കൊറോണയിൽ തകർന്ന് ഐഫോണും. ലോകമെമ്പാടുമുള്ള ഐഫോൺ വിതരണം താൽക്കാലികമായി നിയന്ത്രിക്കുമെന്ന് ആപ്പിൾ.
ലോകമെമ്പാടുമുള്ള ഐഫോൺ വിതരണം താൽക്കാലികമായി നിയന്ത്രിക്കുമെന്ന് നിർമ്മാതാക്കളായ ആപ്പിൾ ഇൻകോർപറേറ്റഡ് അറിയിച്ചു. കൊറോണ ബാധയെ തുടർന്ന് ചൈനയില്‍ ആപ്പിളിന്റെ 42 സ്‌റ്റോറുകളും കമ്പനി അടച്ചിട്ടിരിക്കുകയായിരുന്നു. അമേരിക്കയിലെ ടെക്നോളജി ഭീമന്മാരിൽ പ്രധാനിയായ ആപ്പിളിനു പോലും കൊറോണ വൈറസിന്റെ പ്രത്യാഘാതങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നു എന്നത് ആഗോള സമ്പത്ത് വ്യവസ്ഥയിൽ ഇൗ ക്വാർട്ടറിൽ മാന്ദ്യം ഉണ്ടാകുമെന്ന സൂചനയാണ് നൽകുന്നത്. ഈ ക്വാർട്ടറിൽ 67 ബില്യൺ ഡോളർ വരെ വരുമാനം പ്രതീക്ഷിച്ചിരുന്ന ആപ്പിൾ ചൈനയിൽ അപ്രതീക്ഷിതമായി പകർച്ച വ്യാധി പിടിപെട്ടതിനെ തുടർന്ന് റവന്യൂ മാർഗ്ഗ നിർദ്ദേശങ്ങൾ ഇപ്പോൾ പിന്തുടരുന്നില്ലെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
സാധാരണ അവസ്ഥയിലേക്കുള്ള തിരിച്ചു വരവ് പ്രതീക്ഷിച്ചതിലും വളരെ സാവധാനത്തിൽ ആണെന്നും ടെക് ഭീമൻ വെളിപ്പെടുത്തി. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിപണിയായ ചൈനയിലെ മിക്ക സ്റ്റോറുകളും അടയ്ക്കുകയോ പ്രവർത്തന സമയം കുറയ്ക്കുകയോ ചെയ്തത് വിപണിയിൽ വലിയ മാന്ദ്യം വരുത്തിയിട്ടുണ്ട്. ഹുബെ പ്രവിശ്യയ്ക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന നിർമ്മാണ യൂണിറ്റുകൾ തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചിട്ടും അവയുടെ പ്രവർത്തനം പ്രതീക്ഷിച്ചതിലും മന്ദഗതയിലാണ്.
കഴിയുന്നത്ര സുരക്ഷിതമായി ക്രമേണ റീട്ടെയിൽ സ്റ്റോറുകൾ തുറന്നു പ്രവർത്തിക്കാനാണ് കമ്പനിയുടെ നീക്കമെന്നും പ്രസ്താവനയിൽ സൂചിപ്പിച്ചു. കൊറോണ വൈറസ് സമ്പത്ത് വ്യവസ്ഥയിൽ ഏൽപ്പിച്ച ആഘാതത്തിന്റെ വ്യാപ്തി ഭയപ്പെടുന്നതിനേക്കാൾ വളരെ ഭീമമാണ്. ചൈനയിൽ നിന്നുള്ള നിർമ്മാണ ഘടകങ്ങളുടെ കുറവ് കാരണം യുകെയിൽ ഉത്പാദനം കുറയ്ക്കുകയാണെന്ന് ഹെവി എക്യുപ്മെൻറ് നിർമാതാക്കളായ ജെസിബി യും കഴിഞ്ഞ ദിവസങ്ങളിൽ പ്രസ്താവന ഇറക്കുകയുണ്ടായി.