Wednesday, 22 January 2025

ജീവൽസ്പർശമായി... മാതൃസ്നേഹത്തിന്റെ കരുതലുമായി ഒരു ചാരിറ്റി.. കണ്ണീരൊപ്പാനും കൈപിടിച്ചു നടത്താനും യുകെയിലെ മലയാളി കുടുംബിനികൾ. തൂവൽസ്പർശം ഫെബ്രുവരി 22 ന് സതാംപ്ടണിൽ.

ജോർജ് എടത്വ

പുതുതലമുറയ്ക്ക് മാതൃകയായി അമ്മമാരുടെ കാരുണ്യ സ്പർശം. കണ്ണീരൊപ്പാനും കൈപിടിച്ചു നടത്താനും യുകെയിലെ മലയാളി കുടുംബിനികൾ വീണ്ടുമെത്തുകയായി. പ്രവാസ ലോകത്ത് ജോലിയും കുടുംബത്തിരക്കുകൾക്കും ഇടയിൽ സഹജീവികൾക്ക് കൈത്താങ്ങാകാൻ സമയം കണ്ടെത്തുന്ന അമ്മ ചാരിറ്റി പ്രവർത്തകർ ലോകത്തിന് തന്നെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകങ്ങളാവുകയാണ്. മദേഴ്സ് ചാരിറ്റിയുടെ തൂവൽസ്പർശം ഫെബ്രുവരി 22 ന് സതാംപ്ടണിൽ നടക്കും. ഉച്ചയ്ക്ക് 3 മണി മുതൽ രാത്രി 8 വരെയാണ് ബിഷപ്സ് വാൽത്താം ജൂബിലി ഹാളിൽ ചാരിറ്റി ഇവൻറ് നടക്കുന്നത്. ചാരിറ്റി പ്രവർത്തകർ ഒരുക്കുന്ന ഫുഡ് ഫെസ്റ്റിവലിന് അകമ്പടിയായി സംഗീതവും കലാവിരുന്നുകളും സ്റ്റേജിലെത്തും.

യുകെയിലെ മലയാളി കുടുംബിനികളുടെ ജീവകാരുണ്യപ്രസ്ഥാനമായ മദേഴ്‌സ് ചാരിറ്റി ഏഴ് വയസ്സ് പിന്നിടുമ്പോൾ ഏറ്റവും അഭിമാനകരമായ വസ്തുത യുകെയിലെ ഒരു ചെറിയ പട്ടണത്തിൽ ആരംഭിച്ച ഈ ചെറുകൈത്തിരി യുകെയിലെ വിവിധ നഗരങ്ങളെ കൂടാതെ മിഡിൽ ഈസ്റ്റിലും അമേരിക്കയിലും ഇന്ത്യയിലും മദേഴ്‌സ് ചാരിറ്റിയുടെ ജീവകാരുണ്യ പ്രവർത്തന മാർഗ്ഗം പിന്തുടരാൻ മലയാളി കുടുംബിനികളുടെ നിരവധി ചെറുസംഘങ്ങൾ തയാറായിരിക്കുന്നു എന്നുള്ള വർത്തമാനം ആണ് .

യുകെയിലെ വിവിധ മലയാളികൂട്ടായ്മകളുടെ ആഘോഷാവസരങ്ങളിൽ വിതരണം ചെയ്യാൻ സ്വയം തയാർ ചെയ്ത അച്ചാറുകളും ഉണ്ണിയപ്പവും അച്ചപ്പവും അടങ്ങിയ നാടൻ പലഹാരങ്ങളുമായി എത്തുന്ന മദേഴ്‌സ് ചാരിറ്റിയിലെ ഒരുപറ്റം വനിതകളെ കുറിച്ച് മുഖവുരകൾക്കോ പരിചയപ്പെടുത്തലുകൾക്കോ യുകെ മലയാളി സമൂഹത്തിൽ ആവശ്യമില്ല.

കഴിഞ്ഞ ഏഴ് വർഷങ്ങൾ കൊണ്ട് കേരളത്തിലെ നിരവധി കുടുംബങ്ങളുടെ കണ്ണീരൊപ്പാൻ ഈ അമ്മമാരുടെ മദേഴ്‌സ് ചാരിറ്റി എന്ന കൂട്ടായ്മക്ക് കഴിഞ്ഞു. പ്രധാനമായും അഞ്ച് മേഖലകളിലാണ് മദേഴ്‌സ് ചാരിറ്റി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്

1. പാലിയേറ്റീവ് കെയർ

അശരണരും ആലംബഹീനരുമായ രോഗികളുടെ തെരെഞ്ഞടുത്ത സഹായാഭ്യർത്ഥനകൾ അംഗങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ചു അതിൽ ലഭ്യമാകുന്ന മുഴുവൻ തുകയും ഒപ്പം തൂവൽസ്പർശം പോലുള്ള ഇവന്റുകളിൽ നിന്നും സമാഹരിക്കുന്ന തുകകളും ചേർത്ത് ആ അഭ്യർത്ഥനകൾക്ക് നൽകുക. തുടർസഹായം ആവശ്യമെങ്കിൽ ചികിത്സാ സഹായ ഗ്രുപ്പിലേക്ക് റെഫർ ചെയ്യുക. കഴിഞ്ഞ തൂവൽസ്പര്ശത്തിന് ശേഷം ഇതുവരെ 12 നിർദ്ധനരായ രോഗികളെ സഹായിക്കാൻ മദേഴ്‌സ് ചാരിറ്റിക്ക് കഴിഞ്ഞു .

