Wednesday, 22 January 2025

ഇംഗ്ലീഷ് സംസാരിക്കുന്ന കുടിയേറ്റക്കാർ മതിയെന്ന് ബ്രിട്ടൺ. സാലറി ത്രെഷോൾഡ് £25,600 ആക്കി. നഴ്സിംഗ് സെക്ടറിൽ £20,480 വരെയാകാം. ജോബ് വിസയ്ക്ക് യൂറോപ്യൻ - നോൺ യൂറോപ്യൻ പൗരന്മാർക്ക് തുല്യപരിഗണന.

ബ്രിട്ടണിൽ പുതിയ ഇമിഗ്രേഷൻ നയം പ്രഖ്യാപിച്ചു. ഇംഗ്ലീഷ് സംസാരിക്കുന്ന കുടിയേറ്റക്കാർ യുകെയിലേയ്ക്ക് വന്നാൽ മതിയെന്ന് ഡോക്യുമെൻറിൽ പ്രത്യേക പരാമർശമുണ്ട്. യൂറോപ്യൻ - നോൺ യൂറോപ്യൻ പൗരന്മാർക്ക് തുല്യപരിഗണന നല്കുന്ന രീതിയിൽ ആണ് പുതിയ സംവിധാനം ഒരുങ്ങുന്നത്. ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ നിന്ന് പിന്മാറുന്ന ട്രാൻസിഷൻ പീരിയഡ് അവസാനിക്കുന്ന 2020 ഡിസംബർ 31 മുതൽ പുതിയ നയം പ്രാബല്യത്തിൽ വരും. ലോ - സ്കിൽഡ് വർക്കേഴ്സിന് ഇനി വിസ നല്കേണ്ടതില്ലെന്നതാണ് വരുത്തിയിരിക്കുന്ന പ്രധാന മാറ്റം. സ്കിൽഡ് ജോബ് ചെയ്യാൻ പ്രാപ്തിയുള്ള എട്ട് മില്യൺ ആളുകൾ സാമ്പത്തികമായി നിഷ്ക്രിയരായി ബ്രിട്ടണിൽ ഉണ്ടെന്നും അവർ തൊഴിൽ മേഖലയിൽ സജീവമാകാൻ ഉതകുന്ന രീതിയിലാണ് പുതിയ നയം നടപ്പാക്കുന്നതെന്ന് ഹോം സെക്രട്ടറി പ്രിതി പട്ടേൽ പറഞ്ഞു.

കൺസർവേറ്റീവ് പാർട്ടി ഇലക്ഷൻ മാനിഫെസ്റ്റോയിൽ പറഞ്ഞിരുന്ന പോയിൻറ് ബേസ്ഡ് സിസ്റ്റം നടപ്പിലാക്കുമെന്ന് ഹോം സെക്രട്ടറി അറിയിച്ചു. ഇതനുസരിച്ച് യുകെയിൽ ജോലി ചെയ്യുന്നതിന് 70 പോയിൻ്റ് നേടണം. ഇംഗ്ലീഷ് സംസാരിക്കുകയും ഒരു അപ്രൂവ്ഡ് സ്പോൺസറുടെ സ്കിൽഡ് ജോബ് ഓഫറുമുണ്ടെങ്കിൽ 50 പോയിൻറ് ലഭിക്കും. ഉയർന്ന വിദ്യാഭ്യാസ യോഗ്യത, സാലറി ഓഫർ, ഷോർട്ടേജ് കാറ്റഗറിയിലെ ജോലി എന്നിവ കൂടുതൽ പോയിൻ്റ് നേടിത്തരും. യൂറോപ്യൻ ഇക്കണോമിക് ഏരിയയിൽ നിന്നുള്ളവർക്ക് ബ്രിട്ടണിൽ താമസിക്കാനും ജോലി ചെയ്യാനുമുള്ള നിലവിലെ അവകാശം ബ്രെക്സിറ്റ് ട്രാൻസിഷനു ശേഷം നഷ്ടമാകും.

യുകെയിലേയ്ക്ക് വരാൻ വേണ്ട സാലറി ത്രെഷോൾഡ് 30,000 പൗണ്ടിൽ നിന്ന് 25,600 പൗണ്ടായി കുറച്ചിട്ടുണ്ട്. എന്നാൽ നഴ്സിംഗ്, സിവിൽ എഞ്ചിനീയറിംഗ്, സൈക്കോളജി, ക്ലാസിക്കൽ ബാലെറ്റ് ഡാൻസിംഗ്‌ എന്നിങ്ങനെയുള്ള പ്രത്യേക ഷോർട്ടേജ് ഒക്കുപ്പേഷൻ കാറ്റഗറിയിലുള്ളവർക്ക് കുറഞ്ഞ സാലറി 20,480 പൗണ്ട് മതിയാവും. യുകെയിലേയ്ക്ക് വരാവുന്ന സ്കിൽഡ് വർക്കേഴ്‌സിൻ്റെ എണ്ണത്തിൽ നിയന്ത്രണമില്ല.

എന്നാൽ പുതിയ നിയന്ത്രണം ഫാമിംഗ്, ഹെൽത്ത് കെയർ, ഫുഡ് മേഖകളിൽ വൻ പ്രതിസന്ധിയുണ്ടാക്കുമെന്ന് ഈ ഇൻഡസ്ട്രികളിൽ പ്രവർത്തിക്കുന്നവർ അഭിപ്രായപ്പെട്ടു. യൂറോപ്യൻ യൂണിയനിൽ നിന്ന് ലഭ്യമായിരുന്ന ലോ- പെയ്ഡ് വർക്കേഴ്സിനെ ഉപയോഗിച്ച് മുന്നോട്ടു പോയിരുന്ന വ്യവസായങ്ങൾ വേണ്ട വിധം തദ്ദേശീയരെ പരിശീലനം നല്കി തയ്യാറാക്കാതിരുന്നതും ഓട്ടോമേഷനായി ഇൻവെസ്റ്റ്മെൻറ് നടത്താതിരുന്നതും മൂലമാണ് ഇങ്ങനെയൊരു സ്ഥിതിവിശേഷം സംജാതമായതെന്ന് ഗവൺമെൻ്റ് വൃത്തങ്ങൾ അഭിപ്രായപ്പെട്ടു.

 

 

Other News