ഡോക്ടറെ കാണാൻ മുൻഗണന ലഭിക്കാൻ കൊറോണ വൈറസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച സ്ത്രീ അറസ്റ്റിൽ.
ഹോങ്കോങ്ങിൽ സന്ദർശനം കഴിഞ്ഞ് മടങ്ങി വന്നതാണെന്നും കൊറോണ വൈറസിൻ്റെ ലക്ഷണങ്ങളുണ്ടെന്നും പറഞ്ഞ് അധികൃതരെ മണിക്കൂറുകളോളം ഭയാശങ്കയിലാക്കിയ സ്ത്രീ അറസ്റ്റിലായി. ബ്രസീലിലെ റിയോഡി ജനീറോയിലാണ് സംഭവം. ഹോങ്കോങ്ങിൽ ജോലി ചെയ്യുകയാണെന്നും രോഗ ബാധയുണ്ടെന്നുമാണ് 39 കാരിയായ ക്ലൗഡിയ മരിയ റോസാ ഡാ സിൽവാ പറഞ്ഞത്. ഇവരെ ഉടൻ തന്നെ പ്രത്യേക റൂമിലാക്കി ടെസ്റ്റുകൾ നടത്തി. ഉടൻ തന്നെ ഹെൽത്ത് അതോറിറ്റി അലർട്ട് പുറപ്പെടുവിച്ചു. ബ്രസീലിൻ്റെ ഹെൽത്ത് മിനിസ്ട്രി പൊതുജനങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ട അറിയിപ്പും നല്കി.
തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഇവർ വിദേശത്ത് പോയിട്ടില്ലെന്ന് കണ്ടെത്തിയത്. ഇവരുടെ കുടുംബത്തെയും അധികൃതർ ചോദ്യം ചെയ്തിരുന്നു. ഡോക്ടർ സർജറിയിലെ ക്യൂ ഒഴിവാക്കാൻ തങ്ങൾ മെനഞ്ഞെടുത്ത കഥയാണിതെന്ന് അവർ സമ്മതിച്ചു. ഇതേത്തുടർന്ന് സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.