സ്റ്റാഫിന് കൊറോണ വൈറസ് സ്ഥിരീകരിച്ചതുമൂലം ബ്രൈറ്റണിലെ ജി പി സർജറി അടച്ചു. സ്ഥിതി നിയന്ത്രണ വിധേയമെന്നും പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും പബ്ളിക് ഹെൽത്ത് ഇംഗ്ലണ്ട്.
ബ്രൈറ്റണിലെ ജി പി സർജറിയിലെ സ്റ്റാഫിന് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രാക്ടീസ് താത്ക്കാലികമായി അടച്ചു. കൗണ്ടി ഓക്ക് മെഡിക്കൽ സെന്ററിലെ രോഗികൾക്ക് ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആശങ്കയുണ്ടെങ്കിൽ NHS 111 ൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. കൊറോണ വൈറസ് ഗൗരവകരമായ ഒരു ആരോഗ്യ സുരക്ഷാ പ്രശ്നമാണെങ്കിലും പബ്ളിക്കിന് മിതമായ റിസ്ക് മാത്രമേ നിലവിൽ ഉള്ളൂ എന്ന് പബ്ളിക് ഹെൽത്ത് ഇംഗ്ലണ്ട് കരുതുന്നു.
ഇതുവരെ എട്ടു പേർക്ക് യുകെയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ രണ്ടു പേർ ഹെൽത്ത് കെയർ സ്റ്റാഫാണ്. നോർത്താംപ്ടണിലെ ബ്രാക്ക്ലി മെഡിക്കൽ സെന്റർ സുരക്ഷാ മുൻകരുതലായി താത്കാലികമായി അടച്ചിരുന്നെങ്കിലും പിന്നീട് തുറന്നു. സൗത്താംപ്ടണിലെ സെന്റ് മേരീസ് ഇൻഡിപെൻഡന്റ് സ്കൂൾ മൂന്നു ദിവസത്തേയ്ക്ക് അടച്ചു. ഈ സ്കൂളിലെ സ്റ്റാഫ് ചൈനയിലേയ്ക്കുള്ള യാത്രയ്ക്കു ശേഷം രോഗബാധിതനായതിനെ തുടർന്നാണ് നടപടി.