Sunday, 06 October 2024

എൻഎംസി ചീഫ് എക്സിക്യൂട്ടീവുമായി കേംബ്രിഡ്ജ് സിറ്റി കൗൺസിലർ ബൈജു തിട്ടാലയും നഴ്സുമാരുടെ പ്രതിനിധികളും നടത്തിയ കൂടിക്കാഴ്ച വിജയകരം. പിൻ നമ്പർ ലഭിക്കാത്ത നഴ്സുമാരുടെ പ്രശ്നം പരിഹരിക്കാനുള്ള സാധ്യതകൾ ആരായുമെന്ന് എൻഎംസിയുടെ ഉറപ്പ്.

യുകെയിൽ എത്തിയിട്ടും ഇംഗ്ലീഷ് ഭാഷാ യോഗ്യത ലഭിക്കാത്തതിനാൽ പിൻ നമ്പർ കിട്ടാത്ത നഴ്സുമാരുടെ വിഷയത്തിൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി കൗൺസിലുമായി കേംബ്രിഡ്ജ് സിറ്റി കൺസിലർ ബൈജു തിട്ടാലയും നഴ്സുമാരുടെ പ്രതിനിധികളും കൂടിക്കാഴ്ച നടത്തി. പിൻ നമ്പർ ലഭിക്കാത്ത നഴ്സുമാരുടെ പ്രശ്നം പരിഹരിക്കാനുള്ള സാധ്യതകൾ ആരായുമെന്ന് മീറ്റിംഗിൽ എൻഎംസി ഉറപ്പ് നല്കി. ജനുവരി 30 വ്യാഴാഴ്ച ലണ്ടൻ പോർട്ട് ലാൻഡ് പ്ളേസിലുള്ള നഴ്സസ് ആൻഡ് മിഡ് വൈഫറി കൗൺസിലിന്റെ ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിൽ ബൈജു വർക്കി തിട്ടാലയോടൊപ്പം കേംബ്രിഡ്ജ് സിറ്റി കൗൺസിൽ ലീഡർ ലൂയിസ് ഹെബേർട്ടും നഴ്സുമാരുടെ പ്രതിനിധികളായി ആൻറണി സേവ്യർ, ഷാലി തോമസ്, സിനി പോൾ എന്നിവരും പങ്കെടുത്തു.

എൻഎംസിയുടെ ചീഫ് എക്സിക്യൂട്ടീവ് ആൻഡ് രജിസ്ട്രാർ ആൻഡ്രിയ സറ്റ് ക്ളിഫും എൻഎംസി ഡയറക്ടർ ഓഫ് രജിസ്ട്രേഷൻ ആൻഡ് റീവാലിഡേഷൻ എമ്മാ ബ്രോഡ്ബെൻറും മീറ്റിംഗിൽ നഴ്സുമാരുടെ പ്രശ്നങ്ങൾ ശ്രദ്ധാപൂർവ്വം കേട്ടു. ഒരു മണിക്കൂറോളം നീണ്ട സെഷനിൽ യുകെയിൽ ഒരു രജിസ്റ്റേർഡ് നഴ്സാകുക എന്ന സ്വപ്നവുമായി എത്തി വർഷങ്ങളായിട്ടും പിൻ നമ്പർ ലഭിക്കാതെ സീനിയർ കെയറർമാരായും കെയർ അസിസ്റ്റൻറുമാരായും ജോലി ചെയ്യുന്നവരുടെ വിഷയം രേഖകളും സ്റ്റാറ്റിസ്റ്റിക്സും നിരത്തി കൗൺസിലർ ബൈജു വർക്കി തിട്ടാല വിശദീകരിച്ചു. ബൈജുവിന് പൂർണ പിന്തുണ നല്കി കേംബ്രിഡ്ജ് കൗൺസിൽ ലീഡർ ലൂയിസ് ഹെബേർട്ടും അനുകൂല വാദമുഖങ്ങൾ അവതരിപ്പിച്ചു. നഴ്സുമാരുടെ പ്രതിനിധികൾക്കും പ്രശ്നങ്ങൾ നേരിട്ട് ശ്രദ്ധയിൽ പെടുത്താൻ അവസരം ലഭിച്ചു. ആദ്യമായാണ് ഒരു ഉന്നതതല ഡെലിഗേഷൻ ഇങ്ങനെയൊരു വിഷയത്തിൽ എൻഎംസിയെ നേരിട്ട് സമീപിക്കുന്നതെന്ന് എൻ എം സി മാനേജ്മെൻറ് വ്യക്തമാക്കി.

