Monday, 23 December 2024

പ്രണയിച്ചു കൊണ്ടേയിരിക്കും എന്ന് പറയുന്നത് കേൾക്കാനും പറയാനുമാണേറെയിഷ്ടം... വാലൻ്റയിൻസ് ദിനത്തിൽ പ്രണയകാവ്യവുമായി മോനി ഷിജോ.

ഇന്ന് ഫെബ്രുവരി 14... വാലന്റെയിൻസ് ഡേ... ലോകമെമ്പാടും പരിശുദ്ധ പ്രണയത്തിന്റെ സന്ദേശങ്ങൾ മനസുകൾ കൈമാറുന്ന ദിനം. പ്രണയ കാവ്യവുമായെത്തുന്നത്, ആൽബങ്ങളിലൂടെയും സാഹിത്യ രചനകളിലൂടെയും സംഗീത രംഗത്തും ഭാവാഭിനയത്തിലും തനതായ ശൈലിയെ പ്രണയിക്കുന്ന എൻഎച്ച്എസിൽ നഴ്സായ മോനി ഷിജോ.

പ്രണയകാവ്യം

ഓർമ്മകൾ ഓളങ്ങളായ്‌ വീണമീട്ടിയെന്നരികിലണയുമ്പോൾ
നിന്നോർമ്മകളെ മെല്ലെ തഴുകി തലോടിയതിൽ
പുൽകിയുണരാൻ വെമ്പുന്ന എൻ മനസ്സിൽ
നിന്നോടുള്ള പ്രണയവികാരമെൻ
ഹൃദയധമനികളെ തട്ടിയുണർത്തി
വീണ്ടുമെന്നിലുണർത്തുന്നു
ഒരോർമ്മപെടുത്തൽ പോലെ
എത്രഅഗാധമാണ് എനിക്ക്
നിന്നോടുള്ള പ്രണയമെന്ന്??

ഓർമ്മകൾ കൊളുത്തിയ ചിരാത്
തെളിഞ്ഞൊരാ നിമിഷമെൻ
മനം വെമ്പൽ കൊണ്ടിരുന്നു
നിന്നെ ഒരു നോക്ക് കാണുവാനായ്..
വേനൽ ചൂടിലും തണു ഈറൻ കാറ്റു
പൊഴിയുമൊരു മഴയ്ക്കായി കാത്തിരിക്കും
വേഴാമ്പൽ പോലെ...

പാലൊളി വിതറിയ പാതിരാവിൽ
നിൻ കരവലയത്തിലമർന്നു നിന്നൊരാ...
നേരമെൻ മനസ്സിലുദിച്ചു...
ഒരായിരം പൂർണ്ണചന്ദ്രന്മാർ
വശ്യതയൂറും പുഞ്ചിരി തൂകിനിൽക്കുമാ
ചന്ദ്രശോഭയേക്കാൾ വെണ്മയേറി....
പ്രണയപരവശ്യത്താൽ മിഴിപൂകി
നിന്നൊരാ..എന്നിലെ
കാമിനിയുടെ സുസ്മേരവദനം.

 

ആ ധന്യ മുഹൂർത്തത്തിന് സാക്ഷിയായ്....
പുഞ്ചിരി തൂകി ചന്ദ്രനും
വർണ്ണപകിട്ടു കൂട്ടി താരകങ്ങളും
നൃത്തമാടി അപ്സരസുകളും
പുഷ്പവൃഷ്ടി തൂകി ദേവഗണങ്ങളും
അനുഗ്രഹ വർഷം ചൊരിഞ്ഞു ദേവന്മാരും
അനുരാഗപുളകിതമായൊരാ
നിമിഷമാണനന്ദദായക നിമിഷം ..
പ്രണയ സാഫല്യമണഞ്ഞൊരാ നിമിഷം.

പ്രാണനാഥന്റെ സാമീപ്യവും അവനിൽ നിന്നും ആത്മാർത്ഥമായ സ്നേഹം ആഗ്രഹിക്കുകയും ആ മാറിൽ ചാരാൻ കൊതിക്കുന്നതും അവനായ് സ്വയം സമർപ്പിക്കുന്നതുമായ പ്രണയമാണ് അനശ്വര പ്രണയം. ആ പ്രണയത്തിൽ ഞാൻ വിശ്വസിക്കുന്നു. എനിക്ക് നിന്നോട് പ്രണയമായിരുന്നു എന്ന് പറയുന്നതിലുമുപരി ഞാനെപ്പോഴും നിന്നെ പ്രണയിച്ചു കൊണ്ടേയിരിക്കും എന്ന് പറയുന്നത് കേൾക്കാനും പറയാനുമാണേറെയിഷ്ടം.


മോനി ഷിജോ

Other News