Wednesday, 22 January 2025

ആസ്ദ സൂപ്പർ മാർക്കറ്റ് ഡീസലിന് 4 പെൻസും പെട്രോളിന് 2 പെൻസും വില കുറച്ചു. നിരക്കിൽ കുറവു വരുത്തിയത് ഈയാഴ്ചയിൽ രണ്ടു തവണ. മറ്റു സൂപ്പർ മാർക്കറ്റുകളും വില കുറയ്ക്കും.

ആസ്ദ സൂപ്പർ മാർക്കറ്റ് ഈയാഴ്ചയിൽ രണ്ടു തവണ ഫ്യൂവൽ നിരക്കിൽ കുറവ് വരുത്തി. ഡീസലിന് 4 പെൻസും പെട്രോളിന് 2 പെൻസുമാണ് വിലയിൽ കുറവ് വരുത്തിയത്. ആസ്ദ നിരക്കിൽ കുറവു വരുത്തിയതോടെ മറ്റു സൂപ്പർ മാർക്കറ്റുകളും വില കുറയ്ക്കുമെന്നാണ് കരുതുന്നത്. ആസ്ദയിൽ അൺലെഡഡിന് 118. 7 പെൻസും ഡീസലിന് 120.7 പെൻസും ഇനി മുതൽ നല്കിയാൽ മതി. അന്താരാഷ്ട്ര ഹോൾസെയിൽ മാർക്കറ്റിൽ ഇന്ധന വില കുറഞ്ഞെങ്കിലും അതിന്റെ പ്രയോജനം കസ്റ്റമേഴ്സിൽ എത്തുന്നില്ലെന്ന് ആർഎസി അഭിപ്രായപ്പെട്ടിരുന്നു. റീട്ടെയിൽ ഷോപ്പുകൾ വൻ ലാഭം പോക്കറ്റിലാക്കുകയാണെന്നും വിമർശനമുയർന്നിരുന്നു. ഇതേത്തുടർന്ന് ആസ്ദ ഉടൻ തന്നെ വില കുറയ്ക്കുകയായിരുന്നു.

സൂപ്പർ മാർക്കറ്റുകളായ മോറിസണും സെയിൻസ്ബറീസും വ്യാഴം, വെള്ളി ദിവസങ്ങളിൽ ഫ്യൂവൽ നിരക്ക് കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ടെസ്കോയും സമാനമായ നടപടി എടുക്കുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്. ജനുവരിയിൽ ഫ്യൂവൽ നിരക്ക് അന്താരാഷ്ട്ര മാർക്കറ്റിൽ കുറഞ്ഞു വരികയായിരുന്നു. എന്നിരുന്നാലും കഴിഞ്ഞയാഴ്ചവരെ യുകെയിലെ സൂപ്പർമാർക്കറ്റുകൾ വില വർദ്ധിപ്പിച്ചു കൊണ്ടിരുന്നു. ചൈനയിൽ ഫ്യൂവൽ ഉപയോഗം കുറഞ്ഞതുമൂലമാണ് വിലയിൽ ഇടിവു വന്നത്. കൊറോണ വൈറസിന്റെ ഭീതിയിൽ ചൈനയുടെ പൊതുരംഗം സ്തംഭനാവസ്ഥയിലേയ്ക്ക് നീങ്ങിയതിനെ തുടർന്നാണിത്.

Other News