Tuesday, 09 July 2024

101 വയസുള്ള ഇറ്റാലിയൻ വംശജൻ യുകെയിൽ സെറ്റിൽമെൻ്റ് സ്റ്റാറ്റസിന് അപേക്ഷിച്ചപ്പോൾ അദ്ദേഹത്തിൻ്റെ മാതാപിതാക്കൾ ഐഡൻ്റിറ്റി തെളിയിക്കണമെന്ന് ഹോം ഓഫീസ്.

101 വയസുള്ള ഇറ്റാലിയൻ വംശജൻ യുകെയിൽ സെറ്റിൽമെൻ്റ് സ്റ്റാറ്റസിന് അപേക്ഷിച്ചപ്പോൾ അദ്ദേഹത്തിൻ്റെ മാതാപിതാക്കൾ ഐഡൻ്റിറ്റി തെളിയിക്കണമെന്ന് ഹോം ഓഫീസ് നിർദ്ദേശിച്ചു. ഇറ്റാലിയൻ വംശജനായ ജോവാനി പൾമിയറോ ബ്രെക്‌സിറ്റിനു ശേഷം യുകെയിൽ താമസിക്കാൻ അപേക്ഷിച്ചപ്പോഴാണ് സാങ്കേതിക തകരാർ കാരണം മാതാപിതാക്കളുടെ തിരിച്ചറിയൽ രേഖ ഹാജരാക്കാനുള്ള നിർദ്ദേശം വന്നത്.

1966 മുതൽ ലണ്ടനിൽ താമസിക്കുന്ന ജോവാനി, ലണ്ടന്റെ വടക്കൻ പ്രദേശത്തുള്ള ഇസ്ലിംഗ്ടണിലുള്ള ഒരു ഉപദേശക കേന്ദ്രത്തിൽ യൂറോപ്യൻ യൂണിയൻ സെറ്റിൽമെന്റ് പദ്ധതിക്കായി അപേക്ഷ നൽകിയപ്പോൾ തന്റെ അമ്മയുടെയും പിതാവിന്റെയും സാന്നിധ്യം ആവശ്യമാണെന്നു പൾമീയറോയെ അറിയിച്ചു. സാങ്കേതിക തകരാർ മൂലം കമ്പ്യൂട്ടർ അദ്ദേഹത്തിന്റെ ബയോ മെട്രിക് ഡാറ്റായിൽ ജനന വർഷം 1919 നു പകരം 2019 എന്ന് തെറ്റായി വ്യാഖ്യാനിച്ചു. ഹോം ഓഫീസുമായി ബയോ മെട്രിക് ഡാറ്റാ പങ്കിടുന്നതിന് യൂറോപ്യൻ യൂണിയൻ സെറ്റിൽഡ് സ്റ്റാറ്റസ് ആപ്പിലേക്ക് പാസ്പോർട്ട് സ്കാൻ ചെയ്തപ്പോഴാണ് കമ്പ്യൂട്ടർ ബഗ് ജോവാനിയുടെ പ്രായം ഒരു വയസ്സായി രേഖപ്പെടുത്തിയത്. 12 വയസ്സിൽ താഴെയുള്ളവർക്കാണ് മാതാപിതാക്കളുടെ താമസ വിശദാംശങ്ങൾ അപേക്ഷയിൽ രേഖപ്പെടുത്തേണ്ടതായിട്ടുള്ളത്.

ഇറ്റാലിയൻ വംശജരെ സഹായിക്കുന്ന ഒരു സന്നദ്ധ സംഘടനയുടെ പ്രവർത്തകനായ ദിമിത്രി സ്കാർലറ്റോ ഹോം ഓഫീസുമായി ബന്ധപ്പെടുകയും തുടർന്ന് ഹോം ഓഫീസ് തെറ്റ് മനസ്സിലാക്കി ഫോണിലൂടെ പൾമിയറോയുടെ ഐഡന്റിറ്റി വിശദാംശങ്ങൾ എടുത്തു. ഉടൻ തന്നെ 101 വയസുകാരനായി തന്നെ അപേക്ഷ പുനരാരംഭിക്കാമെന്ന് ഹോം ഓഫീസ് ഉറപ്പ് നൽകുകയും ചെയ്തു. 1966-ൽ യുകെയിലെത്തിയ പൾമിയറോ, പിക്കഡിലിയിലെ ഒരു റെസ്റ്റോറന്റിലും, പിന്നീട് 94 വയസ്സ് വരെ ഒരു ഫിഷ് ആൻഡ് ചിപ്പ് ഷോപ്പിലും രാത്രി 11 മണി വരെ ജോലിയിൽ ഏർപ്പെട്ടു. 75 വർഷത്തെ ദാമ്പത്യം 92 വയസ്സുള്ള ഭാര്യയുമായി പങ്കിടുന്ന ജോവാനി പൾമിയറോയ്ക്ക്‌ നാല് മക്കളും എട്ട്‌ പേരക്കുട്ടികളും പേരക്കുട്ടികളുടെ മക്കളായി പതിനൊന്നുപേരുമുണ്ട്.

Other News