Tuesday, 09 July 2024

കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ ആമസോണ്‍ മേധാവി ജെഫ് ബെസോസ് പ്രഖ്യാപിച്ചത് 10 ബില്യൺ ഡോളർ.

പരിസ്ഥിതി സംരക്ഷണത്തിനായി പോരാടുന്നതിന് 10 ബില്യണ്‍ ഡോളര്‍ സംഭാവന ചെയ്യുമെന്ന് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് പ്രഖ്യാപിച്ചു. സംഭാവനകള്‍ പുതിയ ബെസോസ് എര്‍ത്ത് ഫണ്ട് വഴി ഈ വേനല്‍കാലം മുതല്‍ വിതരണം ചെയ്യാന്‍ തുടങ്ങുമെന്ന് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ജെഫ് അറിയിച്ചത്. കാലാവസ്ഥ വ്യതിയാനത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങളെ ചെറുക്കുന്നതിനുള്ള പുതിയ മാര്‍ഗങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനായി മറ്റുള്ളവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നാണ് ബെസോസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ശാസ്ത്രജ്ഞര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും മറ്റു ഗ്രൂപ്പുകള്‍ക്കും ധനസഹായം നല്‍കുന്നതിന് മുന്‍ഗണന നല്‍കുമെന്നും പോസ്റ്റില്‍ പറയുന്നു. ഒരുമിച്ച് പോരാടിയാല്‍ നമുക്ക് ഭൂമിയെ രക്ഷിക്കാന്‍ കഴിയും എന്ന പ്രത്യാശയോടെയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ബെസോസിന്റെ ആസ്തി 130 ബില്യണ്‍ ഡോളറിലധികം വരും. ഭവനരഹിതരായ കുടുംബങ്ങളെയും സ്‌കൂളുകളെയും സഹായിക്കുന്നതിന് 2018 സെപ്റ്റംബറില്‍ നല്കിയ 2 ബില്യണ്‍ ഡോളറായിരുന്നു ഈ തീരുമാനത്തിനു മുമ്പുള്ള അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്ന് ചില ആമസോണ്‍ ജീവനക്കാര്‍ അദ്ദേഹത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

Other News