ഡ്രൈവർ ആവശ്യമില്ലാത്ത ഇലക്ട്രിക് കാർ ഓടിയത് ബെഡ്ഫോർഡ് ഷയർ മുതൽ സന്ദർലാൻഡ് വരെ. 230 മൈൽ ഡ്രൈവ് വിജയകരമെന്ന് കാർ നിർമ്മാതാക്കളായ നിസാൻ.
യുകെയിലെ റോഡുകളിൽ ഡ്രൈവർ ആവശ്യമില്ലാത്ത ഇലക്ട്രിക് കാറുകളുടെ യാത്ര യഥാർത്ഥ്യമാവുന്നു. കാർ കമ്പനിയായ നിസാൻ നടത്തിയ ബ്രിട്ടണിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ സെൽഫ് ഡ്രൈവിംഗ് നടന്നു. 230 മൈൽ ദൂരമാണ് നിസാൻ ലീഫ് ഇലക്ട്രിക് കാർ സഞ്ചരിച്ചത്. നിസാന്റെ എഞ്ചിനീയറിംഗ് സെന്ററായ ബെഡ് ഫോർഡിലെ ക്രാൻ ഫീൽഡിൽ നിന്നും കാർ മാനുഫാക്ചറിംഗ് പ്ളാൻറ് സ്ഥിതി ചെയ്യുന്ന സന്ദർലാൻഡിലേയ്ക്കായിരുന്നു പരീക്ഷണ യാത്ര നടന്നത്.
മോട്ടോർ വേ, റൗണ്ട് എബൗട്ടുകൾ, കൺട്രി റോഡുകൾ, മാർക്കിംഗ് ഇല്ലാത്ത റോഡുകൾ ഉൾപ്പെടെയുള്ള റൂട്ടിലായിരുന്നു നിസാൻ ലീഫ് അതിന്റെ ഗ്രേറ്റ് ഡ്രൈവ് പൂർത്തിയാക്കിയത്. സ്ളിപ് റോഡുകളിലൂടെ മോട്ടോർ വേയിൽ ചേരുകയും എക്സിറ്റ് എടുക്കുകയും ലെയിൻ മാറുകയുമൊക്കെ കണിശതയോടെ കാർ സ്വയം ചെയ്തു. അതേപോലെ ആവശ്യമുള്ളിടത്ത് സ്വയം നിർത്തി യാത്ര പുനരാരംഭിക്കുകയും ചെയ്തു. ബാറ്ററി ചാർജ് കുറഞ്ഞപ്പോൾ തന്നെ അടുത്ത ചാർജിംഗ് പോയിന്റിലേയ്ക്കും ഡ്രൈവ് ചെയ്തു.
മോട്ടോറിംഗ് രംഗത്ത് ഓട്ടോണമസ് ടെക്നോളജി നടപ്പാക്കാനുള്ള ബ്രിട്ടീഷ് റിസർച്ച് പ്രൊജക്ടിന്റെ ഭാഗമായാണ് ജപ്പാൻ കാർ നിർമ്മാതാവായ നിസാൻ പരീക്ഷണം നടത്തിയത്. 13.5 മില്യൻ പൗണ്ടിന്റെ ഈ പ്രോജക്ടിൽ 12,500 മൈൽ ദൂരം നടത്തുന്ന 135 പേർ ഉൾപ്പെടുന്ന ഡ്രൈവിൽ 360 പേർ പങ്കാളികളാവുന്നുണ്ട്. 2019 നവംബർ 28 ന് നടന്ന 230 മൈൽ ഡ്രൈവിന്റെ വിവരം ഇന്നലെയാണ് നിസാൻ പുറത്തുവിട്ടത്. കാറിന്റെ പ്രവർത്തനം നിരീക്ഷിക്കാനും ആവശ്യമെങ്കിൽ കറക്ടീവ് ആക്ഷൻ എടുക്കാനുമായി രണ്ട് ട്രെയിൻഡ് എഞ്ചിനീയർമാർ കാറിലുണ്ടായിരുന്നു. എന്നാൽ ഈ യാത്രയിൽ ഇവരുടെ ഇടപെടൽ ആവശ്യമായി വന്നില്ല.