Wednesday, 22 January 2025

സമയം രാത്രി 11 മണി, ജനുവരി 31, 2020. ഗ്രേറ്റ് ബ്രിട്ടൺ വീണ്ടും സ്വതന്ത്ര രാജ്യമായി. സർവ്വാധികാരങ്ങളും ഇനി പാർലമെൻറിൽ കേന്ദ്രീകൃതം. യൂറോപ്യൻ യൂണിയനിൽ നിന്ന് യുകെ വിടവാങ്ങി. ബ്രിട്ടനിൽ ബ്രെക്സിറ്റ് ആഘോഷം തുടങ്ങി.

യുകെ യൂറോപ്പിൽ തുടരണമെന്നാഗ്രഹിച്ചവരും സർവാധികാര സ്വതന്ത്രരാജ്യമായി തുടരണമെന്ന ആശയത്തെ അനുകൂലിക്കുന്നവരും ജനാധിപത്യമെന്ന വ്യവസ്ഥയുടെ അടിസ്ഥാന പ്രമാണങ്ങളെ ഉയർത്തിപ്പിടിച്ചപ്പോൾ 47 വർഷത്തിനു ശേഷം വീണ്ടുമൊരു സ്വതന്ത്ര ബ്രിട്ടൺ പ്രഖ്യാപിക്കപ്പെട്ടു. ജനുവരി 31, 2020 സമയം രാത്രി 11 മണിയ്ക്ക് ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ നിന്ന് ഔദ്യോഗികമായി പുറത്തുവന്നു. ഇതിനു മുന്നോടിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഡൗണിംഗ് സ്ട്രീറ്റിൽ നിന്ന് വീഡിയോ സന്ദേശത്തിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്തിരുന്നു. പുതുയുഗത്തിലേയ്ക്ക് ബ്രിട്ടൺ കാലു കുത്തുകയാണെന്ന്‌ തന്റെ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. ഇതൊന്നിന്റെയും അവസാനമല്ലെന്നും തുടക്കം കുറിക്കലാണെന്നും ബോറിസ് വ്യക്തമാക്കി. രാജ്യത്തെ ഒരുമിപ്പിക്കലാണ് തന്റെ പ്രധാന ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.

ബ്രെക്സിറ്റ് നടപ്പായതോടെ ലണ്ടനിലെ പാർലമെന്റ് സ്ക്വയറിൽ ആയിരങ്ങൾ ആഹ്ളാദാരവങ്ങൾ മുഴക്കി. യൂണിയൻ ഫ്ളാഗാൽ അലങ്കരിക്കപ്പെട്ട പാർലമെന്റ് സ്ട്രീറ്റ് ആഘോഷത്തിമർപ്പിലാണ്. പ്രധാനമന്ത്രി നടത്തുന്ന ബ്രെക്സിറ്റ് പാർട്ടിയിൽ അതിഥികൾക്കായി ഇംഗ്ലീഷ് സ്പാർക്ക്ലിംഗ്‌ വൈൻ വിളമ്പും. ബ്രിട്ടൺ യൂറോപ്യൻ യൂണിയന്റെ അധികാര പരിധിയിൽ നിന്ന് മാറി സർവ്വാധികാര രാജ്യമായി മാറുന്ന പ്രക്രിയയ്ക്ക് ഇതോടെ തുടക്കമായി. ബ്രെക്സിറ്റ് ട്രാൻസിഷൻ പീരിയഡ് അവസാനിക്കുന്നതു മുതൽ ബ്രിട്ടീഷ് പാർലമെന്റിന് ആയിരിക്കും ഇനി മുതൽ യുകെയുടെ പൂർണ നിയന്ത്രണം. ബ്രെക്സിറ്റിന്റെ സ്മരണയിൽ ബ്രിട്ടീഷ് റോയൽ മിന്റ് 50 പെൻസിന്റെ നാണയം ഇന്ന് പുറത്തിറക്കിയിരുന്നു. പീസ്, പ്രോസ്പെരിറ്റി ആൻഡ് ഫ്രണ്ട് ഷിപ്പ് വിത്ത് ഓൾ നേഷൻസ് എന്ന് ആലേഖനം ചെയ്ത നാണയത്തിൽ 31 ജനുവരി 2020 എന്നും മുദ്രണം ചെയ്തിട്ടുണ്ട്.

2016 ജൂണിൽ നടന്ന റഫറണ്ടത്തെ തുടർന്നാണ് ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള പിന്മാറ്റത്തിന് തുടക്കം കുറിച്ചത്. റഫറണ്ടത്തിൽ 52 ശതമാനം പേർ ഇയുവിൽ നിന്ന് പുറത്തു വരുന്നതിനെ അനുകൂലിച്ചിരുന്നു. റഫറണ്ടത്തിന്റെ റിസൾട്ട് വന്നയുടൻ അന്ന് പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറോൺ രാജി വച്ചിരുന്നു. തുടർന്ന് പ്രധാനമന്ത്രിയായി സ്ഥാനമേറ്റ തെരേസ മേയ് എത്തിയെങ്കിലും പാർലമെന്റിൽ അവതരിപ്പിച്ച ബ്രെക്സിറ്റ് ഡീൽ പരാജയപ്പെടുകയായിരുന്നു. തെരേസ മേയ്ക്ക് ശേഷം പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ബോറിസ് ജോൺസൺ കഴിഞ്ഞ ഡിസംബറിൽ നടന്ന ഇടക്കാല ഇലക്ഷനിൽ പാർലമെന്റിൽ വ്യക്തമായ ഭൂരിപക്ഷം നേടിയതോടെ ബ്രെക്സിറ്റ് പാർലമെന്റിന്റെ അനുമതിയോടെ നടപ്പാക്കപ്പെടുകയായിരുന്നു.
 

Other News