കോട്ടയം ഡി സി ബുക്സുമായി സഹകരിച്ച് നടത്തിയ മൂന്നാമത് യുക്കെ കഥ കവിത രചനാ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. റോയ് സി ജെ യുടെ 'ഡേവിഡ്' മികച്ച കഥ, പ്രിയകിരണിന്റെ 'എങ്കിലും' മികച്ച കവിത.
ഫെബ്രുവരി 22 നു ലണ്ടനില്‍ നടക്കുവാൻ പോകുന്ന സാഹിത്യോത്സവത്തിനു മുന്നോടിയായി കോട്ടയം ഡി സി ബുക്സിന്‍റെ സഹകരണത്തോടെ നടത്തിയ മൂന്നാമത് കഥ / കവിത രചന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. മികച്ച കഥയ്ക്ക് റോയ് സി ജെ യും മികച്ച കവിതയ്ക്ക് പ്രിയ കിരണും സമ്മാനാര്‍ഹാരായി. കഥയ്ക്കും കവിതയ്ക്കുമാണ് യൂകെയിലെ മലയാളികളില്‍ നിന്ന് കൃതികള്‍ ക്ഷണിച്ചത്. യുക്കെയില്‍ നടത്തുന്ന ഈ സാഹിത്യ മത്സരത്തിനെ എത്രകണ്ട് മലയാളികള്‍ ഇഷ്ട്ടപ്പെടുന്നു എന്നതിന് തെളിവായിരുന്നു ഇക്കുറിയും കഥയിലും കവിതയിലും ലഭിച്ച കൃതികള്‍ സൂചിപ്പിക്കുന്നത്.
കേരളത്തിലും അമേരിക്കയിലുമുള്ള സാഹിത്യമേഖലയിലെ പ്രഗല്ഭരായ മൂന്ന് വിധികര്‍ത്താക്കളാണ് രചനകള്‍ വിലയിരുത്തിയത്. രചയിതാക്കളുടെ പേരുകൾ നീക്കം ചെയ്തു അയച്ച പ്രസ്തുത സൃഷ്ട്ടികൾ മാർക്കിങ് സിസ്റ്റത്തിലൂടെയാണ് മാർക്കുകൾ രേഖപ്പെടുത്തിയത് . ഈ മൂന്നു വിധികർത്താക്കളുടെയും മാർക്കുകളുടെ അടിസ്ഥാനത്തിൽ ഓരോ വിഭാഗത്തിൽ നിന്നും മികച്ച അഞ്ചു വീതം വിജയികളെ തിരഞ്ഞെടുത്തു.
കഥാ മത്സര വിജയികള്‍:
കഥയില്‍ ഒന്നാമത്തെ മികച്ച രചനയായി തിരഞ്ഞെടുക്കപ്പെട്ടത് റോയ് സി ജെ എഴുതിയ 'ഡേവിഡ്' എന്ന കൃതിയാണ്. രണ്ടാമത്തെ മികച്ച രചനയായി തിരഞ്ഞെടുക്കപ്പെട്ടത് ആനി പാലിയത്ത് എഴുതിയ 'ഹര്‍ത്താല്‍ ' ആണ്. മികച്ച മൂന്നാമത്തെ കഥയായി തിരഞ്ഞെടുത്തത് ഡോക്ടര്‍ ഷാഫി മുത്തലിഫ് എഴുതിയ 'അക്മൽ മഖ്ദൂം' എന്ന കൃതിയാണ്. ലിന്‍സി വര്‍ക്കി എഴുതിയ 'ദ്രവശില' മികച്ച നാലാമത്തെ കൃതിയായി. മികച്ച അഞ്ചാമത്തെ കഥയായി തിരഞ്ഞെടുത്തത് ബീന ഡോണി എഴുതിയ 'വൈകി വന്ന സന്ദേശം ' എന്ന രചനയാണ്.
കവിതാ മത്സര വിജയികള്‍:
കവിതയില്‍ ഒന്നാമത്തെ മികച്ച രചനയായി തിരഞ്ഞെടുക്കപ്പെട്ടത് പ്രിയ കിരണ്‍ എഴുതിയ 'എങ്കിലും' എന്ന കൃതിയാണ്. രണ്ടാമത്തെ മികച്ച രചനയായി തിരഞ്ഞെടുക്കപ്പെട്ടത് ആനി പാലിയത്ത് എഴുതിയ 'പറയാ പ്രണയം' ആണ്. മികച്ച മൂന്നാമത്തെ കവിതയായി തിരഞ്ഞെടുത്തത് ഡോക്ടര്‍ ജോജി കുര്യാക്കോസ് എഴുതിയ 'കുടിയൊഴുപ്പിക്കല്‍' എന്ന കൃതിയാണ് . നാലാമത്തെ മികച്ച കൃതിയായി തിരഞ്ഞെടുത്തിരിക്കുന്നത് സത്യനാരായണന്‍ എഴുതിയ 'ശൂന്യത' എന്ന കവിതയാണ്. അഞ്ചാമത്തെ മികച്ച കൃതിയായി തിരഞ്ഞെടുത്തത് ഒരേ മാര്‍ക്ക് വന്ന രണ്ടു പേരുടേതാണ്. മോളി ഡെന്നീസ് , ബിനോയ് ജോസഫ് എന്നിവരാണ് അഞ്ചാം സ്ഥാനം പങ്കുവെച്ചത്.