ഇംഗ്ലീഷ് ലാംഗ്വേജ് യോഗ്യതയ്ക്ക് നിശ്ചയിച്ചിരിക്കുന്ന സ്കോർ നിലവിൽ യുകെയിൽ ജോലി ചെയ്യുന്ന നഴ്സുമാർക്ക് ഇളവ് ചെയ്യണമെന്ന ആവശ്യം ബൈജു തിട്ടാല മീറ്റിംഗിൽ ഉന്നയിച്ചു. എന്നാൽ ഇത് ഇൻറർനാഷണൽ റിക്രൂട്ട്മെന്റിന്റെ മാനദണ്ഡമായി നിശ്ചയിച്ചിരിക്കുന്നതാണെന്നും ആയതിനാൽ ഇതിൽ ഒരു മാറ്റം ഉടൻ നടപ്പാക്കാൻ കഴിയുമോയെന്നതിൽ ഉറപ്പ് പറയാനാവില്ലെന്നും എൻ എം സി ചീഫ് എക്സിക്യൂട്ടീവ് പറഞ്ഞു. യുകെയിൽ നാലു വർഷത്തിലേറെ പ്രവൃത്തി പരിചയവും ഒരു വർഷമെങ്കിലും ഹെൽത്ത് കെയർ സെക്ടറുമായി ബന്ധപ്പെട്ടിട്ടുള്ള ഏതെങ്കിലും കോഴ്സ് പൂർത്തിയാക്കിയിട്ടുള്ളവർക്കും അവരുടെ ഇംഗ്ലീഷിലുള്ള പ്രാവീണ്യം തൃപ്തികരമെന്ന് എംപ്ളോയർ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന പക്ഷം പിൻ നമ്പർ നല്കാൻ നടപടിയുണ്ടാകണമെന്ന നിർദ്ദേശം പ്രതിനിധി സംഘം മുന്നോട്ട് വച്ചു. കൂടാതെ ഐ ഇ എൽ ടി എസ് / ഒ ഇ ടി യിൽ ഓവറോൾ സ്കോർ ലഭിക്കാത്ത സാഹചര്യത്തിൽ വീണ്ടും എല്ലാ മൊഡ്യൂളുകളും എഴുതേണ്ട സാഹചര്യം ഒഴിവാക്കണമെന്നും ക്വാളിഫൈയിംഗ് സ്കോർ ലഭിക്കാത്തവ മാത്രം വീണ്ടും എഴുതിയാൽ മതിയെന്ന ഭേദഗതി വരുത്തണമെന്നും ബൈജു തിട്ടാല അഭ്യർത്ഥിച്ചു. ഇതിൽ അനുകൂലമായി പ്രതികരിച്ച എൻഎംസി ഇക്കാര്യം എൻഎച്ച്എസ് ഇംഗ്ലണ്ട്, എൻഎച്ച്എസ് എംപ്ലോയീസ് ഫോറം, റോയൽ കോളജ് ഓഫ് നഴ്സിംഗ് എന്നീ ബോഡികളുടെ ശ്രദ്ധയിൽ കൊണ്ടുവരാമെന്ന് ഉറപ്പു നല്കിയിട്ടുണ്ട്.

ഐഇഎൽടിഎസിന് 75 ശതമാനം പാസ്റേറ്റ് ഉണ്ടെന്നും അത് പാസാകാൻ അത്ര വിഷമമുള്ളതല്ല എന്ന വാദം എൻഎംസി ചീഫ് ഇതിനിടെ ഉന്നയിച്ചു. എന്നാൽ ഇത് ഐഇഎൽടിഎസ് ടെസ്റ്റിൽ പങ്കെടുക്കുന്ന എല്ലാവരെയും അടിസ്ഥാനമാക്കിയുള്ള കണക്കാണെന്നും നഴ്സുമാരുടെ പാസ് റേറ്റ് ഇതിൽ നിന്ന് വ്യത്യസ്തമാണെന്നും പ്രതിനിധി സംഘം പറഞ്ഞു. ഈ വാദം വ്യക്തമായി പരിശോധിക്കുമെന്ന് എൻ എം സി ചീഫ് എക്സിക്യൂട്ടീവ് ഇവർക്ക് ഉറപ്പു നല്കി.

യുകെയിൽ ആയിരക്കണക്കിന് മലയാളി നഴ്സുമാർ അടക്കം നിരവധി പേർ പിൻ നമ്പർ ലഭിക്കാതെ എൻഎച്ച്എസിലും നഴ്സിംഗ് ഹോമുകളിലും ജോലി ചെയ്യുന്നുണ്ട്. ഇന്ത്യയിലും വിദേശത്തുമൊക്കെ ഉണ്ടായിരുന്ന മികച്ച ജോലികൾ ഉപേക്ഷിച്ച് എത്തിയവരാണ് ഇവരിൽ ഭൂരിഭാഗവും. ഐ ഇ എൽ ടി എസും ഒ ഇ ടിയും പലതവണ എഴുതിയിട്ടും ചെറിയ സ്കോർ വ്യത്യാസത്തിൽ ക്വാളിഫൈ ചെയ്യാൻ ഇവരിൽ പലർക്കും കഴിഞ്ഞില്ല. അതിനാൽ തന്നെ പിൻ നമ്പർ എന്നത് ഒരു സ്വപ്നമായി അവശേഷിച്ചു. ഇവരിൽ ഭൂരിഭാഗവും കുറഞ്ഞത് 10 വർഷത്തോളം യുകെയിൽ ജോലി പരിചയമുള്ളവരാണ്. മെഡിസിൻ കൊടുക്കുന്നത് ഒഴികെയുള്ള നഴ്സുമാർ ചെയ്യുന്ന എല്ലാ ജോലികളും ഇവർ നിലവിൽ ചെയ്യുന്നുണ്ട്. ഇവരിൽ ഭൂരിപക്ഷവും യുകെയിൽ പി.ആറും സിറ്റിസൺഷിപ്പും ലഭിച്ച് കുടുംബത്തോടെ കഴിയുന്നവരുമാണ്.

