Thursday, 19 September 2024

അടിയന്തിര ഭീകരവാദ വിരുദ്ധ നിയമം പാർലമെന്റിൽ പാസ്സാക്കാനുറച്ച് ബോറിസ് ജോൺസൺ

അടിയന്തിര ഭീകരവാദ വിരുദ്ധ നിയമം പാർലമെന്റിൽ പാസ്സാക്കിയെടുക്കാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഊർജിത നടപടികളാരംഭിച്ചു. ലണ്ടന്റെ തെക്കൻ പ്രദേശമായ സ്ട്രീതാമിൽ ഇൗ മാസം ആരംഭത്തിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന് ഭീകരവാദ വിരുദ്ധ നിയമം കൂടുതൽ ശക്തമാക്കാനാണ് എമർജൻസി ആന്റി- ടെറർ ലോ നടപ്പിലാക്കാൻ തീരുമാനമായത്. ഇതനുസരിച്ച് ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുക, മറ്റു നിരോധിത സംഘടനകളിൽ അംഗങ്ങളാകുക, ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളുടെ വിതരണം നടത്തുക, എന്നീ നിലകളിൽ തടവു ശിക്ഷ അനുഭവിക്കുന്നവരുടെ ശിക്ഷാ ഇളവിൽ ഇടപെടുന്നതിനും ഓട്ടോമാറ്റിക് റിലീസിങ്ങിൽ നിയന്ത്രണം ഏർപ്പെടുത്താനും പരോൾ ബോർഡിന് അധികാരം ലഭിക്കും.

സ്ട്രീതാം ഭീകരാക്രമണത്തിൽ പ്രതിയായ സുദേഷ് അമാൻ തടവു ശിക്ഷയിൽ ഇളവു കിട്ടി പുറത്തിറങ്ങിയ ശേഷം ആയിരുന്നു ആക്രമണം നടത്തിയത് എന്ന വാദം പുതിയ നിയമത്തിന് പാർലമെന്റിന്റെ അനുമതി നേടിയെടുക്കാൻ സഹായകമാകും. ഇൗ മാസം അവസാനത്തോടെ നടപടികൾ പൂർത്തിയാക്കി നിയമം പ്രാബല്യത്തിൽ വരുത്താൻ ആണ് ഗവൺമെന്റ് ശ്രമിക്കുന്നത്. അടിയന്തിര ഭീകരവാദ വിരുദ്ധ നിയമം പ്രാബല്യത്തിൽ വരുത്തുന്നത് വഴി ഭീകര വാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തടവു ശിക്ഷ അനുഭവിക്കുന്ന അൻപതോളം കുറ്റവാളികൾ ശിക്ഷയിൽ ഇളവു ലഭിച്ച് പുറത്തിറങ്ങുന്നത് തടയാൻ ഗവൺമെന്റിന് കഴിയും.

ഭീകരവാദം പ്രോത്സാഹിപ്പിച്ചതിനെ തുടർന്ന് തടവു ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് സാഹിർ ഖാൻ ഇൗ മാസം 28 നു ശിക്ഷയിൽ ഇളവ് ലഭിച്ച് പുറത്തിറങ്ങാനിരിക്കെയാണ് അടിയന്തിര ഭീകരവാദ വിരുദ്ധ നിയമം എത്രയും പെട്ടെന്ന് നടപ്പാക്കാൻ തീരുമാനമായത്. 

Other News