Wednesday, 22 January 2025

ബ്രെയിൻ സർജറിക്കിടെ വയലിൻ വായിച്ച് പേഷ്യൻ്റ്. അപൂർവ്വ ഓപ്പറേഷൻ നടന്നത് ലണ്ടനിലെ കിംഗ്സ് കോളജ് ഹോസ്പിറ്റലിൽ.

മ്യൂസിക്കൽ തിയറ്റർ എന്ന ആശയത്തിന് ഒരു പുതിയ അർത്ഥം നൽകുന്ന സംഭവമാണ് സൗത്ത് ലണ്ടനിലെ കിംഗ്സ് കോളേജ് ഹോസ്പിറ്റലിൽ ഇക്കഴിഞ്ഞ ജനുവരി 31 ന്‌ അരങ്ങേറിയത്. സംഗീതജ്ഞയായ ഡാഗ് മാർ ടർണർ വയലിൻ വായിക്കുമ്പോഴായിരുന്നു സർജൻ തലച്ചോറിൽ നിന്ന് ട്യൂമർ നീക്കംചെയ്തത്. ഐൽ ഓഫ് വൈറ്റിൽ നിന്നുള്ള മുൻ മാനേജ്‌മെന്റ് കൺസൾട്ടന്റ് ഡാഗ് മാറിന് 2013 ൽ ഒരു സിംഫണിക്കിടയിൽ വെച്ച് പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് തലച്ചോറിൽ സാവധാനത്തിൽ വളരുന്ന ട്യൂമർ കണ്ടെത്തിയത്. റേഡിയോ തെറാപ്പി ചെയ്തിരുന്നെങ്കിലും, പക്ഷേ പരിശോധനയിൽ കാൻസർ ഇപ്പോഴും വളരുകയാണെന്ന് കണ്ടെത്തിയതോടെ ശസ്ത്രക്രിയ ചെയ്ത് ട്യൂമർ നീക്കം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

ശസ്ത്രക്രിയ തന്റെ കൈകളുടെ ചലനത്തെ ബാധിക്കുമെന്ന് ഡാഗ് മാർ ഭയപ്പെട്ടു. പത്തു വയസ്സു മുതൽ വയലിൻ വായിക്കുന്ന ഡാഗ് മാറിനു അത്‌ ഉപേക്ഷിച്ചൊരു ജീവിതം ചിന്തിക്കാനേ പ്രയാസമായിരുന്നു. ന്യൂറോ സർജനും പിയാനിസ്റ്റുമായ പ്രൊഫസർ കിയോമാർസ് അഷ്കനുമായി സംസാരിക്കുകയും അതിനെ തുടർന്ന് അദ്ദേഹത്തിന്റെ ടീം ഡാഗ് മാറിന്റെ തലച്ചോറിനെ മാപ്പിംഗ് ചെയ്താണ് ട്യൂമർ നീക്കം ചെയ്തത്. ഏകദേശം രണ്ടു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ 90% ട്യൂമറും നീക്കം ചെയ്തതായി ഡോക്ടർ അഷ്‌കൻ അറിയിച്ചു.

ഡാഗ് മാറിന്റെ ഇടതു കൈയുടെ ചലനത്തെ സ്വാധീനിക്കുന്ന തലച്ചോറിന്റെ വലതു ഭാഗത്തായിരുന്നു ട്യൂമർ വളർന്നത്. കൈകളുടെ ചലനത്തെ ബാധിക്കാത്ത വിധത്തിലായിരുന്നു മാപ്പിംഗ് വഴി ശസ്ത്രക്രിയ നടത്തിയത്. വയലിൻ വായിക്കുമ്പോഴുണ്ടാകുന്ന കൈകളുടെ ചലനത്തെ സഹായിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങൾ മനസ്സിലാക്കുന്നതിന് വേണ്ടിയാണ് തലച്ചോർ തുറന്നുള്ള ശസ്ത്രക്രിയയിൽ ഡാഗ് മാറിനെ കൊണ്ട് വയലിൻ വായിപ്പിച്ചത്. പതിമൂന്ന് വയസ്സുള്ള ഒരാൺ കുട്ടിയുടെ അമ്മയാണ് അൻപത്തി മൂന്നുകാരിയായ ഡാഗ് മാര്‍ ടർണർ.

Other News