Monday, 16 September 2024

യുകെ വിസയ്ക്കുള്ള ത്രെഷോൾഡ് സാലറി കുറയ്ക്കണമെന്ന ശുപാർശ ഗവൺമെന്റ് നടപ്പാക്കിയേക്കുമെന്ന് സൂചന. തീരുമാനം വെള്ളിയാഴ്ചത്തെ ക്യാബിനറ്റ് മീറ്റിംഗിൽ.

നിലവിലുള്ള ഇമിഗ്രേഷൻ ചട്ടങ്ങളിൽ മാറ്റം വരുത്താൻ ഗവൺമെന്റ് ഗൗരവകരമായി ആലോചിക്കുന്നതായി സൂചന ലഭിച്ചു. വെള്ളിയാഴ്ചത്തെ ക്യാബിനറ്റ് മീറ്റിംഗിൽ ഇതുമായി ബന്ധപ്പെട്ട മാറ്റങ്ങൾ പ്രധാനമന്ത്രി ബോറിസ് ജോൺസണും ഹോം സെക്രട്ടറി പ്രിറ്റി പട്ടേലും അവതരിപ്പിച്ച് അംഗീകാരം നേടുമെന്നാണ് അറിയുന്നത്. ദൃഡവും എന്നാൽ ന്യായപൂർവ്വവുമായ ഒരു ഇമിഗ്രേഷൻ സംവിധാനം കൊണ്ടുവരുവാനാണ് ഗവൺമെന്റ് ആലോചിക്കുന്നത്. ത്രെഷോൾഡ് സാലറി 30,000 പൗണ്ടിൽ നിന്ന് 25,600 പൗണ്ടാക്കാനാണ് ആലോചന നടക്കുന്നത്.

യൂറോപ്യൻ യൂണിയന് പുറത്തു നിന്ന് ജോബ് വിസയ്ക്ക് ശ്രമിക്കുന്നവർക്കാണ് ത്രെഷോൾഡ് സാലറിയിലുള്ള ജോബ് ഓഫർ നിലവിൽ വേണ്ടത്. ബ്രെക്സിറ്റ് ട്രാൻസിഷൻ പീരിയഡിനു ശേഷം യൂറോപ്യൻ രാജ്യക്കാർക്കും ഇത് ബാധകമാക്കാനാണ് ബ്രിട്ടൺ പദ്ധതിയിടുന്നത്. സ്കിൽ ഷോർട്ടേജ് ഉള്ള മേഖലകളിൽ സാലറി, ത്രെഷോൾഡ് നിരക്കിൽ താഴെയാണെങ്കിൽ പോലും ഇംഗ്ലീഷിലുള്ള പ്രാവീണ്യം, അധിക വിദ്യാഭ്യാസ യോഗ്യത എന്നിവ വഴി പോയിന്റുകൾ നേടി വിസയ്ക്കുള്ള അടിസ്ഥാന യോഗ്യത നേടാൻ കഴിയുന്ന രീതിയിൽ ഇമിഗ്രേഷൻ നിയമങ്ങൾ മാറ്റുന്നതും പരിഗണനയിലുണ്ട്.

സ്കിൽഡ് ജോബുകൾക്കായി നിശ്ചയിച്ചിരിക്കുന്ന മിനിമം സാലറി വ്യവസ്ഥയിൽ ഇളവു വരുത്തണമെന്ന് കഴിഞ്ഞ മാസം മൈഗ്രൻറ് അഡ് വൈസറി ബോർഡിന്റെ റിപ്പോർട്ടിൽ ഗവൺമെന്റിനോട് ശുപാർശ ചെയ്തിരുന്നു. യൂറോപ്യൻ യൂണിയന് പുറത്തു നിന്ന് ഉള്ളവർക്ക് യുകെയിൽ കുറഞ്ഞത് 30,000 പൗണ്ട് സാലറിയിലുള്ള ജോബ് ഓഫർ ഉണ്ടെങ്കിൽ മാത്രമേ വിസ ലഭിക്കുകയുള്ളൂ എന്നതാണ് നിലവിലെ നിയമം. ഇത് 25,600 പൗണ്ടായി കുറയ്ക്കണമെന്നാണ് കമ്മിറ്റി നിർദ്ദേശിച്ചത്. കൂടുതൽ ടീച്ചർമാരെയും നഴ്സുമാരെയും യുകെയിലേയ്ക്ക് ആകർഷിക്കാൻ ഇത് സഹായിക്കുമെന്നും സ്റ്റാഫ് ഷോർട്ടേജിനാൽ ബുദ്ധിമുട്ടുന്ന എൻഎച്ച്എസിന് സഹായകരമാകുമെന്നും കമ്മിറ്റി റിപ്പോർട്ടിൽ വിലയിരുത്തിയിരുന്നു. ബ്രെക്സിറ്റിനു ശേഷം ഓസ്ട്രേലിയൻ സ്റ്റൈൽ പോയിന്റ് ബേയ്സ്ഡ് സിസ്റ്റം നടപ്പാക്കുമെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചിരിക്കുന്നത്.

Other News