2. ചികിത്സാ സഹായ ഗ്രൂപ്പ്

നിർദ്ധനരായ രോഗികളെയും ചികിത്സാ ചിലവിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നവരെയും കണ്ടെത്തി അഞ്ചു മുതൽ പത്തുപേർ വരെ അടങ്ങുന്ന മദേഴ്‌സ് സഹയാത്രികരുടെ ഗ്രൂപ്പുകൾ രൂപികരിച്ചു ഒരോ രോഗിക്കും ആവശ്യമായ ചികിത്സാ സഹായം എത്തിക്കുന്ന രീതിയാണ് . കഴിഞ്ഞ തൂവൽ സ്പര്ശത്തിന് ശേഷം നാല്പത്തഞ്ച് ചികിത്സാ സഹായ ഗ്രൂപ്പുകൾ വഴി 45 രോഗികൾക്ക് സഹായം നൽകി വരുന്നു

3. വിദ്യാഭ്യാസ സഹായ ഗ്രൂപ്പ്

പത്ത് പേർ അടങ്ങുന്ന നിരവധി ചെറുഗ്രൂപ്പുകളായി ചേർന്ന് മദേഴ്‌സ് ചാരിറ്റി 75 ൽ പരംആലംബഹീനരായ കുട്ടികൾക്ക് ഉപരിപഠനം അടക്കം വിദ്യാഭ്യാസം നൽകി വന്നിരുന്നു. ഇപ്പോൾ ഇരുപത് ഗ്രുപ്പുകൾ വഴിയായി ഇരുപത് കുട്ടികൾ ഉപരിപഠനം അടക്കം വിദ്യാഭ്യാസം നടത്തുന്നുണ്ട്.

4. ഷെയർ ദി ജോയ്

യുകെയിൽ ഉള്ള മദേഴ്‌സ് സഹയാത്രികരുടെ ജന്മദിനം, വിവാഹവാർഷികം തുടങ്ങിയ ആഘോഷാവസരങ്ങളിൽ ഒരു ചെറിയ തുക മദേഴ്‌സ് ചാരിറ്റി സ്വീകരിക്കുകയും ആ തുക ഓണവും ക്രിസ്മസും അടക്കമുള്ള ആഘോഷവേളകളിൽ ആഘോഷമില്ലാത്തവർക്കു ഭക്ഷണവും പുതുവസ്ത്രങ്ങളും വിതരണം ചെയ്യുന്നു. കേരളത്തിനെ പിടിച്ചു കുലുക്കിയ പ്രളയ സമയത്ത് കേരളത്തിലങ്ങോളം ദുരിതാശ്വാസപ്രവർത്തനങ്ങൾ നടത്തുവാൻ ഷെയർ ദി ജോയ് വഴി മദേഴ്‌സ് ചാരിറ്റിക്ക് കഴിഞ്ഞു.

5. റീനൽ കെയർ സപ്പോർട്ട്

കിഡ്‌നി രോഗത്താൽ വലയുന്ന അശരണരായ രോഗികൾക്ക് സഹായം നൽകുക എന്ന രീതിയിൽ രൂപീകരിച്ചതാണ് റീനൽ കെയർ സപ്പോർട്ട് ഗ്രൂപ്പ് . മദേഴ്‌സ് ചാരിറ്റിയുടെ ഗ്രുപ്പുകളിൽ പുതിയതായി തുടങ്ങിയ ഈ ഗ്രൂപ്പ് രൂപീകരിച്ചിട്ട് ആറുമാസമേ ആയിട്ടുള്ളൂ. ഓരോ മാസവും ഓരോ രോഗിയെ വീതം സഹായിക്കുന്നു. ഇതുവരെ ആറ് രോഗികളെ സഹായിക്കാൻ സാധിച്ചു .

നേതാക്കൾ ഇല്ലാത്ത ജനാധിപത്യപരമായി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് മദേഴ്‌സ് ചാരിറ്റി എന്നാൽ യുകെ ചാരിറ്റി കമ്മീഷൻ നിഷ്‌കർഷിക്കുന്ന രീതിയിൽ പ്രവർത്തനങ്ങൾ നടത്താൻ ട്രസ്റ്റിമാരും ഉപദേശകസമിതിയും ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു കൂടാതെ ലോകത്തിന്റെ പലഭാഗങ്ങളിൽ ഇരുന്ന് സോഷ്യൽ മീഡിയ ഉപയോഗിച്ച് അശരണർക്കും ആലംബഹീനർക്കും അത്താണിയാകുകയാണ് മദേഴ്സ് ചാരിറ്റിയുടെ കരുത്തുറ്റ കർമ്മോത്സുകരായ കോഡിനേറ്റേഴ്‌സ്. അവരാണ് മദേഴ്‌സ് ചാരിറ്റിയുടെ ചാരിറ്റിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്

Event Venue Address

Jubilee Hall

Bishop`s Waltham

Southampton SO32 1ED

 

Other News