മാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ ക്ലബിനെ യൂറോപ്യൻ ക്ലബ് മത്സരങ്ങളിൽ നിന്ന് അടുത്ത രണ്ടു സീസണിൽ വിലക്കി. കൂടാതെ 25 മില്യൺ പൗണ്ട് ഫൈനും. വരുമാന നഷ്ടം 170 മില്യൺ പൗണ്ട്.
മാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ ക്ലബിനെ യൂറോപ്യൻ ക്ലബ് മത്സരങ്ങളിൽ നിന്ന് അടുത്ത രണ്ടു സീസണിൽ വിലക്കിക്കൊണ്ട് യുവേഫ ഉത്തരവ് പുറപ്പെടുവിച്ചു. കൂടാതെ 25 മില്യൺ പൗണ്ട് ഫൈനും അടയ്ക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനും പുറമേ രണ്ടു സീസണിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ സാധിക്കാതെ വരുന്നതുമൂലം 170 മില്യൺ പൗണ്ട് വരുമാനവും നഷ്ടപ്പെടും. യുവേഫയുടെ ക്ലബ് ലൈസൻസിംഗ് ആൻഡ് ഫൈനാൻഷ്യൽ ഫെയർ പ്ളേ റെഗുലേഷൻസ് പാലിക്കുന്നതിൽ ക്ലബ് ഗുരുതരമായ വീഴ്ച വരുത്തിയെന്ന് കണ്ടതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. യുവേഫയുടെ തീരുമാനത്തിനെതിരെ മാഞ്ചസ്റ്റർ സിറ്റിയ്ക്ക് കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്ടിൽ അപ്പീൽ നല്കാവുന്നതാണ്.
ഫുട്ബോൾ ക്ലബ്ബുകളുടെ ഫിനാൻസ് കൺട്രോൾ ബോഡിയായ ഇൻഡിപെൻഡൻ്റ് അഡ്ജുഡിക്കേറ്റർ ചേമ്പറാണ് മാഞ്ചസ്റ്റർ സിറ്റി ചട്ടലംഘനം നടത്തിയതായി കണ്ടെത്തിയത്. ക്ലബ് സ്പോൺസർഷിപ്പ് റവന്യൂ പെരുപ്പിച്ച് കാണിച്ചതായും 2012 നും 2016 നും ഇടയിൽ സമർപ്പിച്ച കണക്കുകളിൽ ക്രമക്കേടുകൾ ഉണ്ടായിരുന്നതായും അഡ്ജുഡിക്കേറ്റർ ചൂണ്ടിക്കാണിച്ചു. 2014ലും മാഞ്ചസ്റ്റർ സിറ്റി യുവേഫയുടെ നടപടി നേരിട്ടിരുന്നു. അന്ന് 49 മില്യൺ പൗണ്ടാണ് പിഴ നൽകേണ്ടി വന്നത്.