ഇവരുടെ കാര്യം എൻഎംസിയുടെ ശ്രദ്ധയിൽ കൊണ്ടുവരാനായി ഈ വിഷയത്തിൽ കേംബ്രിഡ്ജ് സിറ്റി കൗൺസിലറായ ബൈജു വർക്കി തിട്ടാല മുൻകൈയെടുത്ത് കഴിഞ്ഞ വർഷം ശ്രമങ്ങൾ ഊർജിതമാക്കിയിരുന്നു. പിൻ നമ്പർ ലഭിക്കാത്ത നഴ്സുമാരുടെ വിവരങ്ങൾ ഇതിനായി വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴിയും വാർത്താ മാധ്യമങ്ങൾ വഴിയും ആദ്യം ശേഖരിച്ചു. ബൈജു വർക്കി തിട്ടാലയ്ക്കൊപ്പം ബിനോയി ജോസഫ് സ്കൻതോർപ്പ്, റിന്റോ ജയിംസ് എന്നിവർ ഇക്കാര്യങ്ങൾ ഏകോപിപ്പിച്ചു. തുടർന്ന് ഈ വിവരങ്ങൾ വിശകലനം ചെയ്ത് യഥാർത്ഥ വസ്തുകൾ ഒരു പ്രമേയമായി കേംബ്രിഡ്ജ് കൗൺസിലിൽ ബൈജു വർക്കി തിട്ടാല അവതരിപ്പിക്കുകയും കൗൺസിൽ അത് ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്തിരുന്നു.

ബ്രിട്ടണിലെ രാഷ്ട്രീയ അനിശ്ചിതത്വവും ബ്രെക്സിറ്റും ഇലക്ഷനുമൊക്കെ ഇതിന്റെ മുന്നോട്ടുള്ള നീക്കത്തിന് തടസങ്ങൾ സൃഷ്ടിച്ചെങ്കിലും കേംബ്രിഡ്ജ് കൗൺസിലിന്റെ പൂർണമായ പിന്തുണയിലൂടെ എൻഎംസിയുമായി നേരിട്ട് ചർച്ച നടത്തുവാൻ അവസരം ഒരുക്കുന്നതിലേക്ക് എത്തിക്കുവാൻ ബൈജു വർക്കി തിട്ടാലയ്ക്ക് കഴിഞ്ഞതിനാലാണ് മീറ്റിംഗിന് അവസരം ലഭിച്ചത്. ഇതിന്റെ കോർഡിനേഷൻ കമ്മിറ്റിയ്ക്ക് ലഭിച്ച വിവരമനുസരിച്ച് പിൻ നമ്പർ ലഭിക്കാത്ത നിരവധി നഴ്സുമാർ ഇവിടെ വന്നതിനുശേഷം ഇംഗ്ലീഷ് ലാംഗ്വേജിലടക്കം ഹെൽത്ത് കെയർ സെക്ടറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഹയർ ക്വാളിഫിക്കേഷൻ നേടിയിട്ടുണ്ട്. എന്നിട്ടും വിവിധ എൻഎച്ച്എസ് ട്രസ്റ്റുകളിൽ കെയറർ ലെവലിൽ ജോലി ചെയ്യുകയാണിവർ.

ഇതുമായി ബന്ധപ്പെട്ട യഥാർത്ഥ വസ്തുതകൾ എൻഎംസിയെ ബോധ്യപ്പെടുത്തുന്നതിന് NMC യുടെ ടോപ്പ് മാനേജ്മെൻറുമായുള്ള അപ്പോയിന്റ്മെൻറിലൂടെ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് സോളിസിറ്റർ കൂടിയായ ബൈജു വർക്കി തിട്ടാല ഗ്ലോബൽ ന്യൂസ് പ്രീമിയറിനോട് പറഞ്ഞു. ഈ മീറ്റിംഗിൽ ചർച്ച ചെയ്ത കാര്യങ്ങളുമായി ബന്ധപ്പെട്ട എൻഎംസിയുടെ ഒഫീഷ്യൽ കറസ്പോണ്ടൻസ് ലഭിച്ചതിനു ശേഷം പിൻ നമ്പരുമായി ബന്ധപ്പെട്ട കാമ്പയിൻ ഊർജിതപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഇതിനായി ഫിലിപ്പൈൻസ്, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തിയ പിൻ നമ്പർ ലഭിക്കാത്ത നഴ്സുമാരെയും ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ കോർഡിനേഷൻ കമ്മിറ്റി ആരംഭിച്ചു.

Other News