Sunday, 06 October 2024

ഇന്ത്യാക്കാരനായ എൻ എച്ച് എസ് കൺസൾട്ടന്റിന്റെ ഒരു മില്യൺ പൗണ്ടിന്റെ പുതിയ വീട് പൊളിക്കേണ്ടി വരുമെന്ന് മിൽട്ടൺ കീൻസ് കൗൺസിൽ. നിർമ്മാണം പ്ളാനിംഗ് പെർമിഷനു വിരുദ്ധമെന്ന് നോട്ടീസ്.

ഇന്ത്യാക്കാരനായ എൻ എച്ച് എസ് കൺസൾട്ടന്റിന്റെ ഒരു മില്യൺ പൗണ്ടിന്റെ പുതിയ വീട് പൊളിച്ച് നിർമ്മിക്കണമെന്ന് മിൽട്ടൺ കീൻസ് കൗൺസിൽ നിർദ്ദേശിച്ചു. നിർമ്മാണം കൗൺസിൽ അനുമതി നല്കിയ പ്ളാനിംഗിനു വിരുദ്ധമെന്ന് നോട്ടീസ് നല്കിയിട്ടുണ്ട്. കൺസൾട്ടന്റ് റേഡിയോളജിസ്റ്റായ ഡോ.മനോജ് ശ്രീവാസ്തവയാണ് കൗൺസിൽ പ്ളാനിംഗ് വിഭാഗത്തിന്റെ ഡെമോലിഷൻ ഭീഷണി നേരിടുന്നത്. കൗൺസിൽ അനുമതി നല്കിയ ഫ്ളോർ ഏരിയയിലും 4.9 ശതമാനം കൂടുതൽ ആണ് നിർമ്മിച്ച പുതിയ വീടിന്റെ ഏരിയയെന്ന് കൗൺസിൽ കണ്ടെത്തുകയായിരുന്നു.

ലോക്കൽ ഏരിയയിലുള്ള ചിലർ പുതിയ വീട് ഒരു മിനി ഹോട്ടൽ പോലെയാണെന്നും സമീപ വീടുകളുമായി യോജിക്കുന്നില്ലെന്നുമുള്ള പരാതി ഉന്നയിച്ചിരുന്നു. കൗൺസിൽ നടത്തിയ പരിശോധനയിൽ ഫ്ളോർ ഏരിയ 22 സ്ക്വയർ മീറ്റർ കൂടുതലുണ്ടെന്ന് കണ്ടെത്തി. അതേപോലെ 30 ഡിഗ്രി ചെരിവിൽ പണിയേണ്ട റൂഫ് 40 ഡിഗ്രിയിലാണ് നിർമ്മിച്ചിരിക്കുന്നത്. എൻട്രൻസ് ഗേറ്റിന്റെ വീതി കൂടുതലാണെന്നും ഡോറുകളുടെയും വിൻഡോയുടെയും പൊസിഷനുകൾ പ്ളാനിനനുസരിച്ച് അല്ലെന്നും ഉപയോഗിച്ച മറ്റീരിയലിലും സൈസിലും വ്യത്യാസമുണ്ടെന്നും എൻഫോഴ്സ്മെൻറ് നോട്ടീസിൽ പറയുന്നു. ഏപ്രിൽ 2019 മുതൽ ജനുവരി 2020 വരെ മൂന്ന് നോട്ടീസുകൾ കൗൺസിൽ നല്കിയിട്ടുണ്ട്. ബിൽഡറുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളാണ് പ്രധാനമായും പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്ന് ഡോ.മനോജ് ശ്രീവാസ്തവയുടെ ഏജന്റ് അഭിപ്രായപ്പെട്ടു. പ്ളാനിംഗ് പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പലതവണയും അസുഖകരമായ പരാമർശങ്ങൾ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഡോ.മനോജ് ശ്രീവാസ്തവയും പറഞ്ഞു. കൗൺസിൽ തീരുമാനത്തിനെതിരെ അപ്പീൽ നല്കിയിരിക്കുകയാണ് ഡോ.മനോജ് ശ്രീവാസ്തവ.

 

Other News