Wednesday, 22 January 2025

ലോകത്തെ ഏറ്റവും നൂതന കാലാവസ്ഥാ പ്രവചന സാങ്കേതിക വിദ്യ വികസിപ്പിക്കാൻ മെറ്റ് ഓഫീസ് സൂപ്പർ കമ്പ്യൂട്ടറിനായി 1.2 ബില്യൺ പൗണ്ട് ഗവൺമെന്റ് നിക്ഷേപം.

നിലവിലെ സാങ്കേതിക വിദ്യയേക്കാൾ 18 മടങ്ങ് വേഗത്തിൽ കാലാവസ്ഥയും കാലാവസ്ഥ വ്യതിയാനവും പ്രവചിക്കാൻ കഴിയുന്ന ഒരു സൂപ്പർ കമ്പ്യൂട്ടർ വികസിപ്പിക്കാൻ ഒരുങ്ങി യുകെ കാലാവസ്ഥ നിരീക്ഷണകേന്ദ്രമായ മെറ്റ് ഓഫീസ്. 1.2 ബില്യൺ പൗണ്ട് സർക്കാർ ധന സഹായത്തോടെ മെറ്റ് ഓഫീസ് വികസിപ്പിക്കുന്ന പുതിയ സാങ്കേതികവിദ്യ കാലാവസ്ഥാ പ്രവചനത്തിനായി ഉപയോഗിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ സംവിധാനം ആയിരിക്കുമെന്ന് അവകാശപ്പെടുന്നു.

നിലവിലെ സാങ്കേതിക വിദ്യ ഉപയോഗിച്ച് കിയാര, ഡെന്നിസ് കൊടുങ്കാറ്റുകൾ ആറുദിവസം മുൻകൂട്ടി പ്രവചിക്കാൻ കഴിഞ്ഞു. പക്ഷേ പുതിയ സാങ്കേതികവിദ്യ കൂടുതൽ ശക്തമായിരിക്കും. ലോകമെമ്പാടുമുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ, സമീപകാലങ്ങളിൽ ഇന്ത്യയിൽ ഉണ്ടായ രൂക്ഷമായ വെള്ളപ്പൊക്കം, ഓസ്‌ട്രേലിയയിലെ വിനാശകരമായ കാട്ടു തീ പോലുള്ളവ പ്രവചിക്കാൻ പുതിയ സൂപ്പർ കമ്പ്യൂട്ടറിനെ ഉപയോഗിക്കാൻ കഴിയും. 2050 ആകുന്നതോടെ നെറ്റ് സീറോ എമിഷൻ ലക്ഷ്യത്തിലെത്തുന്നതിനുള്ള സർക്കാർ നയത്തെ നയിക്കാനും ഇത് സഹായിക്കും.

“നമ്മുടെ ലോകോത്തര കാലാവസ്ഥാ കേന്ദ്രത്തിന്‌ ലഭിച്ച വലിയ വിശ്വാസ വോട്ടാണ്” ഈ നിക്ഷേപം എന്നാണ് യുകെയിലെ കാലാവസ്ഥാ സേവനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് പ്രൊഫസർ പെനെലോപ് എൻഡേഴ്സ്ബി ഇതിനെ വിശേഷിപ്പിച്ചത്. "കാലാവസ്ഥയും കാലാവസ്ഥ വ്യതിയാനങ്ങളും സംബന്ധിച്ച് കൂടുതൽ കൃത്യവും സമയബന്ധിതവും കൂടുതൽ പ്രാദേശികവൽക്കരിക്കപ്പെട്ടതുമായ കാലാവസ്ഥാ പ്രവചനങ്ങൾ നടത്താൻ ഈ സൂപ്പർ കമ്പ്യൂട്ടർ നമ്മളെ പ്രാപ്തമാക്കും. അതിലൂടെ ആളുകൾക്ക് അതിജീവിക്കാനും അഭിവൃദ്ധി പ്രാപിക്കാനും കഠിനമായ കാലാവസ്ഥയോ കാലാവസ്ഥാ വ്യതിയാനമോ നേരിടേണ്ടി വരുമ്പോൾ ഏറ്റവും ഉചിതമായ തീരുമാനങ്ങൾ എടുക്കാനും കഴിയും." എൻഡേഴ്സ്ബി പറഞ്ഞു.

വെള്ളപ്പൊക്ക പ്രതിരോധത്തിനുള്ള ഏറ്റവും ഉചിതമായ സ്ഥലങ്ങൾ നിർണ്ണയിക്കാൻ സൂപ്പർ കമ്പ്യൂട്ടർ സർക്കാരിനെ സഹായിക്കും. കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് ഏറ്റവും നേരത്തെ അറിയാൻ കഴിയുന്നത് വഴി അതിനെ പ്രതിരോധിക്കാനുള്ള ശക്തമായ നടപടികൾ എടുക്കാനും കഴിയും.

എന്നാൽ ഇത്തരം സാങ്കേതികവിദ്യയിൽ നിക്ഷേപം നടത്തുന്നത് പ്രധാനമാണെങ്കിലും കാലാവസ്ഥാ വ്യതിയാനത്തിന് പരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളിൽ നിക്ഷേപം നടത്തുന്നതു വഴി ഈ പ്രശ്‌നം കൂടുതൽ വഷളാകുന്നത് തടയുക എന്ന നയമാണ് കൂടുതൽ അഭികാമ്യമെന്ന് ആഗോള താപനത്തിനെതിരായി പ്രവർത്തിക്കുന്ന യുകെയുടെ ഏറ്റവും വലിയ ഗ്രൂപ്പായ ക്ലൈമറ്റ് കോലിഷനിലെ ക്ലാര ഗോൾഡ്‌സ്മിത്ത് അഭിപ്രായപ്പെട്ടു.

XAVIERS CHARTERED CERTIFIED  ACCOUNTANTS AND REGISTERED AUDITORS

 

Other News