കൊറോണ വൈറസ് ഭീതിയിൽ സ്കൂളുകൾ അടച്ചിടേണ്ടെന്ന പുതിയ മാർഗ്ഗ നിർദ്ദേശവുമായി പബ്ളിക് ഹെൽത്ത് ഇംഗ്ലണ്ട്.
കൊറോണ വൈറസ് ഉണ്ടെന്ന സംശയത്തെ തുടർന്ന് ജീവനക്കാരെയും വിദ്യാർത്ഥികളെയും വീട്ടിലേക്ക് അയയ്ക്കുകയോ സ്കൂളുകൾ അടയ്ക്കുകയോ ചെയ്യേണ്ടതില്ലെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുതിയ മാർഗ്ഗ നിർദ്ദേശവുമായി പബ്ളിക് ഹെൽത്ത് ഇംഗ്ലണ്ട്. സംശയാസ്പദമായ കേസിൽ COVID -19 പരിശോധനകൾ നടത്തുമ്പോൾ നിയന്ത്രണങ്ങളോ പ്രത്യേക നടപടികളോ ആവശ്യമില്ലെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് തിങ്കളാഴ്ച ഇറക്കിയ വിജ്ഞാപനത്തിൽ വിശദീകരിച്ചു.
കൊറോണ വൈറസ് ബാധ സംശയിക്കുന്ന ഒരു വിദ്യാർത്ഥിയോ സ്റ്റാഫ് അംഗമോ COVID- 19 ലബോറട്ടറി ടെസ്റ്റ് റിസൽട്ട് വരുന്നതു വരെ ഏതെങ്കിലും നടപടികൾക്ക് വിധേയരാകേണ്ടതില്ലെന്നും പബ്ളിക് ഹെൽത്ത് ഇംഗ്ലണ്ട് നിർദ്ദേശിക്കുന്നു. ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വൈറസ് ബാധ സ്ഥിരീകരിച്ചാൽ ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ് ഹെഡ് ടീച്ചറുമായി സംസാരിക്കുകയും തുടർ നടപടിയെടുക്കുകയും ചെയ്യും.
ബ്രൈറ്റൺ, ഹോവ്, ഈസ്റ്റ്ബോൺ എന്നിവിടങ്ങളിൽ കുറഞ്ഞത് ഏഴ് സ്കൂളുകളിലെങ്കിലും ഒരു സ്റ്റാഫ് അംഗമോ വിദ്യാർത്ഥിയോ 14 ദിവസത്തേക്ക് വീട്ടിൽ തന്നെ തുടരാൻ പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് പുതിയ മാർഗ്ഗ നിർദ്ദേശം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകിയത്.