Tuesday, 03 December 2024

ഉറ്റസുഹൃത്ത് ചികിത്സയ്ക്കായി സമാഹരിച്ചത് 230,000 പൗണ്ട്. ഏവരെയും ദു:ഖത്തിലാഴ്ത്തി 14 വയസ്സുകാരി ആഴ്ചകൾക്കുള്ളിൽ ബ്രെയിൻ ക്യാൻസറിന് കീഴടങ്ങി.

ഏവരെയും ദു:ഖത്തിലാഴ്ത്തി 14 വയസ്സുകാരി ആഴ്ചകൾക്കുള്ളിൽ ബ്രെയിൻ ക്യാൻസറിന് കീഴടങ്ങി. എസെക്സിലെ ബെൻ‌ഫ്ലീറ്റിൽ നിന്നുള്ള ലിലി വൈത്താണ് നിർണായക ചികിത്സയ്ക്കായി യുഎസിലേക്ക് പോകാനിരിക്കവെ അപൂർവ ബ്രെയിൻ ക്യാൻസറുമായുള്ള പോരാട്ടത്തിൽ ശനിയാഴ്ച രാവിലെ മരണപ്പെട്ടത്. സുഹൃത്തായ ലില്ലി കോട്ട്ഗ്രോവ് £300,000 ത്തോളം വരുന്ന ചികിത്സാ തുക സ്വരൂപിക്കാൻ ഫേസ്ബുക്കിൽ വൺ പൗണ്ട് വാരിയേഴ്‌സ് എന്ന ക്യാംപയിൻ നടത്തിയിരുന്നു.

പതിമൂന്ന് വയസുള്ള ലില്ലി കോട്‌ഗ്രോവ് നടത്തിയ ക്യാംപയിൻ വഴി ഏഴ് ദിവസത്തിനുള്ളിൽ 230,000 പൗണ്ട് ചികിത്സയ്ക്കായി സമാഹരിച്ച് ഏതാനും ആഴ്ചകൾക്കുള്ളിലാണ് ഈ ദാരുണമായ വാർത്ത വരുന്നത്. ഈസ്റ്റ് വുഡിൽ നിന്നുള്ള ലിലി വൈത്തിന്‌ അഞ്ച് മാസം മുമ്പാണ് രോഗ നിർണ്ണയം നടത്തിയത്. കുട്ടികളെ ബാധിക്കുന്ന 'ഏറ്റവും മാരകമായ ബാല്യകാല ക്യാൻസർ' എന്ന് വിശേഷിപ്പിക്കുന്ന DIPG ആയിരുന്നു ലിലി വൈത്തിന്. രോഗ നിർണ്ണയം നടത്തിയ കുട്ടികളിൽ 10% മാത്രമേ രണ്ട് വർഷത്തിനു മുകളിൽ ജീവിച്ചിരുന്നിട്ടുള്ളൂ എന്നാണ് റിപ്പോർട്ടുകൾ. കേന്ദ്ര നാഡീവ്യൂഹത്തിനെ ബാധിക്കുന്നതു കൊണ്ടാണ് DIPG കുട്ടികളെ ബാധിക്കുന്ന ഏറ്റവും മാരക ക്യാൻസറായി കരുതുന്നത്. തലച്ചോറിന്റെ കീഴ്ഭാഗത്ത് സ്പൈനൽ കോഡുമായി ബന്ധിപ്പിക്കുന്ന ബ്രെയിൻ സ്റ്റെമ്മിലാണ് DIPG യുടെ ആരംഭം.

യുകെയിൽ ലഭ്യമായ ഏക ചികിത്സ റേഡിയോ തെറാപ്പി മാത്രമായതുകൊണ്ടാണ് വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകാൻ വൈത്തു കുടുംബം തീരുമാനിച്ചത്. ജോനാഥൻ റോസ്, സ്റ്റീവൻ ജെറാർഡ്, സ്‌ട്രിക്റ്റ്‌ലി സ്റ്റാർസ്, യൂട്യൂബർ സാഫ്രോൺ ബാർക്കർ തുടങ്ങിയ സെലിബ്രിറ്റികളും ലില്ലി കോട്ട്ഗ്രോവ് തുടങ്ങിയ വൺ പൗണ്ട് വാരിയേഴ്‌സ് എന്ന ക്യാംപയിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എന്നിരുന്നാലും, കഴിഞ്ഞ വ്യാഴാഴ്ച ലിലി വൈത്തിനു രോഗം മൂർച്ചിക്കുകയും കേംബ്രിഡ്ജിലെ ആഡംബ്രൂക്ക്‌ പീഡിയാട്രിക് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്ന് ശനിയാഴ്ച രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. യുഎസ്സിലെ സിയാറ്റിലിൽ തുടർ ചികിത്സക്ക്‌ പോകുന്നതിൽ വളരെ ശുഭാപ്തി വിശ്വാസം വൈത്തിനുണ്ടായിരുന്നു എന്ന് സുഹൃത്തായ ലില്ലിയുടെ അമ്മ സാറാ കോട്ട്ഗ്രോവ് പറഞ്ഞു.

ലില്ലിയുടെ വൺ പൗണ്ട് വാരിയേഴ്‌സ് എന്ന ക്യാംപയിന്‌ മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഫണ്ട് സമാഹരണത്തിനിടെ ഒരുപാടുപേർ പെൻഷൻ തുകയും അതുപോലെ പോക്കറ്റ് മണിയും സംഭാവന ചെയ്തു. കൂടാതെ വൈത്തിനു വേണ്ടി കവിതകൾ എഴുതിയും ചിത്രം വരച്ചും കേക്കുകൾ ഉണ്ടാക്കിയും ഒരുപാടാളുകൾ സ്നേഹം പങ്കു വെയ്ക്കുകയും ചെയ്തു. ലിലി വൈത്തിന്റെ മരണ വാർത്തയറിഞ്ഞ് ബ്രെയിൻ ട്യൂമർ റിസർച്ചിന്റെ വക്താവ്, ഹഗ് ആഡംസ് തന്റെ അനുശോചനം രേഖപ്പെടുത്തി.

ക്യാൻസർ ഗവേഷണത്തിനു വേണ്ടി ധനസമാഹരണം നടത്തുന്നതിന് കൂടുതൽ ദൃഢ നിശ്ചയത്തോടെ ഗവൺമെന്റ് പ്രവർത്തിക്കേണ്ടത് വളരെ വലിയ പ്രാധാന്യം അർഹിക്കുന്നുണ്ടെന്നാണ് ലിലിയുടെ മരണം ഓർമ്മപ്പെടുത്തുന്നത് എന്നും ഹഗ് ആഡംസ് കൂട്ടിച്ചേർത്തു.

 

 

Other News