Wednesday, 22 January 2025

കൊറോണ വൈറസ് പൊട്ടി പുറപ്പെട്ടതുമായി ബന്ധപ്പെട്ട് യുകെയിൽ വംശീയ ആക്രമണം. തായ് ടാക്സ് കൺസൾട്ടന്റ് ആക്രമിക്കപ്പെട്ടു.

കൊറോണ വൈറസ് പൊട്ടി പുറപ്പെട്ടതുമായി ബന്ധപ്പെട്ട് യുകെയിൽ വംശീയ ആക്രമണം റിപ്പോർട്ട് ചെയ്തു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടനിൽ നടന്ന വംശീയ ആക്രമണങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യത്തെ കേസാണിത്. കൗമാരക്കാരായ രണ്ടുപേർ ചേർന്നാണ് ലണ്ടനിൽ ജോലി ചെയ്യുന്ന 24 കാരനായ തായ്‌ ടാക്സ് കൺസൾട്ടന്റ്, പവാത് സിലാവറ്റാക്കുൻ എന്ന യുവാവിനെ ' കൊറോണ വൈറസ് ' എന്ന് ആക്രോശിച്ചു കൊണ്ട് ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തത്. ആക്രമണത്തിൽ മൂക്കിന് സാരമായി പരിക്കേറ്റ പവാത് ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ജോലിയിൽ നിന്ന് അവധിയെടുക്കുകയും ചെയ്യേണ്ടി വന്നു.

ഫെബ്രുവരി എട്ട് ശനിയാഴ്ച തെക്കു പടിഞ്ഞാറൻ ലണ്ടനിലെ താമസ സ്ഥലത്തേക്ക്‌ മടങ്ങും വഴിയുള്ള പ്രാദേശിക ഹൈ സ്ട്രീറ്റിൽ ബസിറങ്ങി റോഡ് ക്രോസ്സ് ചെയ്യാൻ നിൽക്കുമ്പോഴായിരുന്നു പവാതിന് നേരെ ആക്രമണം. 'കൊറോണ വൈറസ്, കൊറോണ വൈറസ് ഹാ ഹാ, കൊറോണ വൈറസ്, കൊറോണ വൈറസ് ' എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു ആക്രമികൾ പവാതിനെ ഉപദ്രവിക്കാൻ തുടങ്ങിയത്. നോയ്‌സ് ക്യാൻസലേഷൻ ഹെഡ്ഫോൺ ഉപയോഗിച്ചിരുന്നതു കൊണ്ട് ആദ്യം അവ്യക്തമായി കേട്ട ശബ്ദം എന്താണെന്ന് ശ്രദ്ധിക്കാൻ ഹെഡ്ഫോൺ മാറ്റിയപ്പോഴേക്കും അക്രമികളിൽ ഒരാൾ പവാതിന്റെ ഹെഡ്ഫോൺ തട്ടിപ്പറിച്ച് ഓടുകയും ചെയ്തു. ഏകദേശം 50 മീറ്ററോളം പിന്നാലെ ഓടിയ പവാതിൻെറ മൂക്കിൽ ആക്രമി ശക്തിയായി ഇടിച്ചു പരിക്കേൽപ്പിക്കുകയുമാണ് ഉണ്ടായതെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചു.

സംഭവം നടന്നത് ജനസാന്ദ്രതയേറിയ ഒരു ട്രാഫിക് ഐലൻഡിൽ ആണെങ്കിലും തുടക്കത്തിൽ ആരും തന്നെ തിരിഞ്ഞു നോക്കുകയോ ശ്രദ്ധിക്കുകയോ ചെയ്തില്ല എന്ന് പവാത്‌ പറഞ്ഞു. മൂക്കിനേറ്റ ശക്തമായ പ്രഹരത്തെ തുടർന്ന് രക്തസ്രാവം ഉണ്ടാവുകയും സഹായത്തിനായി നിലവിളിക്കുകയും ചെയ്ത് കുറച്ച് സമയത്തിന് ശേഷമാണ് രണ്ടുപേർ പവാതിനെ സഹായിക്കാനായി തുനിഞ്ഞത്. ആക്രമികൾ ഓടി രക്ഷപ്പെടാൻ തുനിയാതിരുന്നതു കൊണ്ട് തന്നെ അവരുടെ ചിത്രങ്ങൾ എടുക്കാനും പോലീസിന് കൈമാറാനും പവാതിന്‌ കഴിഞ്ഞു.

കൊറോണ വൈറസ് ചൈനയിൽ നിന്ന് ലോകമെമ്പാടും പടർന്നുപിടിക്കുന്നതിനിടെയാണ് ഏഷ്യൻ വംശജരായ ആളുകളെ വംശീയമായി അധിക്ഷേപിക്കാനും ആക്രമിക്കാനും തുടങ്ങിയിരിക്കുന്നത്. കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും ഉളളവർ ലണ്ടനിലും മറ്റു സ്ഥലങ്ങളിലും ജാഗ്രത പുലർത്തണമെന്നും പവാത് അഭിപ്രായപ്പെടുന്നു. ഇപ്പോൾ വൈറലായ ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം തുടർന്നു: "നിങ്ങളെയൊന്നും ഭയപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ ഇത് എനിക്ക് ശരിക്കും സംഭവിച്ചു (മുന്നറിയിപ്പ്: ഞാൻ ആറടി ഉയരവും 24 വയസ്സുമുള്ള പുരുഷനാണ്.) അതിനാൽ, ജാഗ്രത പാലിക്കുക, ഒറ്റയ്ക്ക് പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിയ്ക്കുക."

ലോകാരോഗ്യ സംഘടന COVID-19 എന്ന് ഔദ്യോഗികമായി പേരിട്ട കൊറോണ വൈറസ് ഇതുവരെ 1,770 പേരുടെ മരണത്തിന് ഇടയാക്കിക്കഴിഞ്ഞു. ലോകത്താകമാനം 70,000 ത്തിലധികം ആളുകൾ രോഗ ബാധിതരായി എന്നാണ് ഔദ്യോഗിക കണക്കുകൾ പുറത്തു വിടുന്നത്. ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസിന്റെ ഉത്ഭവം.

ബ്രിട്ടനിൽ ഇതുവരെ ഒമ്പത് പേർക്ക് വൈറസ് ബാധ സ്ഥരീകരിച്ചതിൽ എട്ട് പേർ ഹോസ്പിറ്റൽ വിട്ടു. യുകെ അധികൃതർ കൊറോണ വൈറസ് പടരാതിരിക്കാൻ ചികിത്സാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

Other News