Monday, 23 December 2024

സ്റ്റോം കിയാര ആഞ്ഞുവീശുന്നു. M61 ൽ മൾട്ടി വെഹിക്കിൾ ക്രാഷ്. നൂറു കണക്കിന് ഫ്ളൈറ്റുകൾ ക്യാൻസൽ ചെയ്തു. ട്രെയിനുകളും ഫെറികളും മുടങ്ങി. യുകെയിലെമ്പാടും അപകടങ്ങളും റോഡ് തടസവും പവർകട്ടും.

കനത്ത നാശനഷ്ടങ്ങൾ വിതച്ച് കഴിഞ്ഞ ഏഴു വർഷങ്ങളിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റ് ബ്രിട്ടണിൽ വീശിയടിക്കുന്നു. യൂറോപ്പിലേയ്ക്കും യൂറോപ്പിൽ നിന്ന് ബ്രിട്ടീഷ് എയർപോർട്ടുകളിലേയ്ക്കുമുള്ള നിരവധി ഫ്ളൈറ്റുകൾ ക്യാൻസൽ ചെയ്തു. ലണ്ടൻ ഹീത്രു, ഗാറ്റ് വിക്ക്, സിറ്റി എയർപോർട്ടിൽ നിന്നുള്ള ഡസൻകണക്കിന് ഫ്ളൈറ്റുകളുടെ ഷെഡ്യൂളുകൾ താമസിച്ചാണ് ഓപ്പറേറ്റ് ചെയ്യുന്നത്. നൂറു കണക്കിന് ട്രെയിൻ, ഫെറി സർവീസുകൾ മുടങ്ങി. ട്രെയിൻ യാത്രകൾ കഴിയുന്നതും ഒഴിവാക്കണമെന്ന് റെയിൽ കമ്പനികൾ അഭ്യർത്ഥിച്ചു. സ്റ്റോം കിയാരയോടൊപ്പം കനത്ത മഴയും വെള്ളപ്പൊക്കവും പലയിടത്തും ജനജീവിതം ദുസഹമാക്കി. നിരവധി റോഡുകളിൽ വൃക്ഷങ്ങൾ വീണ് ഗതാഗതത്തിന് തടസമുണ്ടായിട്ടുണ്ട്.

80 മൈലോളം വേഗതയിലാണ് കാറ്റ് വീശുന്നത്. എൻവയേൺമെൻറ് ഏജൻസി 96 ഫ്ളഡ് വാർണിംഗുകളും 150 അലർട്ടുകളും പുറപ്പെടുവിച്ചിട്ടുണ്ട്. കനത്ത കാറ്റുമൂലം ഹംബർ ബ്രിഡ്ജ് ഇരു ദിശകളിലും അടച്ചിരിക്കുകയാണ്. നിരവധി സ്ഥലങ്ങളിൽ പവർ കട്ട് റിപ്പോർട്ട് ചെയ്തു. വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ പോലും പറ്റാത്ത സ്ഥിതിയാണ് പല സ്ഥലങ്ങളിലും. ബിന്നുകളും ഗാർഡൻ ഷെഡുകളും അടക്കമുള്ള വസ്തുക്കൾ കാറ്റിൽ പറന്നുയർന്ന് റോഡുകളിലും സമീപ പ്രദേശങ്ങളിലും പതിക്കുന്ന അപകടമായ അവസ്ഥയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

M61 ൽ ഉണ്ടായ ക്രാഷിൽ നിരവധി വാഹനങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. മോട്ടോർ വേയുടെ പല സെക്ഷനുകളിലും വെള്ളക്കെട്ടുണ്ടായിട്ടുണ്ട്. ബിബിസി 1 ലെ ബ്രോഡ്കാസ്റ്റിംഗ്‌ മോശമായ കാലാവസ്ഥയെ തുടർന്ന് ഇന്നു രാവിലെ തടസപ്പെട്ടു. മാഞ്ചസ്റ്റർ സിറ്റിയും വെസ്റ്റ് ഹാം യുണൈറ്റഡും തമ്മിലുള്ള ഇന്ന് ഉച്ചകഴിഞ്ഞ് ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടക്കാനിരുന്ന ഫുട്ബോൾ മത്സരം മാറ്റിവച്ചു. ഇംഗ്ലണ്ടും സ്കോട്ട്ലൻഡും തമ്മിലുള്ള സിക്സ് നേഷൻസ് മാച്ചും എക്സിറ്റർ ഹോഴ്സ് റേസും ലണ്ടൻ 10K വിന്റർ റണ്ണും കൊടുങ്കാറ്റിനെത്തുടർന്ന് മാറ്റി വച്ചിട്ടുണ്ട്.

 

 

Other News