍ഡ് ഫിനാഷ്യല്‍ കണ്‍സള്‍ട്ടന്‍സിഉടമയുമാണ്.
ഫൊക്കാനാ കേരളാ ഗവണ്‍മെന്റിന്റെ തൊഴില്‍ വകുപ്പുമായി സഹകരിച്ച് തോട്ടം മേഖലയില്‍ നിര്‍മ്മിച്ചു നല്‍കുന്ന നൂറ് വീടുകളില്‍ ആദ്യത്തെ പത്തു വീടുകളുടെ താക്കോല്‍ദാനം ജനുവരി 12 ന് മൂന്നാറില്‍ തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. കേരളത്തെ വേട്ടയാടിയ 2018ലെ മഹാപ്രളയത്തില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ ജില്ലകളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് ഫൊക്കാനാ ഭവനം പ്രോജക്ടിന് രൂപം നല്‍കിയത്. പ്രബലമായ പ്രവാസി സംഘടനയായ ഫൊക്കാനയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളെ കേരള സമൂഹം വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. അതിന് നേതൃത്വം നല്‍കുന്ന മാധവന്‍ നായര്‍ യൂറോപ്പ്-അമേരിക്കന്‍ മേഖലയിലെ പകരം വയ്ക്കാനില്ലാത്ത കാലഘട്ടത്തിന്റെ മലയാളി നേതാവ് എന്ന് വിശേഷിപ്പിക്കപ്പെടേണ്ടിയിരിക്കുന്നു.
തമ്പി ജോസ് (ലിവര്‍പൂള്‍): "കര്‍മ്മശ്രേഷ്ഠ" പുരസ്ക്കാരം
യു.കെ മലയാളികള്‍ക്കിടയിലും യുക്മയിലും നാളിത് വരെ നല്‍കിയിട്ടുള്ള സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് തമ്പി ജോസ് (ലിവര്‍പൂള്‍) "കര്‍മ്മശ്രേഷ്ഠ" പുരസ്ക്കാരത്തിന് അര്‍ഹനായത്.
തമ്പി ജോസിനു യുക്മ കൊടുക്കുന്ന അവാര്‍ഡ് മുഴുവന്‍ ലിവര്‍പൂള്‍ മലയാളികള്‍ക്കും ഉള്ള അംഗീകാരം എന്ന നിലയില്‍ ഇതിനോടകം തന്നെ ശ്രദ്ധേയമായിരിക്കുകയാണ്. ലിവര്‍പൂള്‍ മലയാളി സമൂഹം തമ്പി ജോസിനെ അഭിനന്ദന പ്രവാഹംകൊണ്ട് മൂടുകയാണ്.
2000 ത്തോടുകൂടി ബ്രിട്ടണിലെ നഴ്സിംഗ് മേഖലയില്‍ ഉണ്ടായ കുടിയേറ്റത്തിനൊപ്പം എത്തിയ ആളുകളെ സഹായിക്കുന്നതില്‍ അദ്ദേഹം നടത്തിയിട്ടുള്ള നിസ്തുലമായ സേവനം പകരം വയ്ക്കാനില്ലാത്തതാണ്. മലയാളികളെ സംഘടിപ്പിക്കുന്നതിനും അവരെ തദ്ദേശീയ സമൂഹവുമായി ചേര്‍ത്ത് നിര്‍ത്തുന്നതിനും അദ്ദേഹം മുന്‍കൈ എടുത്ത് ഏറെ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. യു.കെയിലെ ഏറ്റവും മികച്ച മലയാളി സംഘടനകളില്‍ ഒന്നായ ലിവര്‍പൂള്‍ ലിംക ( ളീമ്മ്ചാ)യ്ക്ക് പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമ്പി ജോസ് പ്രസിഡണ്ട് ആയി തുടക്കം ഇട്ടതാണ്. ഒട്ടേറെ കുട്ടികള്‍ക്ക് അവസരം ലഭിച്ച എല്ലാ വര്‍ഷവും ലിംക നടത്തുന്ന ചില്‍ഡറന്‍സ് ഫെസ്റ്റിവല്‍, മലയാളം പുസ്തകങ്ങള്‍ സംഘടിപ്പിച്ച് തുടക്കമിട്ട ലൈബ്രറി എന്നിവ യു.