ബ്രിട്ടണിൽ കൊറോണ വൈറസിന് ചികിത്സയിലായിരുന്ന ഒൻപതിൽ എട്ടു പേരും ഡിസ്ചാർജ് ആയി. വിറാലിൽ ഐസൊലേഷനിലുണ്ടായിരുന്ന 94 പേരും വീടുകളിലേയ്ക്ക് മടങ്ങി.
കൊറോണ വൈറസ് കേസുകൾ ബ്രിട്ടണിൽ നിയന്ത്രണ വിധേയമെന്ന് പബ്ളിക് ഹെൽത്ത് ഇംഗ്ലണ്ട്. കൊറോണ വൈറസിന് ചികിത്സയിലായിരുന്ന ഒൻപതിൽ എട്ടു പേരും ഡിസ്ചാർജ് ആയി. ഇവർക്ക് രണ്ടു തവണ ടെസ്റ്റ് നടത്തിയിരുന്നു. രണ്ടിലും റിസൽട്ട് നെഗറ്റീവ് ആയിരുന്നു. ഇവരിൽ വുഹാനിൽ നിന്നെത്തിയ യുകെയിലെ ആദ്യ കൊറോണ വൈറസ് പേഷ്യൻ്റും ഉൾപ്പെടുന്നു. വിറാലിൽ ഐസൊലേഷനിലുണ്ടായിരുന്ന എല്ലാവരും വീടുകളിലേയ്ക്ക് മടങ്ങിയിട്ടുണ്ട്. ആദ്യ ബാച്ചിലെ 83 പേർ കഴിഞ്ഞയാഴ്ചയും 11 പേർ കഴിഞ്ഞ ദിവസവും ടെസ്റ്റ് റിസൽട്ടിൽ രോഗമില്ല എന്ന് സ്ഥിരീകരിച്ചതിനു ശേഷം ക്വാരൻ്റിനിൽ നിന്ന് വിമുക്തരായി.
മിൽട്ടൺ കീൻസിൽ 150 ഓളം പേർ ഇപ്പോഴും ഐസൊലേഷനിൽ ഉണ്ട്. ഇവിടെയുള്ള ഒരു കോൺഫറൻസ് സെൻ്ററിൽ ആണ് ഇവരുടെ താമസം. ഇവർ വുഹാനിൽ നിന്ന് എത്തിയ മൂന്നാമത്തെ ബാച്ചിൽ പെട്ടവരാണ്. യുകെയിൽ രോഗം സ്ഥിരീകരിക്കപ്പെട്ട ഒൻപതാമത്തെയാൾ ലണ്ടനിലെ സെൻ്റ് തോമസ് ഹോസ്പിറ്റലിൽ ആണ് ചികിത്സയിൽ കഴിയുന്നത്. രോഗമുക്തരായി വീടുകളിലേയ്ക്ക് മടങ്ങിയവർ മൂലം പബ്ളിക്കിന് ഹെൽത്ത് റിസ്ക് ഇല്ലെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് അറിയിച്ചു.