ആധുനിക ബ്രിട്ടണിൽ ഇന്ന് സ്വാതന്ത്ര്യ ദിനം. രാത്രി 11 മണിക്ക് യുകെ യൂറോപ്യൻ യൂണിയൻ വിടും. ഡൗണിംഗ് സ്ട്രീറ്റ് കൗണ്ട് ഡൗണിന് റെഡി. 3 മില്യൺ ബ്രെക്സിറ്റ് നാണയങ്ങൾ ഇന്ന് പുറത്തിറക്കും.
ചരിത്ര നിമിഷങ്ങളിലേക്ക് യുണൈറ്റഡ് കിംഗ്ഡവും 67 മില്യൺ ജനങ്ങളും അടുക്കുന്നു. ആധുനിക ബ്രിട്ടൺ വീണ്ടുമൊരു സ്വാതന്ത്ര്യ ദിന പുലരിയ്ക്കായി തയ്യാറെടുക്കുന്നു. ഇന്ന് രാത്രി 11 മണിക്ക് ഔദ്യോഗികമായി യുകെ യൂറോപ്യൻ യൂണിയൻ വിടും. ഇതിനായി ഡൗണിംഗ് സ്ട്രീറ്റിൽ കൗണ്ട് ഡൗൺ ക്ലോക്ക് റെഡിയായിക്കഴിഞ്ഞു. ബ്രെക്സിറ്റ് സ്മരണയിൽ 3 മില്യൺ ബ്രെക്സിറ്റ് ഇന്ന് നാണയങ്ങൾ പുറത്തിറക്കും. 50 പെൻസിന്റെ നാണയങ്ങളാണ് വിപണിയിലെത്തുക. പീസ്, പ്രോസ്പെരിറ്റി ആൻഡ് ഫ്രണ്ട് ഷിപ്പ് വിത്ത് ഓൾ നേഷൻസ് എന്ന് ആലേഖനം ചെയ്ത നാണയത്തിൽ 31 ജനുവരി 2020 എന്നും മുദ്രണം ചെയ്തിട്ടുണ്ട്. 1973 ജനുവരി ഒന്നിന് യൂറോപ്യൻ യൂണിയനിൽ അംഗമായ ബ്രിട്ടൺ 47 വർഷത്തിനു ശേഷമാണ് ഇയു ബന്ധം അവസാനിപ്പിക്കുന്നത്.
2016 ജൂണിൽ നടന്ന റഫറണ്ടത്തെ തുടർന്നാണ് ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള പിന്മാറ്റത്തിന് തുടക്കം കുറിച്ചത്. റഫറണ്ടത്തിൽ 52 ശതമാനം പേർ ഇയുവിൽ നിന്ന് പുറത്തു വരുന്നതിനെ അനുകൂലിച്ചിരുന്നു. റഫറണ്ടത്തിന്റെ റിസൾട്ട് വന്നയുടൻ അന്ന് പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറോൺ രാജി വച്ചിരുന്നു. തുടർന്ന് പ്രധാനമന്ത്രിയായി സ്ഥാനമേറ്റ തെരേസ മേയ് എത്തിയെങ്കിലും പാർലമെന്റിൽ അവതരിപ്പിച്ച ബ്രെക്സിറ്റ് ഡീൽ പരാജയപ്പെടുകയായിരുന്നു. തെരേസ മേയ്ക്ക് ശേഷം പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ബോറിസ് ജോൺസൺ കഴിഞ്ഞ ഡിസംബറിൽ നടന്ന ഇടക്കാല ഇലക്ഷനിൽ പാർലമെന്റിൽ വ്യക്തമായ ഭൂരിപക്ഷം നേടിയതോടെ ബ്രെക്സിറ്റ് പാർലമെന്റിന്റെ അനുമതിയോടെ നടപ്പാക്കപ്പെടുകയായിരുന്നു. ഇനിയുള്ള അടുത്ത 11 മാസം ബ്രെക്സിറ്റ് ട്രാൻസിഷൻ പീരിയഡാണ്.