കെയിലെമ്പാടും സംഘടനകള്‍ക്ക് മാതൃകയായവയാണ്. നിലവില്‍ ലിംകയുടെ പ്രസിഡണ്ട് ആയി അദ്ദേഹം പ്രവര്‍ത്തിക്കുന്നു. ജോലി സ്ഥലത്ത് നേരിടുന്ന പ്രശ്നങ്ങള്‍ക്കും പോലീസ് കേസുകളില്‍ നിന്നും രക്ഷപ്പെടുന്നതിനുമായി മലയാളികള്‍ക്ക് കൃത്യമായ നിയമോപദേശം നല്‍കുന്നതിനും തമ്പി ജോസിന് കഴിഞ്ഞിട്ടുണ്ട്. ലിവര്‍പൂള്‍ വാള്‍ട്ടന്‍ ബ്ലെസ്സ്ഡ് സെക്കര്‍മെന്റ് ഹൈസ്കൂളിന്‍റെ തെരഞ്ഞെടുക്കപ്പെട്ട ഗവര്‍ണര്‍ ആയും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സംഭാവനകളെ മുന്‍നിര്‍ത്തി 2014ല്‍ ലിവര്‍പൂള്‍ മലയാളി പൗരാവലി വലിയൊരു സ്വീകരണം തന്നെ സംഘടിപ്പിച്ചിരുന്നു.
കോട്ടയം ജില്ലയിലെ പാലയില്‍ കുരിശുംമൂട്ടില്‍ കുടുംബാംഗമായ തമ്പി ജോസ് പാല സെന്റ് സെന്റ് വിന്‍സെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നിന്നും പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പാലാ സെന്റ് തോമസ് കോളേജില്‍ നിന്നും എക്കണോമിക്സില്‍ ഡിഗ്രിയും, കേരളാ യൂണിവേഴ്സിറ്റി കാര്യവട്ടം കാമ്പസില്‍ നിന്നും പോസ്റ്റ് ഗ്രാജുവേഷനും, തിരുവനന്തപുരം ഗവര്‍മെന്റ് ലോ കോളേജില്‍ നിന്നും എല്‍.എല്‍.ബിയും പഠിച്ചതിനു ശേഷം സിണ്ടിക്കേറ്റ് ബാങ്കിന്‍റെ മാനേജര്‍ ആയി ജോലി നോക്കിയിരുന്ന കാലത്താണ് യു.കെയിലേക്ക് കുടിയേറിയത്. ലിവര്‍പൂള്‍ ജോണ്‍മൂര്‍ യൂണിവെഴ്സിറ്റിയില്‍ നിന്നും എംബി.എയെയും നേടി ഇപ്പോള്‍ മേഴ്സി റെയില്‍വേയില്‍ ഓഫീസറായി ജോലി ചെയ്യുന്നു. തൊഴില്‍ മേഖലയില്‍ അദ്ദേഹത്തിന്റെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി തവണ അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്. സെര്‍കോ ഗ്ലോബല്‍ അവാര്‍ഡ്, പള്‍സ് ഡിവിഷണല്‍ അവാര്‍ഡ്, അക്കാദമി അംബാസിഡര്‍ അവാര്‍ഡ് എന്നിവ അവയില്‍ ഏതാനും മാത്രമാണ്.
വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്ന അദ്ദേഹം പാലാ സെന്റ് തോമസില്‍ ജനറല്‍ സെക്രട്ടറി, കാര്യവട്ടം കാമ്പസില്‍ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, കേരളാ യൂണിവേഴ്സിറ്റി അക്കാദമിക് കൗണ്‍സില്‍ അംഗം എന്നീ പദവികളില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അന്തരിച്ച മുന്‍നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ പ്രസിഡന്റ് ആയിരുന്ന കമ്മറ്റിയില്‍ കെ.എസ്.യു സംസ്ഥാന ട്രഷറര്‍ ആയിരുന്നു.
നിലവില്‍ യുക്മ ദേശീയ ഉപദേശകസമിതി അംഗമായ അദ്ദേഹം നാഷണല്‍ എക്സിക്യുട്ടീവ് കമ്മറ്റി അംഗം, നഴ്സസ് ഫോറം ലീഗല്‍ അഡ്വൈസര്‍, സാംസ്ക്കാരിക വേദി വൈസ് ചെയര്‍മാന്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.