കേരളത്തില്‍ അറിയപ്പെടുന്ന പത്രപ്രവര്‍ത്തകയും പ്രശസ്ത എഴുത്തുകാരിയുമായ സ്വപ്നാ നായര്‍, കേരളത്തിലെ അറിയപ്പെടുന്ന പ്രശസ്ത കവിയും ആകാശവാണി ലിറിസിസ്റ്റുമായ ഉണ്ണികൃഷ്ണന്‍ മീറ്റ്ന വാരിയര്‍ , ഒപ്പം ന്യൂ-യോര്‍ക്കില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന 'ചിങ്ങം കത്ത്' മാസികയുടെ മാനേജിങ് എഡിറ്ററുമായ സതീഷ് കുമാര്‍ എന്നിവരാണ് സമ്മാനത്തിന് അര്‍ഹമായ കൃതികള്‍ കണ്ടെത്തിയത്.
മത്സരാർത്ഥികൾ അയച്ചുതന്ന കൃതികള്‍ എല്ലാം മികച്ചനിലവാരമാണ് പുലര്‍ത്തിയത്. ആനുകാലികങ്ങളിലും ബ്ലോഗ്ഗുകളിലും സോഷ്യല്‍ മീഡിയായിലും മറ്റും എഴുതുകയും ഒപ്പം സ്വതന്ത്ര കൃതികള്‍ പ്രസ്ദ്ധീകരിക്കുകയും ചെയ്ത, കഴിവുള്ള എഴുത്തുകാരായിരുന്നു മിക്കവരും. ഇതിന് മുന്നേ നടത്തിയ രണ്ട് സാഹിത്യമത്സരങ്ങളില്‍ വിജയികളായവര്‍ ഇന്ന് സാഹിത്യമേഖലയില്‍ മുന്നിരയില്‍ സഞ്ചരിക്കുന്നു എന്നുള്ളത് അഭിമാനപൂര്‍വ്വം ഞങ്ങള്‍ സ്മരിക്കുന്നു. യുക്കെ മലയാളികള്‍ക്കായി ഇക്കുറി സാഹിത്യ മത്സരം സംഘടിപ്പിച്ചത് 'യുകെ റൈറ്റേഴ്‌സ് നെറ്റ് വർക്ക്,
അഥേനീയം റൈറ്റേഴ്സ് സൊസൈറ്റി യൂക്കെ, അഥേനീയം ലൈബ്രറി ഷെഫീൽഡ് എന്നിവ ചേര്‍ന്നാണ്. ഇത് മൂന്നാം തവണയാണ് കോട്ടയം ഡി സി ബുക്സ് യുക്കെ സാഹിത്യമത്സരങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നത്. മുന്‍ വര്‍ഷങ്ങളിലേത് പോലെ ഇക്കുറിയും സാഹിത്യ മത്സരത്തില്‍ അകമഴിഞ്ഞു ഞങ്ങളെ സഹായിച്ച കേരളത്തിലെയും ഇന്ത്യയിലെ തന്നെയും പ്രമുഖ പ്രസാധകരായ. കോട്ടയം DCബുക്സിന്‍റെയും കറന്‍റ് ബുക്സിന്‍റെയും മാനേജിങ് ഡയറക്റ്ററായ രവി ഡി സി യോടും ഡി സി ബുക്സിനോടുമുള്ള അകമഴിഞ്ഞ നന്ദി അറിയിക്കുന്നു.
മലയാളി അസ്സോസ്സിയേഷന്‍ ഓഫ് ദി യുക്കെയുടെയും മറ്റ് സാഹിത്യ സംഘടനകളുടെയും കൂട്ടായ്മ്മകളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന് മുന്നോടിയായി നടന്നുകൊണ്ടിരിക്കുന്ന സാഹിത്യ പ്രഭാഷണ പരമ്പരയില്‍ നിരവധി സാഹിത്യപ്രവര്‍ത്തകരും സാഹിത്യപ്രേമികളും പ്രഭാഷണങ്ങള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. ലണ്ടനിൽ വെച്ച് 2020 ഫെബ്രുവരി ഇരുപത്തിരണ്ടിനു യുക്കെ സാഹിത്യോത്സവം 2020 സംഘടിപ്പിക്കുന്നത്. അലൈഡ് മോര്‍ഗേജസ് HC24 എന്നിവരാണ് പരിപാടിയുടെ സ്പോണ്‍സര്‍മാര്‍ .
സാഹിത്യോല്‍സവവും സാഹിത്യ മത്സര വിജയികള്‍ക്കുള്ള ഡി സി ബുക്സിന്‍റെ സമ്മാനവും ഈ വരുന്ന 2020 ഫെബ്രുവരി 22ന് ലണ്ടനില്‍ മാനര്‍ പാര്‍ക്കിലുള്ള റോംഫോര്‍ഡ് റോഡിലെ മലയാളി അസ്സോസ്സിയേഷന്‍ ഓഫ് ദി യുക്കെയുടെ കേരള ഹൌസില്‍ വെച്ചു നല്‍കുന്നതായിരിക്കും. പരിപാടിയുടെ വിജയത്തിനായി എല്ലാ സാഹിത്യ സ്നേഹികളുടെയും സഹകരണം പ്രതീക്ഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ukvayanasala@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക.
പരിപാടി നടക്കുന്ന സമയം രാവിലെ പതിനൊന്ന് മണിമുതല്‍. സ്ഥലം. Malayalee Association of the UK, Kerala House, 671 Romford Road, Manor Park, LONDON, E12 5AD)